ലേവ്യ. 4
4
പാപശുദ്ധീകരണയാഗം
1യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 2“യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ഒരുവൻ അബദ്ധവശാൽ പാപംചെയ്ത് ആ വക വല്ലതും പ്രവർത്തിച്ചാൽ -
3അഭിഷിക്തനായ പുരോഹിതൻ#4:3 അഭിഷിക്തനായ പുരോഹിതൻ മഹാപുരോഹിതൻ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപംചെയ്തു എങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അർപ്പിക്കേണം. 4അവൻ ആ കാളയെ സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം. 5അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. 6പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്‍റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. 7പുരോഹിതൻ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവർഗ്ഗത്തിൻ ധൂപപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ ഉള്ള ഹോമയാഗപീഠത്തിൻ്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 8പാപയാഗത്തിനുള്ള കാളയുടെ സകലമേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും അതിൽനിന്ന് നീക്കേണം. 9വൃക്ക രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും വൃക്കകളോടുകൂടി കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കേണം. 10സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതൻ ഹോമയാഗപീഠത്തിന്മേൽ അത് ദഹിപ്പിക്കേണം. 11കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി കാളയെ മുഴുവനും 12അവൻ പാളയത്തിനു പുറത്തു ചാരം ഇടുന്ന ശുദ്ധിയുള്ള സ്ഥലത്തുകൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയേണം; ചാരം ഇടുന്നിടത്തുവച്ചുതന്നെ അത് ചുട്ടുകളയേണം.
13“യിസ്രായേൽസഭ മുഴുവനും#4:13 യിസ്രായേൽസഭ മുഴുവനും കൂടിവന്ന യിസ്രായേൽജനം മുഴുവനും അബദ്ധവശാൽ പാപംചെയ്യുകയും ആ കാര്യം സഭയുടെ കണ്ണിന് മറഞ്ഞിരിക്കുകയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവർ പാപംചെയ്തു കുറ്റക്കാരായി തീരുകയും ചെയ്താൽ, 14ചെയ്ത പാപം അവർ അറിയുമ്പോൾ സഭ#4:14 സഭ കൂടിവന്ന യിസ്രായേൽജനം ഒരു കാളക്കിടാവിനെ പാപയാഗമായി അർപ്പിക്കേണം; സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട് 15സഭയുടെ മൂപ്പന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കുകയും വേണം. 16അഭിഷിക്തനായ പുരോഹിതൻ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം. 17പുരോഹിതൻ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം. 18അവൻ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്‍റെ കൊമ്പുകളിൽ രക്തം കുറെ പുരട്ടേണം; ശേഷിച്ച രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതില്‍ക്കലുള്ള ഹോമയാഗപീഠത്തിൻ്റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 19കാളക്കിടാവിൻ്റെ മേദസ്സൊക്കെയും അഭിഷിക്തനായ പുരോഹിതൻ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം. 20പാപയാഗത്തിനുള്ള കാളയെ, അഭിഷിക്തനായ പുരോഹിതൻ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെ തന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതൻ യിസ്രായേൽസഭയ്ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് സഭയോട് ക്ഷമിക്കും. 21പിന്നെ അവൻ കാളയെ പാളയത്തിനു പുറത്തുകൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.
22“ഒരു പ്രമാണി പാപംചെയ്യുകയും, ചെയ്യരുതെന്നു തന്‍റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീരുകയും ചെയ്താൽ 23അവൻ ചെയ്ത പാപം അവനു ബോദ്ധ്യമായി എങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി കൊണ്ടുവരേണം. 24അവൻ ആടിൻ്റെ തലയിൽ കൈവച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കേണം; അത് ഒരു പാപയാഗം. 25പിന്നെ പുരോഹിതൻ പാപയാഗത്തിന്‍റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിൻ്റെ കൊമ്പുകളിൽ പുരട്ടി ശേഷിച്ച രക്തം ഹോമയാഗപീഠത്തിൻ്റെ ചുവട്ടിൽ ഒഴിച്ചുകളയണം. 26ആൺകോലാടിൻ്റെ മേദസ്സൊക്കെയും അവൻ സമാധാനയാഗത്തിൻ്റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ പ്രമാണിയുടെ പാപംനിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
27“സാധാരണ ജനങ്ങളിൽ ഒരുവൻ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പാപംചെയ്ത് കുറ്റക്കാരനായി തീർന്നാൽ 28പാപം അവനു ബോദ്ധ്യമായി എങ്കിൽ അവൻ ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം. 29പാപയാഗമൃഗത്തിൻ്റെ തലയിൽ അവൻ കൈവച്ചശേഷം ഹോമയാഗത്തിൻ്റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കേണം. 30പുരോഹിതൻ അതിന്‍റെ രക്തം വിരൽകൊണ്ട് കുറെ എടുത്തു ഹോമയാഗപീഠത്തിൻ്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയണം. 31അതിന്‍റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സു എടുക്കുന്നതുപോലെ എടുത്ത് പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
32“അവൻ പാപയാഗമായി ഒരു ആട്ടിൻകുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ കൊണ്ടുവരേണം. 33പാപയാഗമൃഗത്തിൻ്റെ തലയിൽ അവൻ കൈവച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കേണം. 34പുരോഹിതൻ പാപയാഗത്തിന്‍റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിൻ്റെ കൊമ്പുകളിൽ പുരട്ടി, ശേഷിച്ച രക്തം ഒക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം. 35അതിന്‍റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിൻകുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവൻ എടുക്കേണം; പുരോഹിതൻ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവൻ ചെയ്ത പാപത്തിന് പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോട് ക്ഷമിക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ലേവ്യ. 4: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.