ഇയ്യോ. 4

4
തേമാന്യനായ എലീഫസ്
1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2“നിന്നോടു സംസാരിക്കുവാൻ ശ്രമിച്ചാൽ നീ മുഷിയുമോ?
എന്നാലും പറയാതിരിക്കുവാൻ ആർക്ക് കഴിയും?
3നീ പലരെയും ഉപദേശിച്ചു
തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
4വീഴുന്നവർക്ക് നിന്‍റെ വാക്ക് താങ്ങായി
കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.
5എന്നാൽ ഇപ്പോൾ നിനക്കതു സംഭവിക്കുമ്പോൾ നീ വിഷാദിക്കുന്നു;
നിനക്കതു തട്ടിയിട്ടു; നീ ഭ്രമിച്ചുപോകുന്നു.
6നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ?
നിന്‍റെ നടപ്പിന്‍റെ നിർമ്മലത നിന്‍റെ പ്രത്യാശയല്ലയോ?
7ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്‍?
നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?
8ഞാൻ കണ്ടിട്ടുള്ളത് അന്യായം ഉഴുതു
കഷ്ടത വിതയ്ക്കുന്നവർ അതുതന്നെ കൊയ്യുന്നു.
9ദൈവത്തിന്‍റെ ശ്വാസത്താൽ അവർ നശിക്കുന്നു;
അവിടുത്തെ കോപത്താൽ അവർ മുടിഞ്ഞുപോകുന്നു.
10സിംഹത്തിന്‍റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും
ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.
11സിംഹം ഇര കിട്ടാത്തതിനാൽ നശിക്കുന്നു;
സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു;
12“എന്‍റെ അടുക്കൽ ഒരു രഹസ്യവചനം എത്തി;
അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയിൽ കടന്നു.
13മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ
രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ,
14ഭയവും നടുക്കവും എന്നെ പിടിച്ചു.
എന്‍റെ അസ്ഥികൾ കുലുങ്ങിപ്പോയി.
15ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു
എന്‍റെ ദേഹത്തിനു രോമഹർഷം ഭവിച്ചു.
16ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു;
എങ്കിലും അതിന്‍റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല;
നിശ്ശബ്ദതയിൽ മന്ദമായൊരു സ്വരം ഞാൻ കേട്ടത്:
17'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ?
നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ?
18ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല;
തന്‍റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു.
19പൊടിയിൽ നിന്നുത്ഭവിച്ചു മൺപുരകളിൽ വസിച്ച്
പുഴുപോലെ ചതഞ്ഞുപോകുന്നവരിൽ എത്ര അധികം!
20ഉഷസ്സിനും സന്ധ്യക്കും മദ്ധ്യേ അവർ തകർന്നുപോകുന്നു;
ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു.
21അവരുടെ കൂടാരത്തിന്‍റെ കയറ് അറ്റുപോയിട്ട്
അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?'

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഇയ്യോ. 4: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക