ന്യായാ. 21
21
ബെന്യാമീന്യരുടെ ഭാര്യമാർ
1എന്നാൽ “നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന് ഭാര്യയായി കൊടുക്കരുത്” എന്ന് യിസ്രായേല്യർ മിസ്പയിൽവെച്ച് ശപഥം ചെയ്തിരുന്നു. 2ആകയാൽ ജനം ബേഥേലിൽ ചെന്നു അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു: 3“യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം ഇങ്ങനെ സംഭവിച്ചുവല്ലോ” എന്നു പറഞ്ഞു.
4പിറ്റെന്നാൾ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിത് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 5പിന്നെ യിസ്രായേൽ മക്കൾ: “എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ സഭയിൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിച്ചു. “മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം” എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
6എന്നാൽ യിസ്രായേൽ മക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: “ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു. 7ശേഷിച്ചിരിക്കുന്നവർക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്ന് നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവർക്ക് ഭാര്യമാരെ കിട്ടുവാൻ നാം എന്ത് ചെയ്യേണം?” എന്നു പറഞ്ഞു.
8“യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്ന് ആരും പാളയത്തിൽ കടന്നു വന്നിട്ടില്ല എന്ന് മനസ്സിലാക്കി. 9ജനത്തെ എണ്ണിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ലായിരുന്നു.
10അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്ക് അയച്ച് അവരോട് കല്പിച്ചത്: “നിങ്ങൾ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപ്പെടെ വാളാൽ കൊല്ലുവിൻ.” 11അതിൽ നിങ്ങൾ പ്രവർത്തിക്കേണ്ടത് ഇവ്വണ്ണം: “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിർമ്മൂലമാക്കേണം.”
12അങ്ങനെ ചെയ്തപ്പോൾ, ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷസംസർഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറ് കന്യകമാരെ കണ്ടെത്തി, അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.
13സർവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോട് സംസാരിച്ച് സമാധാനം അറിയിക്കുവാൻ ആളയച്ചു. 14അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ, അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്ക് കൊടുത്തു; 15അവർക്ക് തികയാൻ മാത്രം സ്ത്രീകൾ ഇല്ലായിരുന്നു. യഹോവ യിസ്രായേൽ ഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ച് ദുഃഖിച്ചു.
16“ശേഷിച്ചവർക്ക് സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്ത് ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെ പോയല്ലോ” എന്നു സഭയിലെ മൂപ്പന്മാർ പറഞ്ഞു. 17“യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപ്പെട്ടവർക്ക് അവരുടെ അവകാശം നിലനില്ക്കേണം. 18എങ്കിലും നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യർക്ക് സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് യിസ്രായേൽ മക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ” എന്നും അവർ പറഞ്ഞു.
19അപ്പോൾ അവർ: “ബേഥേലിന് വടക്കും, ബേഥേലിൽനിന്ന് ശെഖേമിലേക്ക് പോകുന്ന പെരുവഴിക്ക് കിഴക്കും ലെബോനെക്ക് തെക്കും ഉള്ള ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ” എന്നു പറഞ്ഞു.
20ആകയാൽ അവർ ബെന്യാമീന്യരോട്: “നിങ്ങൾ ചെന്നു, മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ. 21ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്വാൻ പുറപ്പെട്ടു വരുമ്പോൾ, മുന്തിരിത്തോട്ടങ്ങളിൽനിന്നു വന്ന് ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്നു തനിക്കു ഭാര്യയെ പിടിച്ച് ബെന്യാമീൻ ദേശത്തേക്ക് പൊയ്ക്കൊൾവിൻ” എന്നു കല്പിച്ചു. 22അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽവന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കുവേണ്ടി, അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്നു പറഞ്ഞുകൊള്ളാം.
23ബെന്യാമീന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ച്, തങ്ങളുടെ അവകാശ ദേശത്തിലേക്ക് മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാർത്തു.
24ആ കാലയളവിൽ യിസ്രായേൽ മക്കൾ അവിടംവിട്ട് ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ ഓരോരുത്തൻ അവരവരുടെ അവകാശഭൂമിയിൽ പാർത്തു.
25ആ കാലത്ത് യിസ്രായേലിൽ ഒരു രാജാവുമില്ലായിരുന്നു; ഓരോരുത്തൻ സ്വന്തം ഇഷ്ടം അനുസരിച്ചു ജീവിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ന്യായാ. 21: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.