യിരെ. 46
46
മിസ്രയീമിനെക്കുറിച്ചുള്ള ഒരു സന്ദേശം
1ജനതകളെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്.
2മിസ്രയീമിനെക്കുറിച്ചുള്ളത്: യെഹൂദാ രാജാവായ യോശീയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ ഫ്രാത്ത് നദീതീരത്തെ കർക്കെമീശിൽ വച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ തോല്പിച്ചുകളഞ്ഞ ഫറവോൻ-നെഖോ എന്ന മിസ്രയീം രാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.
3“പരിചയും പലകയും ഒരുക്കി
യുദ്ധത്തിന് അടുത്തുകൊള്ളുവിൻ!
4കുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ!
പടത്തൊപ്പിയുമായി അണിനിരക്കുവിൻ;
കുന്തങ്ങൾ മിനുക്കി കവചങ്ങൾ ധരിക്കുവിൻ.
5അവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്?
അവരുടെ വീരന്മാർ വെട്ടേറ്റ്
തിരിഞ്ഞുനോക്കാതെ തിടുക്കത്തിൽ ഓടുന്നു!
സർവ്വത്രഭീതി” എന്നു യഹോവയുടെ അരുളപ്പാട്.
6“വേഗതയുള്ളവൻ ഓടിപ്പോകാതിരിക്കട്ടെ;
വീരൻ രക്ഷപെടാതിരിക്കട്ടെ;
വടക്ക് ഫ്രാത്ത് നദീതീരത്ത് അവർ ഇടറിവീഴും.
7നീലനദിപോലെ പൊങ്ങുകയും
നദികളിലെ വെള്ളംപോലെ അലറിപ്പായുകയും ചെയ്യുന്നോരിവനാർ?
8മിസ്രയീം നീലനദിപോലെ പൊങ്ങുകയും
അതിന്റെ വെള്ളം നദികൾപോലെ അലറിപ്പായുകയും
‘ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും
അതിലെ നിവാസികളെയും നശിപ്പിക്കും’ എന്നു പറയുകയും ചെയ്യുന്നു.
9കുതിരകളേ, കുതിച്ചു ചാടുവിൻ;
രഥങ്ങളേ, ഇരച്ചുകയറുവിൻ!
വീരന്മാർ പുറപ്പെടട്ടെ;
പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും
വില്ലെടുത്തു കുലക്കുന്ന ലൂദ്യരും കൂടെ.
10ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവ്
തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു;
വാൾ വേണ്ടുവോളം തിന്നുകയും
അവരുടെ രക്തം കുടിച്ചു മദിക്കുകയും ചെയ്യും;
വടക്ക് ഫ്രാത്ത് നദീതീരത്ത്
സൈന്യങ്ങളുടെ യഹോവയായ കർത്താവിന്
ഒരു ഹനനയാഗമുണ്ടല്ലോ.
11മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക;
നീ അനവധി ഔഷധങ്ങൾ വെറുതെ പ്രയോഗിക്കുന്നു;
നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല.
12ജനതകൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു;
നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു;
വീരൻ വീരനോട് ഏറ്റുമുട്ടി
രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!”
നെബൂഖദ്നേസരിന്റെ വരവ്
13ബാബേൽരാജാവായ നെബൂഖദ്നേസർ മിസ്രയീമിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്.
14“മിസ്രയീമിൽ പ്രസ്താവിച്ച് മിഗ്ദോലിൽ പ്രസിദ്ധമാക്കി,
നോഫിലും തഹ്പനേസിലും കേൾപ്പിക്കുവിൻ!
‘അണിനിരന്ന് ഒരുങ്ങിനില്ക്കുക’ എന്നു പറയുവിൻ!
വാൾ നിന്റെ ചുറ്റുമുള്ളവരെ നശിപ്പിച്ചുകളയുന്നുവല്ലോ.
15നിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്ത്?
യഹോവ അവരെ തള്ളിയിട്ടതുകൊണ്ട്
അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല.
16അവൻ പലരെയും ഇടറി വീഴുമാറാക്കി;
ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു;
“എഴുന്നേല്ക്കുവിൻ; നശിപ്പിക്കുന്ന വാളിൽനിന്ന് ഒഴിഞ്ഞ്
നാം സ്വജനത്തിന്റെ അടുക്കലേക്കും
ജന്മദേശത്തേക്കും മടങ്ങിപ്പോവുക” എന്നു അവർ പറയും.
17മിസ്രയീം രാജാവായ ഫറവോന്: ‘വിനാശം’ എന്നും
‘സമയം തെറ്റി വരുന്നവൻ’ എന്നും പേർ പറയുവിൻ!
18എന്നാണ, പർവ്വതങ്ങളിൽവച്ച് താബോർപോലെയും
കടലിനരികിലുള്ള കർമ്മേൽപോലെയും
നിശ്ചയമായിട്ട് അവൻ വരും”
എന്നു സൈന്യങ്ങളുടെ യഹോവ എന്ന് നാമമുള്ള രാജാവിന്റെ അരുളപ്പാട്.
19മിസ്രയീമിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാൻ ഒരുങ്ങുക;
നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.
20മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു;
എന്നാൽ വടക്കുനിന്ന് ഈച്ചപോലെ നാശം അതിന്മേൽ വരുന്നു.
21അതിന്റെ കൂലിപ്പടയാളികൾ അതിന്റെ മദ്ധ്യത്തിൽ
കൊഴുപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു;
അവരും പിന്തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി;
അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കുകയാൽ
അവർക്ക് നില്ക്കുവാൻ കഴിഞ്ഞില്ല.
22അതിന്റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ;
അവർ സൈന്യത്തോടുകൂടി നടന്ന്,
മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി
അതിന്റെ നേരെ വരും.
23അതിന്റെ കാട് തിങ്ങിയതായിരുന്നാലും
അവർ അതിനെ വെട്ടിക്കളയും” എന്നു യഹോവയുടെ അരുളപ്പാടു;
“അവർ വെട്ടുക്കിളികളെക്കാൾ അധികം;
അവർക്ക് സംഖ്യയുമില്ല.
24മിസ്രയീംപുത്രി ലജ്ജിച്ചുപോകും;
അവൾ വടക്കെ ജനതയുടെ കയ്യിൽ ഏല്പിക്കപ്പെടും.
25ഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും” എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 26ഞാൻ അവരെ, അവർക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്റെശേഷം പുരാതനകാലത്ത് എന്നപോലെ അതിന് നിവാസികൾ ഉണ്ടാകും” എന്നു യഹോവയുടെ അരുളപ്പാട്.
യഹോവ സ്വന്തജനത്തെ രക്ഷിക്കും
27എന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്;
യിസ്രായേലേ, നീ ഭ്രമിക്കരുത്;
ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ
അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും;
യാക്കോബ് മടങ്ങിവന്ന് സ്വസ്ഥമായും സ്വൈരമായും ഇരിക്കും;
ആരും അവനെ ഭയപ്പെടുത്തുകയുമില്ല.
28എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്;
ഞാൻ നിന്നോടുകൂടെ ഉണ്ടെന്ന്” യഹോവയുടെ അരുളപ്പാട്.
“നിന്നെ ഞാൻ എവിടേക്ക് ചിതറിച്ചുകളഞ്ഞുവോ
ആ സകലജനതകളെയും ഞാൻ നശിപ്പിച്ചുകളയും;
എങ്കിലും നിന്നെ ഞാൻ നശിപ്പിച്ചുകളയുകയില്ല;
ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും;
നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യിരെ. 46: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.