ന്യായാ. 7:1-9

ന്യായാ. 7:1-9 IRVMAL

അനന്തരം ഗിദെയോൻ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനം ഒക്കെയും അതികാലത്ത് പുറപ്പെട്ടു ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. മോരേ കുന്നിനരികെ താഴ്വരയിൽ, മിദ്യാന്യരുടെ പാളയം അവർക്ക് വടക്ക് വരത്തക്കവണ്ണമായിരുന്നു അവർ പാളയമിറങ്ങിയത്. യഹോവ ഗിദെയോനോട്: “നിന്‍റെ കൂടെയുള്ള ജനം അധികമാകുന്നു; എന്നെ ഞാൻ തന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എനിക്കെതിരായി മഹത്വം എടുക്കാതിരിക്കേണ്ടതിന് ഞാൻ മിദ്യാന്യരെ ഇവരുടെ കയ്യിൽ ഏല്പിക്കയില്ല. ആകയാൽ നീ ചെന്നു ഭയവും ഭീരുത്വവും ഉള്ളവർ ഗിലെയാദ് പർവ്വതത്തിൽനിന്ന് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്ന് ജനത്തിൽ പ്രസിദ്ധപ്പെടുത്തുക” എന്നു കല്പിച്ചു. അപ്പോൾ ജനത്തിൽ ഇരുപത്തീരായിരം (22,000) പേർ മടങ്ങിപ്പോയി; പതിനായിരം (10,000) പേർ ശേഷിച്ചു. യഹോവ പിന്നെയും ഗിദെയോനോട്: “ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരീക്ഷിക്കും; നിന്നോടുകൂടെ പോരേണ്ടവൻ ആരെന്നും അല്ലാത്തവൻ ആരെന്നും ഞാൻ കല്പിക്കും” എന്നു പറഞ്ഞു. അങ്ങനെ അവൻ ജനത്തെ വെള്ളത്തിങ്കലേക്ക് കൊണ്ടുപോയി. യഹോവ ഗിദെയോനോട്: “പട്ടി കുടിക്കുംപോലെ നാവുകൊണ്ട് വെള്ളം നക്കി കുടിക്കുന്നവരെയൊക്കെ വേറെയും, കുടിക്കുവാൻ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറെയും മാറ്റിനിർത്തുക” എന്നു കല്പിച്ചു. കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവർ ആകെ മുന്നൂറു (300) പേർ ആയിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിക്കുവാൻ മുട്ടുകുത്തി കുനിഞ്ഞു. യഹോവ ഗിദെയോനോട്: “നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്‍റെ കയ്യിൽ ഏല്പിക്കും. ശേഷം ജനമൊക്കെയും തങ്ങളുടെ സ്ഥലങ്ങളിലേക്ക് മടങ്ങി പോകട്ടെ” എന്നു കല്പിച്ചു. അങ്ങനെ ജനം ഭക്ഷണസാധനങ്ങളും കാഹളങ്ങളും എടുത്തു; ശേഷം യിസ്രായേല്യരെ അവൻ വീട്ടിലേക്കു പറഞ്ഞയക്കുകയും ആ മുന്നൂറുപേരെ കൂടെ നിർത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു. അന്ന് രാത്രി യഹോവ അവനോട് കല്പിച്ചത്: “എഴുന്നേറ്റ് പാളയത്തിന്‍റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിനക്ക് ഏല്പിച്ചിരിക്കുന്നു.