വിലാ. 1

1
യെരൂശലേമിന്‍റെ ദുഃഖം
1അയ്യോ, ജനനിബിഡമായിരുന്ന നഗരം#1:1 നഗരം യരുശലേം ജനരഹിതമായതെങ്ങനെ?
ജനതകളിൽ ശ്രേഷ്ഠയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ?
സംസ്ഥാനങ്ങളുടെ റാണിയായിരുന്നവൾ
അടിമയായിപ്പോയതെങ്ങനെ?
2രാത്രിയിൽ അവൾ കരഞ്ഞുകൊണ്ടിരിക്കുന്നു;
അവളുടെ കവിൾത്തടങ്ങളിൽ കണ്ണുനീർ കാണുന്നു;
അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
അവളുടെ സ്നേഹിതന്മാരൊക്കെയും ശത്രുക്കളായി അവൾക്ക് ദ്രോഹം ചെയ്തിരിക്കുന്നു.
3കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു;
അവൾ ജനതകളുടെ ഇടയിൽ പാർക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല;
അവളെ പിന്തുടരുന്നവരൊക്കെയും
ഞെരുക്കത്തിന്‍റെ മദ്ധ്യേ അവളെ എത്തിപ്പിടിക്കുന്നു.
4ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേയ്ക്കുള്ള വഴികൾ ദുഃഖിക്കുന്നു;
അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാർ നെടുവീർപ്പിടുന്നു;
അവളുടെ കന്യകമാർ ഖേദിക്കുന്നു;
അവൾക്കും വ്യസനം പിടിച്ചിരിക്കുന്നു.
5അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവൾക്ക് സങ്കടം വരുത്തിയതിനാൽ
അവളുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിച്ചു, അവളുടെ ശത്രുക്കൾ ശുഭമായിരിക്കുന്നു;
അവളുടെ കുഞ്ഞുങ്ങൾ ശത്രുവിന്‍റെ മുമ്പിൽ
പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
6സീയോൻപുത്രിയുടെ മഹത്വമൊക്കെയും
അവളെ വിട്ടുപോയി;
അവളുടെ പ്രഭുക്കന്മാർ പുൽമേട് കാണാത്ത
മാനുകളെപ്പോലെ ആയി;
പിന്തുടരുന്നവന്‍റെ മുമ്പിൽ
അവർ ശക്തിയില്ലാതെ നടക്കുന്നു.
7കഷ്ടതയുടെയും അലച്ചിലിന്‍റെയും കാലത്ത്
യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓർക്കുന്നു;
സഹായിക്കുവാൻ ആരുമില്ലാതെ അവളുടെ ജനം
ശത്രുവിന്‍റെ കയ്യിൽ അകപ്പെട്ടപ്പോൾ,
ശത്രുക്കൾ അവളെ നോക്കി
അവളുടെ നാശത്തിൽ പരിഹസിച്ചു.
8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ട് മലിനയായിരിക്കുന്നു;
അവളെ ബഹുമാനിച്ചവരൊക്കെയും
അവളുടെ നഗ്നത കണ്ടു അവളെ നിന്ദിക്കുന്നു;
അവളോ നെടുവീർപ്പിട്ട് കൊണ്ടു പിന്നോക്കം തിരിയുന്നു.
9അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു;
അവൾ ഭാവികാലം ഓർത്തില്ല;
അവൾ അതിശയമാംവണ്ണം വീണുപോയി;
അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
“യഹോവേ, ശത്രു വമ്പു പറയുന്നു;
എന്‍റെ സങ്കടം നോക്കേണമേ.”
10അവളുടെ സകലമനോഹരവസ്തുക്കളിന്മേലും
ശത്രു കൈവെച്ചിരിക്കുന്നു;
അങ്ങേയുടെ സഭയിൽ പ്രവേശിക്കരുതെന്ന് അങ്ങ് കല്പിച്ച ജനതകൾ
അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവൾ കണ്ടുവല്ലോ.
11അവളുടെ സർവ്വജനവും നെടുവീർപ്പിട്ടുകൊണ്ട് ആഹാരം തേടുന്നു;
വിശപ്പടക്കുവാൻ ആഹാരത്തിന് വേണ്ടി അവർ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുക്കുന്നു;
“യഹോവേ, നോക്കേണമേ
ഞാൻ നിന്ദിതയായിരിക്കുന്നത് കടാക്ഷിക്കേണമേ.”
12“കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?
യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക്
അവിടുന്ന് വരുത്തിയ വ്യസനം പോലെ
ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിൻ!”
13“ഉയരത്തിൽനിന്ന് അവിടുന്ന് എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു;
അത് കടന്നുപിടിച്ചിരിക്കുന്നു;
എന്‍റെ കാലിന് അവിടുന്ന് വല വിരിച്ച്, എന്നെ മടക്കിക്കളഞ്ഞു;
അവിടുന്ന് എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.”
14“എന്‍റെ അതിക്രമങ്ങളുടെ നുകം അവിടുന്ന് സ്വന്തകയ്യാൽ യോജിപ്പിച്ചിരിക്കുന്നു;
അവ എന്‍റെ കഴുത്തിൽ അമർന്നിരിക്കുന്നു; അവിടുന്ന് എന്‍റെ ശക്തി ക്ഷയിപ്പിച്ചു;
എനിക്ക് എതിർത്തുനില്ക്കുവാൻ കഴിയാത്തവരുടെ കയ്യിൽ
കർത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.”
15“എന്‍റെ നടുവിലെ സകല ബലവാന്മാരെയും
കർത്താവ് നിരസിച്ചുകളഞ്ഞു;
എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന്
അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി;
യെഹൂദാപുത്രിയായ കന്യകയെ
കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.”
16“ഇത് നിമിത്തം ഞാൻ കരയുന്നു;
എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു;
എന്‍റെ പ്രാണനെ തണുപ്പിക്കേണ്ട
ആശ്വാസപ്രദൻ എന്നോട് അകന്നിരിക്കുന്നു;
ശത്രു പ്രബലനായിരിക്കയാൽ
എന്‍റെ മക്കൾ നശിച്ചിരിക്കുന്നു.”
17സീയോൻ സഹായത്തിനായി കൈ നീട്ടുന്നു;
അവളെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു;
യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.
18“യഹോവ നീതിമാൻ; ഞാൻ അവിടുത്തെ കല്പനയോട് മത്സരിച്ചു;
സകല ജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്‍റെ വ്യസനം കാണേണമേ;
എന്‍റെ കന്യകമാരും യൗവനക്കാരും
പ്രവാസത്തിലേക്കു പോയിരിക്കുന്നു.”
19“ഞാൻ എന്‍റെ പ്രിയന്മാരെ വിളിച്ചു;
അവരോ എന്നെ ചതിച്ചു;
എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്
ആഹാരം തേടിനടക്കുമ്പോൾ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.”
20“യഹോവേ, നോക്കേണമേ; ഞാൻ വിഷമത്തിലായി,
എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു;
ഞാൻ കഠിനമായി മത്സരിക്കകൊണ്ട്
എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ അസ്വസ്ഥമായിരിക്കുന്നു;
പുറമേ വാൾ സന്തതിനാശം വരുത്തുന്നു;
വീട്ടിലോ മരണം തന്നെ.”
21“ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു;
എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല;
എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനർത്ഥം കേട്ടു,
അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു;
അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും;
അന്നു അവരും എന്നെപ്പോലെയാകും.”
22“അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ;
എന്‍റെ സകല അതിക്രമങ്ങളും നിമിത്തം അങ്ങ് എന്നോട് ചെയ്തതുപോലെ അവരോടും ചെയ്യേണമേ;
എന്‍റെ നെടുവീർപ്പ് വളരെയല്ലോ;
എന്‍റെ ഹൃദയം തളർന്നിരിക്കുന്നു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

വിലാ. 1: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക