യെഹെ. 25
25
അമ്മോന്യർക്കെതിരായുള്ള പ്രവചനം
1“യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അവരോടു പറയേണ്ടത്: 3“യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്നു പറഞ്ഞതുകൊണ്ട് 4ഞാൻ നിന്നെ കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും; അവർ നിന്നിൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാല് കുടിക്കുകയും ചെയ്യും. 5ഞാൻ രബ്ബായെ ഒട്ടകങ്ങൾക്ക് മേച്ചിൽസ്ഥലവും അമ്മോനിനെ ആട്ടിൻകൂട്ടങ്ങൾക്കു താവളവും ആക്കും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”
6യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാലുകൊണ്ടു ചവിട്ടി സർവ്വനിന്ദയോടുംകൂടി ഹൃദയപൂർവ്വം സന്തോഷിച്ചതുകൊണ്ട്, 7ഞാൻ നിന്റെനേരെ കൈ നീട്ടി നിന്നെ ജനതകൾക്കു കവർച്ചയായി കൊടുക്കും; ഞാൻ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ച് ദേശങ്ങളിൽ നിന്നു മുടിച്ച് നശിപ്പിച്ചുകളയും; ഞാൻ യഹോവ എന്നു നീ അറിയും.”
മോവാബ്യർക്കെതിരായുള്ള പ്രവചനം
8യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദാഗൃഹം സകല ജനതകളെയുംപോലെ തന്നെ’ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്, 9ഞാൻ മോവാബിന്റെ പാർശ്വത്തെ അതിന്റെ അതിർത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യഥയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവച്ചു 10അവയെ അമ്മോന്യർ ജനതകളുടെ ഇടയിൽ ഓർക്കപ്പെടാത്തവിധം ആയിരിക്കേണ്ടതിന് അമ്മോന്യരോടുകൂടി കിഴക്കുള്ളവർക്ക് കൈവശമാക്കിക്കൊടുക്കും. 11ഇങ്ങനെ ഞാൻ മോവാബിൽ ന്യായവിധി നടത്തും; ഞാൻ യഹോവ എന്നു അവർ അറിയും.”
ഏദോമ്യർക്കെതിരായുള്ള പ്രവചനം
12യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു ഏറ്റവുമധികം കുറ്റക്കാരായിരിക്കുന്നു.” 13അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഏദോമിൻ്റെ നേരെ കൈ നീട്ടി അതിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻ മുതൽ ദേദാൻ വരെ അവർ വാളിനാൽ വീഴും. 14ഞാൻ എന്റെ ജനമായ യിസ്രായേൽമുഖാന്തരം ഏദോമിനോടു പ്രതികാരം നടത്തും; അവർ എന്റെ കോപത്തിനും എന്റെ ക്രോധത്തിനും തക്കവിധം ഏദോമിനോടു ചെയ്യും; അപ്പോൾ അവർ എന്റെ പ്രതികാരം അറിയും” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
ഫെലിസ്ത്യർക്കെതിരായുള്ള പ്രവചനം
15യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവ്വദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടും കൂടെ പകരം വീട്ടിയിരിക്കുകകൊണ്ട് 16യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ച് കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും. 17ഞാൻ ക്രോധശിക്ഷകളോടു കൂടെ അവരോട് മഹാപ്രതികാരം നടത്തും; ഞാൻ പ്രതികാരം നടത്തുമ്പോൾ, ഞാൻ യഹോവ എന്നു അവർ അറിയും.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 25: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.