യാഗത്തിലല്ല കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കുകയില്ലായിരുന്നു. മനുഷ്യപുത്രനോ ശബ്ബത്തിന് കർത്താവാകുന്നു. അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന് ശബ്ബത്തിൽ സൌഖ്യമാക്കുന്നത് വിഹിതമോ? എന്നു അവനോട് ചോദിച്ചു. അവൻ അവരോട്: നിങ്ങളിൽ ഒരുവന് ഒരേയൊരു ആടുണ്ട് എന്നിരിക്കട്ടെ; അത് ശബ്ബത്തിൽ ആഴമുള്ളകുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ച് കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനേക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു നിയമാനുസൃതം തന്നെ എന്നു പറഞ്ഞു. പിന്നെ യേശു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അത് മറ്റേ കൈപോലെ സൌഖ്യമായി. പരീശന്മാരോ പുറപ്പെട്ടു അവനെ എങ്ങനെ കൊല്ലുവാൻ കഴിയും എന്നു അന്വേഷിച്ച് അവനു വിരോധമായി ഉപായം ചമച്ചു. യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേർ അവന്‍റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, തന്നെ മറ്റുള്ളവരുടെ മുൻപിൽ പ്രസിദ്ധമാക്കരുത് എന്നു അവരോട് ആജ്ഞാപിച്ചു. “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്‍റെ ദാസൻ, എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ പ്രിയൻ; ഞാൻ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വെയ്ക്കും; അവൻ ജനതകൾക്ക് ന്യായവിധി അറിയിക്കും. അവൻ മത്സരിക്കുകയില്ല, നിലവിളിക്കുകയില്ല; ആരും തെരുവീഥികളിൽ അവന്‍റെ ശബ്ദം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ ഒടിച്ചുകളയുകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. അവന്‍റെ നാമത്തിൽ ജനതകൾ പ്രത്യാശവെയ്ക്കും” എന്നിങ്ങനെ യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയായി.
മത്താ. 12 വായിക്കുക
കേൾക്കുക മത്താ. 12
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്താ. 12:7-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ