യെശ. 14
14
യെഹൂദായുടെ പുനഃസ്ഥാപനം
1യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോട് ചേർന്നുകൊള്ളും. 2ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
3യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്കുന്ന നാളിൽ 4നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും:
പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി!
സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
5യഹോവ ദുഷ്ടന്മാരുടെ വടിയും
ഭരണാധിപന്മാരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
6വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കുകയും
ആർക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ
ജനതകളെ കോപത്തോടെ
ഭരിക്കുകയും ചെയ്തവനെ തന്നെ.
7സർവ്വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു;
അവർ ആർത്തുപാടുന്നു.
8സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ച് സന്തോഷിച്ചു,
“നീ വീണുകിടന്നതുമുതൽ
ഒരു മരംവെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല” എന്നു പറയുന്നു.
9നിന്റെ വരവിൽ നിന്നെ എതിരേല്ക്കുവാൻ
താഴെ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു;
അത് നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ
പ്രേതന്മാരെ ഉണർത്തുകയും
ജനതകളുടെ സകല രാജാക്കന്മാരെയും
സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കുകയും ചെയ്തിരിക്കുന്നു.
10അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ?
നീയും ഞങ്ങൾക്കു തുല്യനായിത്തീർന്നുവോ?” എന്നു പറയും.
11നിന്റെ ആഡംബരവും വാദ്യഘോഷവും
പാതാളത്തിലേക്ക് ഇറങ്ങിപ്പോയി;
നിന്റെ കീഴിൽ പുഴുക്കളെ വിരിച്ചിരിക്കുന്നു;
കൃമികൾ നിനക്കു പുതപ്പായിരിക്കുന്നു.
12അരുണോദയപുത്രനായ ശുക്രാ,
നീ എങ്ങനെ ആകാശത്തുനിന്നു വീണു!
ജനതകളെ താഴ്ത്തിക്കളഞ്ഞവനേ,
നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!
13“ഞാൻ സ്വർഗ്ഗത്തിൽ കയറും;
എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വയ്ക്കും;
ഉത്തരദിക്കിന്റെ അതിർത്തിയിൽ
സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
14ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും;
ഞാൻ അത്യുന്നതനോടു സമനാകും”
എന്നല്ലയോ നീ ഹൃദയത്തിൽ പറഞ്ഞത്.
15എന്നാൽ നീ പാതാളത്തിലേക്ക്,
നാശകൂപത്തിന്റെ അടിയിലേക്കു തന്നെ വീഴും.
16നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി.“
ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
17ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും
അതിലെ പട്ടണങ്ങളെ ഇടിച്ചുകളയുകയും
തന്റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കുകയും
ചെയ്തവൻ ഇവനല്ലയോ” എന്നു നിരൂപിക്കും.
18ജനതകളുടെ രാജാക്കന്മാർ എല്ലാവരും, അവരെല്ലാവരും തന്നെ
ഒരോരുത്തൻ അവനവന്റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.
19നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും
വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം
ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി
ചവിട്ടിമെതിച്ച ശവംപോലെയും
നിന്റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.
20നീ നിന്റെ ദേശത്തെ നശിപ്പിച്ചു,
നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു
നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാവുകയില്ല;
ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനില്ക്കുകയില്ല.
21അവന്റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും
ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും
ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യം നിമിത്തം
ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ.
ബാബേലിനെ നശിപ്പിക്കും
22“ഞാൻ അവർക്ക് വിരോധമായി എഴുന്നേല്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു. 23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
24സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്:
“ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും;
ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.
25എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും;
എന്റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും;
അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും;
അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.”
26സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു;
സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ.
27സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു;
അത് ദുർബ്ബലമാക്കുന്നവനാര്?
അവന്റെ കൈ നീട്ടിയിരിക്കുന്നു;
അത് മടക്കുന്നവനാര്?
ഫെലിസ്ത്യ ദേശത്തെക്കുറിച്ചുള്ള പ്രവാചകം
28ആഹാസ്രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:
29സകലഫെലിസ്ത്യ ദേശവുമായുള്ളവയേ,
നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കുകകൊണ്ടു നീ സന്തോഷിക്കേണ്ടാ;
സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും;
അതിന്റെ ഫലം#14:29 അതിന്റെ ഫലം അവന്റെ ഫലം അല്ലെങ്കിൽ അതിന്റെ സന്തതി എന്നുമാകാം. , പറക്കുന്ന അഗ്നിസർപ്പമായിരിക്കും.
30എളിയവരുടെ#14:30 എളിയവരുടെ ദരിദ്രരില് ദരിദ്രരായവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും;
ദരിദ്രന്മാർ നിർഭയമായി കിടക്കും;
എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും;
നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
31വാതിലേ, അലറുക; പട്ടണമേ നിലവിളിക്കുക;
സകലഫെലിസ്ത്യ ദേശവുമായുള്ളവയേ, നീ അലിഞ്ഞുപോയി;
വടക്കുനിന്ന് ഒരു പുകവരുന്നു;
അവന്റെ അണികളിൽ ഉഴന്നുനടക്കുന്ന#14:31 ഉഴന്നുനടക്കുന്ന ഇവിടെ അര്ത്ഥമാക്കുന്നത് ചിട്ട തെറ്റിച്ച ഒരുത്തനും ഇല്ല എന്നതാണ്. ഒരുത്തനും ഇല്ല.
32ജനതകളുടെ ദൂതന്മാർക്ക് കിട്ടുന്ന മറുപടി:
“യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു;
അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും” എന്നത്രേ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെശ. 14: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.