ഇയ്യോ. 6
6
ഇയ്യോബ് ഉത്തരം പറയുന്നു
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2“അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!
എന്റെ വിപത്ത് സ്വരൂപിച്ച് #6:2 തുലാസ് - ഭാരം തൂക്കുന്ന ഉപകരണംതുലാസിൽ വച്ചെങ്കിൽ!
3അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും.
അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
4സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു;
അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു;
ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
5പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ?
തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
6രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ?
മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?
7തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത്
എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8“അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!
എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!
9എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
10അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു;
കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.
പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11ഞാൻ കാത്തിരിക്കേണ്ടതിന് എന്റെ ശക്തി എന്ത്?
ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?
12എന്റെ ബലം കല്ലിന്റെ ബലമോ?
എന്റെ മാംസം താമ്രമാകുന്നുവോ?
13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
രക്ഷ എന്നെ വിട്ടുപോയില്ലയോ?
14“ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും.
15എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
16നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു;
ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
18കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.
19തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു;
ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.
20പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു;
അവിടംവരെ ചെന്നു നാണിച്ചു പോകുന്നു.
21നിങ്ങളും ഇപ്പോൾ അതുപോലെ ആയി
വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
22എനിക്കു കൊണ്ടുവന്നു തരുവിൻ;
നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
23വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ;
നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ
എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24“എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം;
ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ.
25നേരുള്ള വാക്കുകൾക്ക് എത്ര ബലം!
നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
26വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ?
ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
27അനാഥന് നിങ്ങൾ ചീട്ടിടുന്നു;
സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
28“ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ;
ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29ഒന്നുകൂടി നോക്കുവിൻ#6:29 ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ് ; നീതികേട് ഭവിക്കരുത്.
ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നെ.
30എന്റെ നാവിൽ അനീതിയുണ്ടോ?
എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 6: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.