എബ്രാ. 2
2
ഇത്രവലിയ രക്ഷ നാം അഗണ്യമാക്കുകയോ?
1അതുകൊണ്ട്, തീർച്ചയായും നാം തെറ്റിപ്പോകാതിരിക്കേണ്ടതിന് കേട്ട വചനം വളരെയധികം ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതാകുന്നു. 2ദൂതന്മാർ മുഖാന്തരം നമ്മുടെ മുന്‍തലമുറയിലുള്ള പിതാക്കന്മാരോട് അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്തു എങ്കിൽ, 3ഇത്രവലിയ രക്ഷ നാം അവഗണിച്ചാൽ എങ്ങനെ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറും? രക്ഷ എന്നതോ ആദ്യം കർത്താവ് അരുളിച്ചെയ്തതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതും, 4ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, മാത്രമല്ല തന്‍റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്‍റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ്.
ക്രിസ്തു തന്‍റെ സഹോദരന്മാരോട് സകലത്തിലും അനുരൂപപ്പെട്ടവൻ
5നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ ദൈവം ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്. 6പകരം, ദാവീദ്#2:6 സങ്കീർത്തനം 8: 4. തിരുവെഴുത്തിലെ സങ്കീര്‍ത്തനങ്ങളില്‍ ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് പോലെ
“മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്?
മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന് അവൻ എന്തുമാത്രം?
7നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി;
തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു;
നിന്‍റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
8സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു.”
സകലവും അവനു അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്നു സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവനു അധീനമായതായി കാണുന്നില്ല. 9എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരേക്കാൾ അല്പം താഴ്ച വന്നവനായ യേശു കഷ്ടാനുഭവങ്ങളും മരണവും അനുഭവിച്ചതുകൊണ്ട് മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം അവനെ കാണുന്നു.
10അനേകം പുത്രന്മാരെ തേജസ്സിലേക്ക് നയിക്കുവാൻ അവരുടെ രക്ഷയ്ക്ക് കാരണമായ യേശുവിനെ കഷ്ടാനുഭവങ്ങളാൽ സമ്പൂർണനാക്കുന്നത്, സകലത്തേയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം ഉചിതമായിരുന്നു. 11വിശുദ്ധീകരിക്കുന്ന യേശുവിനേയും അവനാല്‍ വിശുദ്ധീകരിക്കപ്പെടുന്ന ഏവരുടെയും പിതാവ് ദൈവം തന്നെ. അത് ഹേതുവായി വിശുദ്ധീകരിക്കുന്നവനായ ക്രിസ്തു അവരെ സഹോദരന്മാർ എന്നു വിളിക്കുവാൻ ലജ്ജിക്കാതെ:
12അവന്‍ ദൈവത്തോട് “ഞാൻ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും;
സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” #2:12 സങ്കീര്‍ത്തനം 22:22
13എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും
“ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും#2:13 യെശയ്യാവ് 8:18” എന്നും പറയുന്നു.
14അതുകൊണ്ട് മാംസരക്തങ്ങളോട് കൂടിയ മക്കളെപ്പോലെ, ക്രിസ്തുവും മാംസരക്തങ്ങളോട് കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ 15തന്‍റെ മരണത്താൽ നിർവീര്യനാക്കി, ജീവകാലത്തുടനീളം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. 16എങ്കിലും തീർച്ചയായും ദൂതന്മാരെ സഹായിക്കുവാനല്ല അബ്രാഹാമിന്‍റെ സന്തതികളെ സഹായിക്കുവാനത്രേ ക്രിസ്തു വന്നത്. 17അതുകൊണ്ട് ജനത്തിന്‍റെ പാപങ്ങൾക്ക് പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന് സകലത്തിലും തന്‍റെ സഹോദരന്മാരോട് അനുരൂപപ്പെടേണ്ടത് ആവശ്യമായിരുന്നു. 18എന്തെന്നാൽ യേശുവും പരീക്ഷിക്കപ്പെടുകയും പീഢനങ്ങൾ സഹിക്കുകയും ചെയ്തതിനാൽ പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ കഴിവുള്ളവൻ ആകുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എബ്രാ. 2: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.