എസ്രാ 1
1
പ്രവാസികൾ മടങ്ങിവരുന്നതിന് കോരെശ് സഹായിക്കുന്നു
1യഹോവ യിരെമ്യാപ്രവാചകനിലൂടെ അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് പാർസിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ കോരെശിന്‍റെ മനസ്സ് ഉണർത്തിയിട്ട്, അവൻ തന്‍റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി എല്ലാവരേയും അറിയിച്ചത് എന്തെന്നാൽ:
2“പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്ക് തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിയുവാൻ എന്നോട് കല്പിച്ചുമിരിക്കുന്നു. 3നിങ്ങളിൽ അവന്‍റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്‍റെ ദൈവം അവനോട് കൂടെ ഇരിക്കുമാറാകട്ടെ. അവൻ യെഹൂദായിലെ യെരൂശലേമിലേക്ക് യാത്ര പുറപ്പെട്ടു യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം. 4ശേഷിച്ചിരിക്കുന്നവർ പാർക്കുന്ന ഇടത്തൊക്കെയും അതത് സ്ഥലത്തിലെ സ്വദേശികൾ, പൊന്ന്, വെള്ളി, മറ്റു സാധനങ്ങൾ, കന്നുകാലി എന്നിവയാലും, യെരൂശലേമിലെ ദൈവാലയം വകെക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.”
5അങ്ങനെ യെഹൂദയുടെയും ബെന്യാമീന്‍റെയും പിതൃഭവനത്തലവന്മാരും, പുരോഹിതന്മാരും ലേവ്യരും, ദൈവം ഉണർത്തിയ എല്ലാവരും, യെരൂശലേമിൽ യഹോവയുടെ ആലയം പണിയുവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു. 6അവരുടെ ചുറ്റും പാർത്തവർ ഔദാര്യദാനങ്ങൾ കൊടുത്തത് കൂടാതെ, വെള്ളിയും പൊന്നും കൊണ്ടുള്ള ഉപകരണങ്ങൾ, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലയേറിയ വസ്തുക്കൾ എന്നിവ കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചു.
7നെബൂഖദ്നേസർ#1:7 നെബൂഖദ്നേസർ നെബുഖദ്നേസര്‍ ബി സി 605 മുതല്‍ 562 വരെ വാണിരുന്ന ഒരു ബാബിലോന്യ രാജാവായിരുന്നു. ഈ രാജാവ് ബി സി 597 ല്‍ യെരൂശലേം പിടിച്ചടക്കുകയും 586 ല്‍ ആലയം നശിപ്പിക്കുകയും അനേകരെ യഹൂദയില്‍ നിന്നും 597, 586, 582 വര്‍ഷങ്ങളില്‍ പ്രവാസത്തിലേക്കു പിടിച്ചുകൊണ്ട് പോകുകയും ചെയ്തു. 597, 586 വര്‍ഷങ്ങളില്‍ ആലയത്തിലെ വിലയേറിയ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ദേവന്മാരെ ആരാധിക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ദാനീയേല്‍ 5:1-4 നോക്കുക. യെരൂശലേമിൽനിന്ന് കൊണ്ടുപോയി തന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളും കോരെശ്‌രാജാവ് പുറത്തേക്ക് എടുപ്പിച്ചു. 8പാർസിരാജാവായ കോരെശ് ഖജനാവ് സൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ച് യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു. 9അവയുടെ എണ്ണം ഇത്രയായിരുന്നു: പൊൻതാലം മുപ്പതു (30), വെള്ളിത്താലം ആയിരം (1,000), കത്തി ഇരുപത്തൊമ്പതു (29), പൊൻപാത്രം മുപ്പതു (30), 10അതേപോലെയുള്ള വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത് (410), മറ്റുള്ള ഉപകരണങ്ങൾ ആയിരം (1,000). 11പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങൾ ആകെ അയ്യായിരത്തിനാനൂറ് (5,400) ആയിരുന്നു.
പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്ക് കൊണ്ടുപോകുമ്പോൾ ഇവയൊക്കെയും ശേശ്ബസ്സർ കൊണ്ടുപോയി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എസ്രാ 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.