എബ്രാ. 11
11
പ്രായോഗിക വിശ്വാസത്തിന്‍റെ ചില മാതൃകകൾ
1എന്നാൽ വിശ്വാസം എന്നതോ, ധൈര്യത്തോടെ ചിലത് പ്രതീക്ഷിക്കുന്ന ഒരുവന്‍റെ ഉറപ്പാണ്. അത് കാണാൻ കഴിയാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. 2ഇപ്രകാരമല്ലോ പൂർവ്വപിതാക്കന്മാർക്ക് തങ്ങളുടെ വിശ്വാസം നിമിത്തം ദൈവത്തിന്‍റെ അംഗീകാരം ലഭിച്ചത്. 3ഈ പ്രപഞ്ചം ദൈവത്തിന്‍റെ കല്പനയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും, നാം കാണുന്ന ഈ ലോകത്തിനു, ദൃശ്യമായതല്ല കാരണം, പ്രത്യുത പ്രപഞ്ചം ദൈവത്തിന്‍റെ വചനത്താൽ സൃഷ്ടിക്കപ്പെട്ടു എന്നും നാം വിശ്വാസത്താൽ മനസ്സിലാക്കുന്നു.
4വിശ്വാസത്താൽ ഹാബെൽ ദൈവത്തിന് കയീൻ്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവനു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു. ദൈവം അവന്‍റെ വഴിപാടിന് സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
5വിശ്വാസത്താൽ ഹാനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിനു മുമ്പെ സാക്ഷ്യം പ്രാപിച്ചു. 6എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം തന്നെ; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം വാഴുന്നു എന്നും തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടത് ആവശ്യമാകുന്നു. 7വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ട് ദൈവിക ഭയത്തോടെ തന്‍റെ കുടുംബത്തിന്‍റെ രക്ഷക്കായിട്ട് ഒരു പെട്ടകം തീർത്തു; അങ്ങനെ ആ അനുസരണത്തിൻ്റെ പ്രവർത്തി നിമിത്തം അവൻ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്താലുള്ള നീതിയ്ക്ക് അവകാശിയായി തീരുകയും ചെയ്തു.
8വിശ്വാസത്താൽ അബ്രാഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്ക് പോകുവാനുള്ള വിളികേട്ടപ്പോൾ, അനുസരണത്തോടെ എവിടേക്ക് പോകുന്നു എന്നറിയാതെ പുറപ്പെട്ടു. 9വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്ത് ഒരു പരദേശി എന്നപോലെ ചെന്നു വാഗ്ദത്തത്തിന് കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ കൂടാരങ്ങളിൽ പാർത്തു. 10ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി താൻ ദർശനത്തോടെ കാത്തിരുന്നു. 11വിശ്വാസത്താൽ അബ്രാഹാമും, സാറായും തങ്ങൾക്ക് ഒരു മകനെ നൽകും എന്നു വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന് ശക്തിപ്രാപിച്ചു. 12അതുകൊണ്ട് മൃതപ്രായനായവനായ ഈ ഒരുവനിൽനിന്ന് തന്നെയാണ്, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതികൾ ജനിച്ചത്.
13ഇവർ എല്ലാവരും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന് അത് കണ്ടു സ്വാഗതം ചെയ്തും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞും കൊണ്ടു വിശ്വാസത്തിൽ മരിച്ചു. 14ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അവർക്കായി അന്വേഷിക്കുന്നു എന്നു വ്യക്തമാക്കുന്നു. 15വാസ്തവമായും അവർ വിട്ടുപോന്ന ദേശത്തെ ഓർത്തിരുന്നു എങ്കിൽ മടങ്ങിപ്പോകുവാൻ അവസരം ഉണ്ടായിരുന്നുവല്ലോ. 16പക്ഷേ അവരോ അധികം നല്ല ദേശത്തെ തന്നെ, അതായത് സ്വർഗ്ഗീയമായതിനെ തന്നെ പ്രതീക്ഷിച്ചിരുന്നു; അതുകൊണ്ട് ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
17വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. അതെ, വാഗ്ദത്തങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടവൻ തന്‍റെ ഏകജാതനെ യാഗം അർപ്പിച്ചു; 18മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാടു അവനു ലഭിച്ചിരുന്നു 19യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുവാൻ ദൈവം ശക്തൻ എന്നു അബ്രാഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു. 20വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. 21വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ ഊന്നുവടിയുടെ അറ്റത്തു ചാരിക്കൊണ്ട് നമസ്കരിക്കയും ചെയ്തു. 22വിശ്വാസത്താൽ യോസേഫ് താൻ മരിക്കാറായപ്പോൾ യിസ്രായേൽ മക്കളുടെ പുറപ്പാടിന്‍റെ കാര്യം ഓർമ്മിപ്പിച്ചു, തന്‍റെ അസ്ഥികൾ അവരോടൊപ്പം എടുക്കേണം എന്നു കല്പന കൊടുത്തു.
23മോശെ ജനിച്ചപ്പോൾ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടിട്ട്, വിശ്വാസത്താൽ രാജാവിന്‍റെ കല്പന ഭയപ്പെടാതെ അവനെ മൂന്നുമാസം ഒളിപ്പിച്ചുവച്ചു. 24വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ ഫറവോന്‍റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും, 25പകരം പാപത്തിന്‍റെ അല്പകാലത്തെ സന്തോഷത്തേക്കാളും ദൈവജനത്തോട് കൂടെ കഷ്ടമനുഭവിക്കുന്നത് നല്ലതെന്ന് കണ്ടു അത് തിരഞ്ഞെടുക്കുകയും ചെയ്തു. 26ഭാവിയിൽ ലഭിക്കുവാനുള്ള പ്രതിഫലം നോക്കിയതുകൊണ്ട് മിസ്രയീമിലെ നിക്ഷേപങ്ങളേക്കാൾ ക്രിസ്തു നിമിത്തമുള്ള നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. 27വിശ്വാസത്താൽ മോശെ മിസ്രയീം വിട്ടുപോന്നു. അവൻ കാണാനാകാത്ത ദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കുകയാൽ രാജാവിന്‍റെ കോപത്തെ ഭയപ്പെട്ടില്ല. 28വിശ്വാസത്താൽ അവൻ തങ്ങളുടെ കടിഞ്ഞൂലുകളെ സംഹാരകൻ തൊടാതിരിപ്പാൻ പെസഹ ആചരിക്കുകയും വാതിലുകളിൽ രക്തം തളിക്കുകയും ചെയ്തു. 29വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തു കൂടെ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അത് മിസ്രയീമ്യർ ചെയ്‌വാൻ നോക്കിയപ്പോൾ ചെങ്കടൽ അവരെ വിഴുങ്ങികളഞ്ഞു. 30വിശ്വാസത്താൽ അവർ ഏഴു ദിവസം യെരിഹോപട്ടണ മതിലിനു ചുറ്റും നടന്നപ്പോൾ മതിൽ ഇടിഞ്ഞുവീണു. 31വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടതിനാൽ അനുസരണം കെട്ടവരോടു കൂടെ നശിക്കാതിരുന്നു.
32ഇനി ഞാൻ എന്ത് പറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ച് വിവരിപ്പാൻ സമയം പോരാ. 33വിശ്വാസത്താൽ അവർ രാജ്യങ്ങളെ കീഴടക്കി, നീതി പ്രവർത്തിച്ചു, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായില്‍ നിന്നും വിടുവിക്കപ്പെട്ടു, 34തീയുടെ ബലം കെടുത്തി, വാൾമുനയിൽ നിന്നും രക്ഷപ്രാപിച്ചു, രോഗത്തിൽ സൗഖ്യം പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. 35സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേറ്റതിനാൽ തിരികെ ലഭിച്ചു; മറ്റുചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് ലഭിക്കേണ്ടതിന് മോചനം സ്വീകരിക്കാതെ പീഢനം ഏറ്റു. 36വേറെ ചിലർ പരിഹാസം, ചാട്ടവാർ, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. 37കല്ലേറ് ഏറ്റു, ഈർച്ചവാളാൽ രണ്ടായി അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു. 38കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്ക് യോഗ്യമായിരുന്നില്ല.
39അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്ത നിവൃത്തി പ്രാപിച്ചില്ല. 40അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന് ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എബ്രാ. 11: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.