ഇയ്യോ. 15
15
തേമാന്യനായ എലീഫസ്
1അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2“ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ?
അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ?
3അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും
ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ?
4എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു;
ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
5നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു;
ഉപായികളുടെ നാവ് നീ തിരഞ്ഞെടുത്തിരിക്കുന്നു.
6ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു;
നിന്‍റെ അധരങ്ങൾ തന്നെ നിന്‍റെനേരെ സാക്ഷീകരിക്കുന്നു.
7“നീയോ ആദ്യം ജനിച്ച മനുഷ്യൻ?
പർവ്വതങ്ങൾക്കും മുമ്പേ നീ പിറന്നുവോ?
8നീ ദൈവത്തിന്‍റെ ആലോചനസഭയിൽ കൂടിയിട്ടുണ്ടോ?
ജ്ഞാനം നിന്‍റെ അവകാശം ആണോ?
9ഞങ്ങൾക്കു അറിയാത്തതായി നിനക്കു എന്ത് അറിയാം?
ഞങ്ങൾക്കു മനസ്സിലാകാത്തതായി നീ എന്താണ് ഗ്രഹിച്ചിരിക്കുന്നത്?
10ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്;
നിന്‍റെ അപ്പനേക്കാൾ പ്രായം ചെന്നവർ തന്നെ.
11ദൈവത്തിന്‍റെ ആശ്വാസങ്ങളും
സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?
12നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്?
നിന്‍റെ കണ്ണ് ജ്വലിക്കുന്നതെന്ത്?
13നീ ദൈവത്തിന്‍റെ നേരെ തിരിയുകയും
നിന്‍റെ വായിൽനിന്ന് ഇങ്ങനെയുള്ള വാക്കുകൾ പുറപ്പെടുകയും ചെയ്യുന്നു.
14മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ?
സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
15തന്‍റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ;
സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല.
16പിന്നെ വെറുപ്പും വഷളത്തവുമുള്ളവനായി
വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ?
17“ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്ളുക;
ഞാൻ കണ്ടിട്ടുള്ളത് വിവരിച്ചുപറയാം.
18ജ്ഞാനികൾ അവരുടെ പിതാക്കന്മാരോടു കേൾക്കുകയും
മറച്ചുവയ്ക്കാതെ അറിയിക്കുകയും ചെയ്തതു തന്നെ.
19അവർക്കുമാത്രമാണല്ലോ ദേശം നല്കിയിരുന്നത്;
അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.
20ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു;
ഉപദ്രവകാരിക്ക് വച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നെ.
21ഭീകരശബ്ദം അവന്‍റെ ചെവിയിൽ മുഴങ്ങുന്നു;
സുഖമായിരിക്കുമ്പോൾ കവർച്ചക്കാരൻ അവന്‍റെനേരെ വരുന്നു.
22അന്ധകാരത്തിൽനിന്ന് മടങ്ങിവരുമെന്ന് അവൻ വിശ്വസിക്കുന്നില്ല;
അവൻ വാളിനിരയാകാൻ നിയമിക്കപ്പെട്ടിരിക്കുന്നു.
23അവൻ അപ്പം തെണ്ടിനടക്കുന്നു; ‘അത് എവിടെ കിട്ടും’ എന്നു ചോദിക്കുന്നു?
അന്ധകാരദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു.
24കഷ്ടവും മനഃപീഡയും അവനെ ഭയപ്പെടുത്തുന്നു;
പടക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
25അവൻ ദൈവത്തിന് വിരോധമായി കൈ ഉയർത്തി,
സർവ്വശക്തനോട് ധിക്കാരം കാട്ടിയതുകൊണ്ടു തന്നെ.
26തന്‍റെ പരിചകളുടെ തടിച്ച മുഴകളോടുകൂടി
അവൻ ശാഠ്യംകാണിച്ച് ദൈവത്തിന്‍റെ നേരെ പാഞ്ഞുചെല്ലുന്നു.
27അവൻ തന്‍റെ മുഖത്തെ മേദസ്സുകൊണ്ട് മൂടുന്നു;
തന്‍റെ അരക്കെട്ടിന് കൊഴുപ്പ് കൂട്ടുന്നു.
28അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ
കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു.
29അവൻ ധനവാനാകുകയില്ല;
അവന്‍റെ സമ്പത്ത് നിലനില്‍ക്കുകയില്ല;
അവരുടെ വിളവ് നിലത്തേക്കു കുലച്ചു മറികയുമില്ല.
30ഇരുളിൽനിന്ന് അവൻ അകന്നു പോകുകയില്ല;
അഗ്നിജ്വാല അവന്‍റെ കൊമ്പുകളെ ഉണക്കിക്കളയും;
തിരുവായിലെ ശ്വാസംകൊണ്ട് അവൻ കടന്നുപോകും.
31അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അതു സ്വയവഞ്ചനയത്രേ;
അവന്‍റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും.
32അവന്‍റെ ദിവസം വരും മുമ്പേ അത് നിവൃത്തിയാകും;
അവന്‍റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.
33മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്‍റെ പാകമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും.
ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
34അഭക്തന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും;
കൈക്കൂലിയുടെ കൂടാരങ്ങൾ തീയ്ക്കിരയാകും.
35അവർ കഷ്ടത്തെ ഗർഭംധരിച്ച് തിന്മയെ പ്രസവിക്കുന്നു;
അവരുടെ ഉദരം വഞ്ചനയെ ഉളവാക്കുന്നു.“
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോ. 15: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.