യോഹ. 8:31-47

യോഹ. 8:31-47 IRVMAL

തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ യഥാർത്ഥമായി എന്‍റെ ശിഷ്യന്മാരായി സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നു പറഞ്ഞു. അവർ അവനോട്: “ഞങ്ങൾ അബ്രാഹാമിന്‍റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നത് എങ്ങനെ?“ എന്നു ഉത്തരം പറഞ്ഞു. അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്‍റെ ദാസൻ ആകുന്നു. അടിമ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങൾക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും. നിങ്ങൾ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിന് നിങ്ങളിൽ ഇടം ഇല്ലാത്തതുകൊണ്ട് നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു. പിതാവിന്‍റെ അടുക്കൽ കണ്ടിട്ടുള്ളത് ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോട് കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോട്: “അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ്“ എന്നു ഉത്തരം പറഞ്ഞു. അതിന് യേശു അവരോട്: നിങ്ങൾ അബ്രാഹാമിന്‍റെ മക്കൾ എങ്കിൽ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങൾ ചെയ്യുന്നു എന്നു പറഞ്ഞു. അവർ അവനോട്: “ഞങ്ങൾ പരസംഗത്താൽ ജനിച്ചവരല്ല; ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നെ“ എന്നു പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു; ഞാൻ ദൈവത്തിന്‍റെ അടുക്കൽനിന്ന് വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു. എന്‍റെ വാക്കുകൾ നിങ്ങൾ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേൾക്കുവാൻ നിങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടത്രേ. നിങ്ങൾ പിശാചെന്ന പിതാവിന്‍റെ മക്കൾ; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്ത സ്വഭാവത്തിൽനിന്ന് എടുത്തു പറയുന്നു; എന്തുകൊണ്ടെന്നാൽ അവൻ ഭോഷ്ക് പറയുന്നവനും അതിന്‍റെ അപ്പനും ആകുന്നു. ഞാനോ സത്യം സംസാരിക്കുന്നു എന്നിട്ടും നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ച് ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്? ദൈവത്തിൽനിന്നുള്ളവർ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരല്ലായ്കകൊണ്ട് അവ കേൾക്കുന്നില്ല.

യോഹ. 8:31-47 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും