ന്യായാ. 5
5
ദെബോരായുടെയും ബാരാക്കിന്‍റെയും ഗാനം
1അന്ന് ദെബോരായും അബീനോവാമിന്‍റെ മകൻ ബാരാക്കും പാടിയ പാട്ട് എന്തെന്നാൽ:
2“യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും#5:2 യിസ്രായേലിന്‍റെ നേതാക്കന്മാര്‍ യിസ്രായേല്‍ മക്കളെ നയിച്ചതിനും യഹോവ യിസ്രായേലിനു നീതി സ്ഥാപിച്ചു
ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ.
3“രാജാക്കന്മാരേ, കേൾപ്പീൻ; പ്രഭുക്കന്മാരേ, ചെവിതരുവീൻ;
ഞാൻ പാടും യഹോവയ്ക്ക് ഞാൻ പാടും;
യിസ്രായേലിൻ ദൈവമായ യഹോവയ്ക്ക് ഞാൻ കീർത്തനം പാടും.
4യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ,
ഏദോമ്യദേശത്തുകൂടി അങ്ങ് നടകൊണ്ടപ്പോൾ,
ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു,
മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി,
യിസ്രായേലിൻ ദൈവമായ യഹോവയ്ക്കു മുമ്പിൽ ഈ സീനായി തന്നെ.
6“അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും,
യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി.
വഴിപോക്കർ ചെറു വഴികളിൽ നടന്നു.
7ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ,
യിസ്രായേലിൽ മാതാവായെഴുന്നേല്‍ക്കുംവരെ
നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
8അവർ നൂതനദേവന്മാരെ നമിച്ചു; കവാടത്തിങ്കൽ യുദ്ധം ഭവിച്ചു.
യിസ്രായേലിന്‍റെ നാല്പതിനായിരത്തിൻ മദ്ധ്യേ
പരിചയും കുന്തവും കണ്ടതേയില്ല.
9എന്‍റെ ഹൃദയം ജനത്തോടൊപ്പം സ്വമേധാസേവകരായ
യിസ്രായേൽനായകന്മാരോട് ചേരുന്നു;
യഹോവയെ വാഴ്ത്തുവിൻ.
10“വെള്ളക്കഴുതപ്പുറത്ത് കയറുന്നവരേ,
പരവതാനികളിൽ ഇരിക്കുന്നവരേ,
കാൽനടയായി പോകുന്നവരേ,
വർണ്ണിപ്പിൻ!
11വില്ലാളികളുടെ ഞാണൊലികൾക്കകലെ#5:11 ഞാണൊലികൾ സംഗീതജ്ഞര്‍
നീർപ്പാതകൾക്കിടയിൽ
അവിടെ അവർ യഹോവയുടെ നീതികളെ വർണ്ണിക്കും.
യിസ്രായേലിലെ ഗ്രാമവാസികളിൽ ചെയ്ത നീതികളെ വർണ്ണിക്കും.
യഹോവയുടെ ജനം അന്ന് കവാടത്തിങ്കൽ ചെന്നെത്തും.
12ഉണരുക, ഉണരുക, ദെബോരായേ!
ഉണരുക, ഉണർന്നു, പാട്ടുപാടുക.
അബീനോവാമിൻപുത്രനാം ബാരാക്കേ എഴുന്നേല്ക്ക,
നിന്‍റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക.
13“അന്ന് ബലവാന്മാർക്കെതിരെ കർത്താവിന്‍റെ ജനവും പടജ്ജനവും ഇറങ്ങിവന്നു.
വീരന്മാരുടെ മദ്ധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.
14എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും,
ബെന്യാമീനേ, നിന്‍റെ പിന്നാലെ നിന്‍റെ ജനസമൂഹത്തിൽ
മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് അധികാര ദണ്ഡ് ധരിച്ചവരും
താഴേക്ക് അണിയായി വന്നു.
15യിസ്സാഖാർപ്രഭുക്കന്മാർ ദെബോരായോടുകൂടെ
യിസ്സാഖാർ എന്നപോലെ ബാരാക്കിൻ സൈന്യവും
താഴ്വരയിൽ അവനോടുകൂടെ ചാടി പുറപ്പെട്ടു.
രൂബേന്യഗോത്രത്തിൽ ഘനമേറിയ മനോനിർണ്ണയങ്ങൾ ഉണ്ടായി.
16ആട്ടിൻകൂട്ടങ്ങൾക്കരികെ കുഴലൂത്തു കേൾക്കുവാൻ
നീ തൊഴുത്തുകൾക്കിടയിൽ പാർക്കുന്നതെന്ത്?
രൂബേന്യഗോത്രത്തിൽ ഘനമേറിയ ആശങ്കകൾ ഉണ്ടായി.
17ഗിലെയാദ് യോർദ്ദാനക്കരെ പാർത്തു.
ദാൻ കപ്പലുകൾക്കരികെ താമസിക്കുന്നതു എന്ത്?
ആശേർ സമുദ്രതീരത്ത് തുറമുഖങ്ങൾക്കരികെ പാർത്തുകൊണ്ടിരുന്നു.
18സെബൂലൂൻ പ്രാണനെ ത്യജിച്ച ജനം;
നഫ്താലി പോർക്കളമേടുകളിൽ തന്നെ.
19“രാജാക്കന്മാർ വന്നു യുദ്ധംചെയ്തു:
താനാക്കിൽവെച്ച് മെഗിദ്ദോവെള്ളത്തിനരികെ
കനാന്യരാജാക്കന്മാർ അന്ന് പൊരുതി,
വെള്ളി അവർക്ക് കൊള്ളയായില്ല.
20ആകാശത്തുനിന്നു നക്ഷത്രങ്ങൾ അവയുടെ
സഞ്ചാര വഴികളിൽ നിന്നും
സീസെരയുമായി പൊരുതി.
21കീശോൻതോട് പുരാതനനദിയാം
കീശോൻതോട് കുതിച്ചൊഴുകി
അവരെ ഒഴുക്കിക്കൊണ്ട് പോയി.
എൻ മനമേ, നീ ബലത്തോടെ നടകൊൾക.
22അന്ന് കുതിരകൾ പാഞ്ഞു, കുതിച്ചു പാഞ്ഞു;
കുതിരക്കുളമ്പുകൾ ഇടിമുഴക്കം പോലെ മുഴങ്ങി.
23“മേരോസ് നഗരത്തെ ശപിച്ചുകൊൾവിൻ,
അതിൻ നിവാസികളെ ഉഗ്രമായി ശപിപ്പിൻ
എന്നു യഹോവാദൂതൻ അരുളിച്ചെയ്തു.
അവർ യഹോവയ്ക്ക് തുണയായി വന്നില്ലല്ലോ;
ശൂരന്മാർക്കെതിരെ യഹോവയ്ക്ക് തുണയായി തന്നെ.
24“കേന്യനാം ഹേബെരിൻ ഭാര്യയാം യായേലോ
നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവൾ,
കൂടാരവാസിനീ ജനത്തിൽ അനുഗ്രഹം ലഭിച്ചവൾ.
25തണ്ണീർ അവൻ ചോദിച്ചു, പാൽ അവൾ കൊടുത്തു;
രാജകീയപാത്രത്തിൽ അവൾ തൈരും കൊടുത്തു.
26കുറ്റിയെടുപ്പാൻ അവൾ കൈ നീട്ടി
തൻ വലങ്കൈ പണിക്കാരുടെ ചുറ്റികയ്ക്ക് നീട്ടി;
സീസെരയെ തല്ലി അവന്‍റെ തല തകർത്തു
അവന്‍റെ ചെന്നി കുത്തിത്തുളെച്ചു.
27അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു,
അവളുടെ കാൽക്കൽ അവൻ കുനിഞ്ഞുവീണു കിടന്നു;
നിശ്ചലം കിടന്നു, കുനിഞ്ഞേടത്തു തന്നെ അവൻ ചത്തുകിടന്നു.
28“സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
ജാലകത്തൂടെ വിളിച്ചുപറഞ്ഞത്:
അവന്‍റെ തേർ വരുവാൻ വൈകുന്നത് എന്ത്?
രഥചക്രങ്ങൾക്കു താമസം എന്ത്?
29“ജ്ഞാനമേറിയവൾ അതിന്നുത്തരം പറഞ്ഞു;
താനും തന്നോട് തന്നെ മറുപടി ആവർത്തിച്ചു:
30കിട്ടിയ കൊള്ള അവർ പങ്കിടുകയല്ലയോ?
ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങൾ,
സീസെരയ്ക്കു ലഭിച്ചത് ചിത്രപണികളോടുകൂടിയ മനോഹര വസ്ത്രം.
എന്‍റെ കഴുത്തിൽ#5:30 എന്‍റെ കഴുത്തിൽ കൊള്ളക്കാരുടെ കഴുത്തിൽ വിശേഷരീതിയിൽ തയിച്ച തുണികൾ ഈ രണ്ടു കാണും.
31“യഹോവേ, നിന്‍റെ ശത്രുക്കൾ ഒക്കെയും ഇവ്വണ്ണം നശിക്കട്ടെ.
അവനെ സ്നേഹിക്കുന്നവരോ സൂര്യൻ പ്രതാപത്തോടെ ഉദിക്കുമ്പോലെ തന്നെ ഇരിക്കട്ടെ.”
പിന്നെ ദേശത്തിന് നാല്പത് വര്‍ഷം സ്വസ്ഥത ഉണ്ടായി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.