ഇയ്യോ. 27

27
1ഇയ്യോബ് തുടർന്ന് പറഞ്ഞത്:
2“എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ,
എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ -
3എന്‍റെ പ്രാണൻ മുഴുവനും എന്നിലും
ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ -
4എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല;
എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല.
5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല;
മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല.
6എന്‍റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു;
എന്‍റെ ഹൃദയം എന്‍റെ ആയുസ്സിന്‍റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
7“എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും
എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.
8ദൈവം വഷളനെ ഛേദിച്ച് അവൻ്റെ പ്രാണനെ എടുത്തുകളഞ്ഞാൽ
അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
9അവനു കഷ്ടത വരുമ്പോൾ
ദൈവം അവന്‍റെ നിലവിളി കേൾക്കുമോ?
10അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ?
എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
11ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് ഞാൻ നിങ്ങളെ ഉപദേശിക്കും;
സർവ്വശക്തന്‍റെ ഉദ്ദേശ്യം ഞാൻ മറച്ചുവയ്ക്കുകയില്ല.
12നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കുന്നു;
നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്ത്?
13“ഇത് ദുർജ്ജനത്തിന് ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും
നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ.
14അവന്‍റെ മക്കൾ പെരുകിയാൽ അത് വാളിനായിട്ടത്രേ;
അവന്‍റെ സന്തതി അപ്പം തിന്ന് തൃപ്തരാകുകയില്ല.
15അവശേഷിച്ചവർ മഹാമാരിയ്ക്ക് ഇര ആകും;
അവരുടെ വിധവമാർ#27:15 അവരുടെ വിധവമാർ അവന്‍റെ വിധവമാർ വിലപിക്കുകയുമില്ല.
16“അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും
മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും
17അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും;
കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും.
18ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു;
കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ.
19അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്യുകയില്ല;
അവൻ കണ്ണ് തുറക്കുന്നു; അപ്പോൾ എല്ലാം ഇല്ലാതെയായിരിക്കും.
20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു;
രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു.
21കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു;
അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.
22ആ കാറ്റ്#27:22 ആ കാറ്റ് ദൈവം നിർത്താതെ അവനെ എറിയുന്നു;
അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
23മനുഷ്യർ അവന്‍റെനേരെ കൈകൊട്ടും:
അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ഇയ്യോ. 27: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക