യെശ. 48
48
സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായ യഹോവ
1യിസ്രായേൽ എന്ന പേര് വിളിക്കപ്പെട്ടവരും
യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉത്ഭവിച്ചിരിക്കുന്നവരും
യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും
സത്യത്തോടും നീതിയോടും കൂടിയല്ലെങ്കിലും
യിസ്രായേലിന്റെ ദൈവത്തെ കീർത്തിക്കുന്നവരും
ആയ യാക്കോബ് ഗൃഹമേ, ഇതു കേട്ടുകൊള്ളുവിൻ.
2അവർ അവരെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു
യിസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ;
അവിടുത്തെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.
3“പൂർവ്വകാര്യങ്ങളെ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു;
അവ എന്റെ വായിൽനിന്നു പുറപ്പെട്ടു; ഞാൻ അവയെ കേൾപ്പിച്ചു;
പെട്ടെന്ന് ഞാൻ പ്രവർത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.
4നീ കഠിനൻ എന്നും നിന്റെ കഴുത്ത് ഇരിമ്പുഞരമ്പുള്ളതെന്നും
നിന്റെ നെറ്റി താമ്രം എന്നും ഞാൻ അറിയുകകൊണ്ടു
5ഞാൻ പണ്ടുതന്നെ നിന്നോട് പ്രസ്താവിച്ചു;
‘എന്റെ വിഗ്രഹം അവയെ ചെയ്തു എന്നും
എന്റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു’ എന്നും
നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പ്
ഞാൻ നിന്നെ കേൾപ്പിച്ചിരിക്കുന്നു.
6നീ കേട്ടിട്ടുണ്ട്; ഇപ്പോൾ എല്ലാം കണ്ടുകൊള്ളുക;
നിങ്ങൾതന്നെ അത് പ്രസ്താവിക്കുകയില്ലയോ?
ഇന്നുമുതൽ ഞാൻ പുതിയത്,
നീ അറിയാതെ മറഞ്ഞിരിക്കുന്നതുതന്നെ നിന്നെ കേൾപ്പിക്കുന്നു.
7‘ഞാൻ അത് അറിഞ്ഞുവല്ലോ’ എന്നു നീ പറയാതെ ഇരിക്കേണ്ടതിന്
അത് പണ്ടല്ല, ഇപ്പോൾതന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു;
ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.
8നീ കേൾക്കുകയോ അറിയുകയോ
നിന്റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല.
നീ വളരെ ദ്രോഹം ചെയ്തു,
ഗർഭംമുതൽ വിശ്വാസവഞ്ചകൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാൻ അറിഞ്ഞു.
9എന്റെ നാമംനിമിത്തം ഞാൻ എന്റെ കോപത്തെ താമസിപ്പിക്കുന്നു;
നിന്നെ സംഹരിക്കേണ്ടതിന് എന്റെ സ്തുതി നിമിത്തം ഞാൻ അടങ്ങിയിരിക്കുന്നു.
10ഇതാ, ഞാൻ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും;
ഞാൻ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.
11എന്റെ നിമിത്തം, എന്റെ നിമിത്തം തന്നെ, ഞാൻ അത് ചെയ്യും;
എന്റെ നാമം അശുദ്ധമായിത്തീരുന്നത് എങ്ങനെ?
ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കുകയില്ല.
12യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന
യിസ്രായേലേ, എന്റെ വാക്കു കേൾക്കുക;
ഞാൻ അനന്യൻ; ഞാൻ ആദ്യനും
ഞാൻ അന്ത്യനും ആകുന്നു.
13എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു;
എന്റെ വലംകൈ ആകാശത്തെ വിരിച്ചു;
ഞാൻ വിളിക്കുമ്പോൾ
അവ സകലവും ഉളവായിവരുന്നു.”
14നിങ്ങൾ എല്ലാവരും കൂടിവന്നു കേട്ടുകൊള്ളുവിൻ;
അവരിൽ ആര് ഇതു പ്രസ്താവിച്ചു?
യഹോവ സ്നേഹിക്കുന്നവൻ ബാബേലിനോട് അവിടുത്തെ ഹിതവും
കൽദയരോട് അവന്റെ ഭുജബലവും അനുഷ്ഠിക്കും.
15ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു;
ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു;
അവന്റെ വഴി സാദ്ധ്യമാകും.
16നിങ്ങൾ അടുത്തുവന്ന് ഇതുകേൾക്കുവിൻ;
ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്;
അതിന്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്.”
ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും#48:16 എന്നെയും ഇവിടെ പ്രവാചകൻ നിഴലായും യേശുക്രിസ്തു പൊരുളായും കാണുവാൻ സാധിക്കും.
അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.
17യിസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും
നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന
നിന്റെ ദൈവമായ യഹോവ ഞാൻ തന്നെ.
18അയ്യോ, നീ എന്റെ കല്പനകൾ കേട്ടനുസരിച്ചെങ്കിൽ കൊള്ളാമായിരുന്നു!
എന്നാൽ നിന്റെ സമാധാനം നദിപോലെയും
നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.
19നിന്റെ സന്തതി മണൽപോലെയും
നിന്റെ ഗർഭഫലം മണൽതരിപോലെയും ആകുമായിരുന്നു.
നിന്റെ പേര് എന്റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ
നശിച്ചുപോവുകയോ ചെയ്യുകയില്ലായിരുന്നു.”
20ബാബേലിൽനിന്ന് പുറപ്പെടുവിൻ;
ഉല്ലാസഘോഷത്തോടെ കൽദയരെ വിട്ട് ഓടിപ്പോകുവിൻ:
ഇതു പ്രസ്താവിച്ചു കേൾപ്പിക്കുവിൻ;
ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിൻ,“
യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുവിൻ.
21യഹോവ അവരെ ശൂന്യപ്രദേശങ്ങളിൽകൂടി നടത്തിയപ്പോൾ അവർക്ക് ദാഹിച്ചില്ല;
അവിടുന്ന് അവർക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി;
അവിടുന്ന് പാറ പിളർന്നപ്പോൾ വെള്ളം ചാടി പുറപ്പെട്ടു#48:21 ചാടി പുറപ്പെട്ടു പ്രവഹിച്ചു എന്നും ആകാം. .
22“ദുഷ്ടന്മാർക്കു സമാധാനം ഇല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 48: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.