യെശ. 57
57
യിസ്രായേലിൻ്റെ വ്യർത്ഥമായ വിഗ്രഹാരാധന
1നീതിമാൻ നശിക്കുന്നു; ആരും അത് കാര്യമാക്കുന്നില്ല;
ഭക്തന്മാരും കഴിഞ്ഞുപോകുന്നു;
നീതിമാൻ അനർത്ഥത്തിനു മുമ്പ് കഴിഞ്ഞുപോകുന്നു
എന്നു ആരും ഗ്രഹിക്കുന്നില്ല.
2അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു;
നേരായി നടക്കുന്നവരെല്ലാം
അവനവന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.
3“ക്ഷുദ്രക്കാരത്തിയുടെ മക്കളേ,
വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ;
ഇങ്ങോട്ട് അടുത്തുവരുവിൻ.
4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്?
ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്?
നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
5നിങ്ങൾ കരുവേലകങ്ങൾക്കരികത്തും
ഓരോ പച്ചമരത്തിൻകീഴിലും വികാരാവേശത്താൽ ജ്വലിച്ചു,
പാറപ്പിളർപ്പുകൾക്കു താഴെ തോട്ടുവക്കത്തുവച്ചു
കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.
6തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്;
അതുതന്നെ നിന്‍റെ ഓഹരി;
അതിനല്ലയോ നീ പാനീയബലി പകർന്നു
ഭോജനബലി അർപ്പിച്ചിരിക്കുന്നത്?
ഈ വക കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുമോ?
7പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു;
അവിടേക്കു തന്നെ നീ ബലികഴിക്കുവാൻ കയറിച്ചെന്നു.
8കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു,
നീ എന്നെവിട്ടു ചെന്നു മറ്റുള്ളവർക്ക് നിന്നെത്തന്നെ നഗ്നയാക്കി
കയറി നിന്‍റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു
അവരുടെ കിടക്ക കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.
9നീ തൈലവുംകൊണ്ടു മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ#57:9 മോലേക്ക് എന്നു പേരുള്ള വിഗ്രഹത്തിൻ്റെ മോലേക്ക് എന്ന രാജാവിന്‍റെ അടുക്കല്‍ അടുക്കൽ ചെന്നു,
നിന്‍റെ പരിമളവർഗ്ഗം ധാരാളം ചെലവ് ചെയ്തു,
നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.
10വഴിയുടെ ദൂരംകൊണ്ടു നീ തളർന്നുപോയിട്ടും
‘അത് നിഷ്ഫലം’ എന്നു നീ പറഞ്ഞില്ല;
നിന്‍റെ കൈവശം നീ ജീവശക്തി കണ്ടതുകൊണ്ട്
നിനക്കു ക്ഷീണം തോന്നിയില്ല.
11കപടം കാണിക്കുവാനും എന്നെ ഓർക്കുകയോ കൂട്ടാക്കുകയോ ചെയ്യാതിരിക്കുവാനും
നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്?
ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ
നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?
12നിന്‍റെ നീതി ഞാൻ വെളിച്ചത്താക്കും;
നിന്‍റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകുകയില്ല.
13നീ നിലവിളിക്കുമ്പോൾ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ;
എന്നാൽ അവയെ മുഴുവനും കാറ്റു പാറ്റിക്കൊണ്ടുപോകും;
ഒരു ശ്വാസം അവയെ നീക്കിക്കളയും;
എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി
എന്‍റെ വിശുദ്ധപർവ്വതത്തെ കൈവശമാക്കും.”
മനം തകർന്നവർക്ക് ആശ്വാസം
14“നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ;
എന്‍റെ ജനത്തിന്‍റെ വഴിയിൽനിന്ന് ഇടർച്ച നീക്കിക്കളയുവിൻ”
എന്നു അവിടുന്ന് അരുളിച്ചെയ്യുന്നു.
15ഉന്നതനും ഉയർന്നിരിക്കുന്നവനും ശാശ്വതവാസിയും
പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു;
താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും
ചൈതന്യം#57:15 ചൈതന്യം നവീകരണം എന്നുമാകാം. വരുത്തുവാൻ മനസ്താപവും
മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.
16ഞാൻ എന്നേക്കും വാദിക്കുകയില്ല;
എല്ലായ്‌പ്പോഴും കോപിക്കുകയുമില്ല;
അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും
എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.
17അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം
ഞാൻ കോപിച്ച് അവരെ അടിച്ചു;
ഞാൻ കോപിച്ചു മുഖം മറച്ചു;
എന്നാൽ അവർ തിരിഞ്ഞ് അവർക്ക് തോന്നിയ വഴിയിൽ നടന്നു.
18ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു;
ഞാൻ അവരെ സൗഖ്യമാക്കും;
ഞാൻ അവരെ നടത്തി അവർക്ക്, അവരുടെ ദുഃഖിതന്മാർക്കു തന്നെ,
വീണ്ടും ആശ്വാസം വരുത്തും.
19ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും;
ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം” എന്നും
“ഞാൻ അവരെ സൗഖ്യമാക്കും”
എന്നും യഹോവ അരുളിച്ചെയ്യുന്നു.
20ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു;
അതിന് അടങ്ങിയിരിക്കുവാൻ കഴിയുകയില്ല;
അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.
21“ദുഷ്ടന്മാർക്കു സമാധാനമില്ല” എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 57: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.