യിരെ. 41

41
1എന്നാൽ ഏഴാം മാസത്തിൽ രാജവംശജനും രാജാവിന്‍റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്‍റെ മകൻ യിശ്മായേൽ പത്തു ആളുകളുമായി മിസ്പയിൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ വന്നു; അവിടെ മിസ്പയിൽവച്ച് അവർ ഒന്നിച്ച് ഭക്ഷണം കഴിച്ചു. 2നെഥന്യാവിന്‍റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളുകളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിനെ വാൾകൊണ്ട് വെട്ടിക്കൊന്നു. 3മിസ്പയിൽ ഗെദല്യാവിന്‍റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും, അവിടെക്കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു.
4ഗെദല്യാവിനെ കൊന്നതിൻ്റെ രണ്ടാംദിവസം, അത് ആരും അറിയാതിരിക്കുമ്പോൾ തന്നെ, 5ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എണ്‍പതു പുരുഷന്മാർ താടി വടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേല്പിച്ചുംകൊണ്ട് വഴിപാടും കുന്തുരുക്കവുമായി യഹോവയുടെ ആലയത്തിലേക്ക് പോകുന്ന വഴി അവിടെ എത്തി. 6നെഥന്യാവിന്‍റെ മകൻ യിശ്മായേൽ മിസ്പയിൽനിന്നു പുറപ്പെട്ടു, കരഞ്ഞുംകൊണ്ട് അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോട്: “അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ വരുവിൻ” എന്നു പറഞ്ഞു. 7അവർ പട്ടണത്തിന്‍റെ നടുവിൽ എത്തിയപ്പോൾ നെഥന്യാവിന്‍റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളഞ്ഞു. 8എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോട്: “ഞങ്ങളെ കൊല്ലരുതേ; വയലിൽ ഗോതമ്പ്, യവം, എണ്ണ, തേൻ എന്നിവയുടെ ശേഖരങ്ങൾ ഞങ്ങൾ ഒളിച്ചുവച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് അവൻ സമ്മതിച്ച് അവരെ അവരുടെ സഹോദരന്മാരോടുകൂടി കൊല്ലാതെയിരുന്നു. 9യിശ്മായേൽ ഗെദല്യാവിനെയും കൂടെയുള്ളവരെയും കൊന്ന് ശവങ്ങൾ എല്ലാം ഇട്ടുകളഞ്ഞ കുഴി, ആസാ രാജാവ് യിസ്രായേൽ രാജാവായ ബയെശനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്‍റെ മകനായ യിശ്മായേൽ അത് മൃതദേഹങ്ങൾ കൊണ്ടു നിറച്ചു. 10പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയും രാജകുമാരികളെയും, അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ ചുമതലയിൽ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്‍റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടുപോകുവാൻ യാത്ര പുറപ്പെട്ടു.
11നെഥന്യാവിന്‍റെ മകൻ യിശ്മായേൽ ചെയ്ത ദോഷം എല്ലാം കാരേഹിന്‍റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോൾ 12അവർ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ട് നെഥന്യാവിന്‍റെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്യുവാൻ ചെന്നു; ഗിബെയോനിലെ വലിയ കുളക്കരയിൽ വച്ചു അവനെ കണ്ടെത്തി. 13യിശ്മായേലിനോടു കൂടി ഉണ്ടായിരുന്ന ജനമെല്ലാം കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു. 14യിശ്മായേൽ മിസ്പയിൽനിന്ന് ബദ്ധരാക്കി കൊണ്ടുപോയിരുന്ന സർവ്വജനവും തിരിഞ്ഞ്, കാരേഹിന്‍റെ മകനായ യോഹാനാന്‍റെ അടുക്കൽ വന്നു. 15നെഥന്യാവിന്‍റെ മകൻ യിശ്മായേലോ എട്ട് ആളുകളുമായി യോഹാനാന്‍റെ അടുക്കൽനിന്ന് രക്ഷപെട്ട് അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു.
16നെഥന്യാവിന്‍റെ മകൻ യിശ്മായേൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിനെ കൊന്നതിനുശേഷം, അവന്‍റെ കൈയിൽനിന്ന് കാരേഹിന്‍റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരും യിശ്മായേലിന്‍റെ പക്കൽ നിന്നു വിടുവിച്ച ജനശിഷ്ടത്തെയും, ഗിബെയോനിൽനിന്ന് തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും കൂട്ടികൊണ്ട് അവർ മിസ്പയിൽനിന്ന് 17കല്ദയരെ ഭയന്ന് മിസ്രയീമിൽ പോകുവാൻ യാത്ര പുറപ്പെട്ടു ബേത്ലേഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു. 18ബാബേൽരാജാവ് ദേശാധിപതിയാക്കിയ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിനെ നെഥന്യാവിന്‍റെ മകൻ യിശ്മായേൽ കൊന്നത് നിമിത്തമാണ് അവർ കല്ദയരെ ഭയന്നത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

യിരെ. 41: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക