യിരെ. 6

6
യെരൂശലേമിന്മേലുള്ള ഉപരോധം
1“ബെന്യാമീൻമക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ;
തെക്കോവയിൽ കാഹളം ഊതുവിൻ;
ബേത്ത്-ഹഖേരെമിൽ തീ കൊണ്ടുള്ള ഒരടയാളം ഉയർത്തുവിൻ;
വടക്കുനിന്ന് അനർത്ഥവും മഹാനാശവും വരുന്നു.
2സുന്ദരിയും സുഖഭോഗിനിയുമായ
സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും.
3അവളുടെ അടുക്കൽ ഇടയന്മാർ ആട്ടിൻകൂട്ടങ്ങളോടുകൂടി വരും;
അവർ ചുറ്റും അവൾക്കെതിരെ കൂടാരം അടിക്കും;
അവർ ഓരോരുത്തൻ അവനവന്‍റെ സ്ഥലത്തു മേയിക്കും.”
4“അതിന്‍റെ നേരെ യുദ്ധത്തിനൊരുങ്ങുവിൻ! എഴുന്നേല്ക്കുവിൻ;
ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം!
അയ്യോ കഷ്ടം! നേരം വൈകിപ്പോയല്ലോ;
നിഴൽ നീണ്ടുവരുന്നു.
5എഴുന്നേല്ക്കുവിൻ! രാത്രിയിൽ നാം കയറിച്ചെന്ന്
അതിന്‍റെ അരമനകളെ നശിപ്പിക്കുക!”
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു:
“വൃക്ഷങ്ങൾ മുറിക്കുവിൻ!
യെരൂശലേമിനെതിരെ നിരോധനം ഉണ്ടാക്കുവിൻ!
സന്ദർശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നെ;
അതിന്‍റെ അകം മുഴുവനും പീഢനം നിറഞ്ഞിരിക്കുന്നു.
7കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ
അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു;
സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു;
എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു.
8യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും
ഞാൻ നിന്നെ ശൂന്യവും നിർജ്ജനപ്രദേശവും ആക്കാതെയും
ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്ളുക.”
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചുപറിക്കും;
മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ
വീണ്ടും വള്ളികളിലേക്കു നീട്ടുക.
10അവർ കേൾക്കുവാൻ തക്കവണ്ണം ഞാൻ ആരോട് സംസാരിച്ച് താക്കീത് നൽകേണ്ടു?
കാതുകൾ അടഞ്ഞു പോകയാൽ#6:10 കാതുകൾ അടഞ്ഞു പോകയാൽ കാതുകള്‍ക്ക് പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിക്കുവാൻ അവർക്ക് കഴിയുകയില്ല;
യഹോവയുടെ വചനം അവർക്ക് നിന്ദ്യമായിരിക്കുന്നു;
അവർക്ക് അതിൽ ഇഷ്ടമില്ല.
11ആകയാൽ ഞാൻ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അത് അടക്കിവച്ച് ഞാൻ തളർന്നുപോയി;
ഞാൻ അത് വീഥികളിലെ കുട്ടികളിന്മേലും
യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ചൊരിയും;
ഭർത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിക്കപ്പെടും.
12അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും
എല്ലാം അന്യന്മാർക്ക് ആയിപ്പോകും;
ഞാൻ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും”
എന്നു യഹോവയുടെ അരുളപ്പാടു.
13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു;
പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു.
14സമാധാനം ഇല്ലാതിരിക്കുമ്പോൾ, ‘സമാധാനം സമാധാനം’ എന്നു അവർ പറഞ്ഞ്,
എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.
15മ്ലേച്ഛത പ്രവർത്തിച്ചതുകൊണ്ട് അവർ ലജ്ജിക്കേണ്ടിവരും;
അവർ ലജ്ജിക്കുകയോ നാണം അറിയുകയോ ചെയ്തിട്ടില്ല;
അതുകൊണ്ട് വീഴുന്നവരുടെ ഇടയിൽ അവർ വീണുപോകും;
ഞാൻ അവരെ സന്ദർശിക്കുന്ന കാലത്ത് അവർ ഇടറിവീഴും”
എന്നു യഹോവയുടെ അരുളപ്പാടു.
16യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ വഴിയരികിൽ ചെന്നു നല്ലവഴി ഏതെന്ന് നോക്കുവിൻ;
പഴയ പാതകൾ ഏതെന്ന് ചോദിച്ച് അതിൽ നടക്കുവിൻ;
എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രമം ലഭിക്കും.”
അവരോ: “ഞങ്ങൾ അതിൽ നടക്കുകയില്ല” എന്നു പറഞ്ഞു.
17ഞാൻ നിങ്ങൾക്ക് കാവല്ക്കാരെ ആക്കി:
“കാഹളനാദം ശ്രദ്ധിക്കുവിൻ” എന്നു കല്പിച്ചു;
എന്നാൽ അവർ: “ഞങ്ങൾ ശ്രദ്ധിക്കുകയില്ല” എന്നു പറഞ്ഞു.
18“അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ;
സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്ളുക.”
19“ഭൂമിയേ, കേൾക്കുക; ഈ ജനം എന്‍റെ വചനങ്ങൾ ശ്രദ്ധിക്കാതെ
എന്‍റെ ന്യായപ്രമാണം നിരസിച്ചുകളഞ്ഞതുകൊണ്ട്,
ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി
അനർത്ഥം അവരുടെ മേൽ വരുത്തും.”
20“ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്ക് കൊണ്ടുവരുന്നത് എന്തിന്?
നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്ക് പ്രസാദമില്ല;
നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.”
21ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഈ ജനത്തിന്‍റെ മുമ്പിൽ തടങ്കൽപ്പാറകൾ വയ്ക്കും;
പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും;
അയല്ക്കാരനും കൂട്ടുകാരനും ഒരുമിച്ച് നശിച്ചുപോകും.”
22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു;
ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും.
23അവർ വില്ലും കുന്തവും എടുത്തിരിക്കുന്നു;
അവർ ക്രൂരന്മാർ; കരുണയില്ലാത്തവർ തന്നെ;
അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു;
സീയോൻ പുത്രീ, അവർ നിന്‍റെനേരെ യുദ്ധസന്നദ്ധരായി
ഓരോരുത്തനും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.”
24”അതിന്‍റെ വാർത്ത കേട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു;
നോവുകിട്ടിയ സ്ത്രീയെപ്പോലെ
മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.
25നിങ്ങൾ വയലിലേക്കു ചെല്ലരുത്;
വഴിയിൽ നടക്കുകയുമരുത്;
അവിടെ ശത്രുവിന്‍റെ വാൾ നിമിത്തം
ചുറ്റും ഭയം ഉണ്ട്.”
26എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്ത് വെണ്ണീറിൽ ഉരുളുക;
ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും നമ്മുടെനേരെ വരും.
27“നീ എന്‍റെ ജനത്തിന്‍റെ നടപ്പ് പരീക്ഷിച്ച് അറിയേണ്ടതിന്
ഞാൻ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും
മാറ്റുനോക്കുന്നവനും ആക്കിവച്ചിരിക്കുന്നു.
28അവരെല്ലാവരും മഹാമത്സരികൾ,
നുണപറഞ്ഞു നടക്കുന്നവർ;
അവർ ചെമ്പും ഇരിമ്പും തന്നെ;
അവരെല്ലാവരും വഷളത്തം പ്രവർത്തിക്കുന്നു.
29ഉല ഉഗ്രമായി ഊതുന്നു;
തീയിൽനിന്നു വരുന്നത് ഈയമത്രേ;
ഊതിക്കഴിക്കുന്ന പണി വെറുതെ;
ദുഷ്ടന്മാർ നീങ്ങിപ്പോകുന്നില്ലല്ലോ.
30യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട്
അവർക്ക് കറക്കൻവെള്ളി എന്നു പേരാകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെ. 6: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക