ഹോശേ. 9
9
യിസ്രായേൽ ശിക്ഷിക്കപ്പെടും
1യിസ്രായേലേ, നീ ആനന്ദിക്കരുത്;
മറ്റു ജനതകളെപ്പോലെ സന്തോഷംകൊണ്ടു തുള്ളിച്ചാടുകയും വേണ്ട;
നിന്റെ ദൈവത്തെ ഉപേക്ഷിച്ചു നീ പരസംഗം ചെയ്തിരിക്കുന്നുവല്ലോ.
ധാന്യക്കളങ്ങളിൽ എല്ലാം നിങ്ങൾ വേശ്യയുടെ കൂലിയാണല്ലോ ആഗ്രഹിച്ചത്.
2ധാന്യക്കളവും ചക്കും അവരെ പോഷിപ്പിക്കുകയില്ല,
പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.
3അവർ യഹോവയുടെ ദേശത്ത് വസിക്കുകയില്ല;
എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകുകയും
അശ്ശൂരിൽവച്ച് മലിനമായത്#9:3 മലിനമായത് മോശെയുടെ ന്യായപ്രമാണപ്രകാരം ചില ഭക്ഷണവസ്തുക്കള്‍ അശുദ്ധമായതിനാല്‍ ഭക്ഷിക്കുവാന്‍ പാടുള്ളതല്ല. തിന്നുകയും ചെയ്യും.
4അവർ യഹോവയ്ക്ക് വീഞ്ഞ് അർപ്പിക്കുകയില്ല;
അവരുടെ ഹനനയാഗങ്ങൾ അവന് പ്രസാദമായിരിക്കുകയുമില്ല;
അവർ അർപ്പിക്കുന്ന അപ്പം
അവർക്ക് വിലാപത്തിന്റെ അപ്പം പോലെ ആയിരിക്കും;
അത് തിന്നുന്നവനെല്ലാം അശുദ്ധനായിത്തീരും;
അവരുടെ അപ്പം വിശപ്പടക്കുവാൻ മാത്രം അവർക്ക് ഉതകും;
അത് യഹോവയുടെ ആലയത്തിലേക്ക് കൊണ്ടുവരുകയില്ല.
5സഭായോഗ ദിവസത്തിലും
യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങൾ എന്ത് ചെയ്യും?
6അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും മിസ്രയീം അവരെ ഒരുമിച്ച് കൂട്ടും;
മോഫ് അവരെ അടക്കം ചെയ്യും;
വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും;
മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
7ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു;
പ്രതികാരദിവസം അടുത്തിരിക്കുന്നു;
നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം
പ്രവാചകൻ ഭോഷനും
ആത്മപൂർണ്ണൻ ഭ്രാന്തനും
എന്ന് യിസ്രായേൽ അറിയും.
8എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു;
പ്രവാചകൻ തന്റെ എല്ലാ വഴികളിലും വേട്ടക്കാരന്റെ കെണിയും
ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
9ഗിബെയയുടെ കാലത്ത് എന്നപോലെ അവർ വഷളത്വത്തിൽ മുഴുകിയിരിക്കുന്നു;
അവൻ അവരുടെ അകൃത്യം ഓർത്തു
അവരുടെ പാപത്തിന് ശിക്ഷ നൽകും.
10മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ
ഞാൻ യിസ്രായേലിനെ കണ്ടിരുന്നു;
അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ
ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടിരുന്നു;
ബാൽ-പെയോരിൽ എത്തിയപ്പോൾ
അവർ തങ്ങളെത്തന്നെ ലജ്ജയായതിന് ഏല്പിച്ചു;
അവരുടെ ഇഷ്ടദേവനെപ്പോലെ അവരും മ്ലേച്ഛതയുള്ളവരായി.
11പ്രസവമോ ഗർഭമോ ഗർഭധാരണമോ ഒന്നും ഇല്ലാതെ
എഫ്രയീമിന്റെ മഹത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
12അവർ മക്കളെ വളർത്തിയാലും
ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും;
ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ
അവർക്ക് അയ്യോ കഷ്ടം!
13ഞാൻ എഫ്രയീമിനെ നോക്കുമ്പോൾ സോർവരെ അത് മനോഹരസ്ഥലത്തെ നടുതല പോലെ ഇരിക്കുന്നു;
എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്ത് കൊണ്ടുചെല്ലേണ്ടിവരും.
14യഹോവേ, അവർക്ക് കൊടുക്കേണമേ;
നീ അവർക്ക് എന്തുകൊടുക്കും?
അലസിപ്പോകുന്ന ഗർഭവും
വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കേണമേ.
15അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽവച്ച് സംഭവിച്ചു;
അവിടെവച്ച് ഞാൻ അവരെ വെറുത്തു;
അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം
ഞാൻ ഇനി അവരെ സ്നേഹിക്കാതെ
എന്റെ ആലയത്തിൽനിന്ന് നീക്കിക്കളയും;
അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.
16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു;
അവരുടെ വേര് ഉണങ്ങിപ്പോയി;
അവർ ഫലം കായിക്കുകയില്ല;
അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും.
17അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട്
യഹോവ അവരെ തള്ളിക്കളയും;
അവർ ജനതയുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഹോശേ. 9: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.