ലൂക്കൊ. 1:35-45

ലൂക്കൊ. 1:35-45 IRVMAL

അതിന് ദൂതൻ: ”പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും. നിന്‍റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം. ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” എന്നു ഉത്തരം പറഞ്ഞു. അതിന് മറിയ: ”ഇതാ, ഞാൻ കർത്താവിന്‍റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ” എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്നു, അവിടെ സെഖര്യാവിന്‍റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു. മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു, ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ”സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്‍റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്‍റെ കർത്താവിന്‍റെ മാതാവ് എന്‍റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി. നിന്‍റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്‍റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി. കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.”

ലൂക്കൊ. 1:35-45 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും