യെഹെ. 17
17
ഒരു മുന്തിരിച്ചെടിയും രണ്ടു കഴുകന്മാരും
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2“മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്: 3‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ടതും പലനിറത്തിലുമുള്ള തൂവലുകൾ നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്ന് ഒരു ദേവദാരുവിന്‍റെ ശിഖരം എടുത്തു. 4അവൻ അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് വാണിജ്യപ്രാധാന്യമുള്ള ദേശത്ത് കൊണ്ടുചെന്ന്, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.
5“അവൻ ദേശത്തെ തൈകളിൽ ഒന്നെടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അത് ധാരാളം വെള്ളമുള്ള സ്ഥലത്ത് കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു. 6അത് വളർന്ന്, പൊക്കം കുറഞ്ഞ് പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്‍റെ വള്ളി അവന്‍റെനേരെ തിരിഞ്ഞിരുന്നു; അതിന്‍റെ വേരുകൾ താഴോട്ട് ആയിരുന്നു; ഇങ്ങനെ അത് മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കുകയും ചില്ലികളെ നീട്ടുകയും ചെയ്തു.
7“എന്നാൽ വലിയ ചിറകും വളരെ തൂവലും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അത് നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്‍റെ തടത്തിൽനിന്ന് വേരുകളെ അവന്‍റെനേരെ തിരിച്ച് കൊമ്പുകളെ അവന്‍റെനേരെ നീട്ടി. 8കൊമ്പുകളെ പുറപ്പെടുവിച്ച്, ഫലം കായിക്കുവാനും നല്ല മുന്തിരിവള്ളി ആയിത്തീരുവാനും തക്കവിധം അതിനെ ധാരാളം വെള്ളത്തിനരികിൽ നല്ലനിലത്ത് നട്ടിരുന്നു.
9“ഇതു സാദ്ധ്യമാകുമോ? അത് വാടിപ്പോകത്തക്കവണ്ണം, അതിന്‍റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്‍റെ വേരുകൾ മാന്തുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല. 10അത് നട്ടിരിക്കുന്നു സത്യം; അത് തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അത് വേഗം വാടിപ്പോകുകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറയുക.”
11യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 12“ഇതിന്‍റെ അർത്ഥം നിങ്ങൾ അറിയുന്നില്ലയോ” എന്നു നീ ആ മത്സരഗൃഹത്തോട് ചോദിച്ചിട്ട് അവരോടു പറയേണ്ടത്: “ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്‍റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടി ബാബേലിലേക്കു കൊണ്ടുപോയി; 13രാജസന്തതിയിൽ ഒരുവനെ അവൻ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്തു അവനെക്കൊണ്ട് സത്യംചെയ്യിച്ചു; 14രാജ്യം തന്നത്താൻ ഉയർത്താതെ താണിരുന്ന് അവന്‍റെ ഉടമ്പടി പ്രമാണിച്ച് നിലനിന്നുപോരേണ്ടതിന് അവൻ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി. 15എങ്കിലും അവനോട് മത്സരിച്ച് ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരണമെന്ന് പറയുവാൻ ദൂതന്മാരെ മിസ്രയീമിലേക്കു അയച്ചു: അവൻ കൃതാർത്ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ട് രക്ഷപ്പെടാൻ കഴിയുമോ?
16“എന്നാണ, അവനെ രാജാവാക്കിയ രാജാവിന്‍റെ സ്ഥലമായ ബാബേലിൽ, അവന്‍റെ അരികിൽ വച്ചു തന്നെ, അവൻ മരിക്കും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു; അവനോട് ചെയ്ത സത്യം അവൻ ധിക്കരിക്കുകയും അവനുമായുള്ള ഉടമ്പടി ലംഘിക്കുകയും ചെയ്തുവല്ലോ. 17അസംഖ്യം ജനത്തെ നശിപ്പിച്ചുകളയുവാൻ തക്കവിധം അവർ ഉപരോധം ഏർപ്പെടുത്തി, കോട്ട പണിയുമ്പോൾ ഫറവോൻ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടും കൂടി അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവർത്തിക്കുകയില്ല. 18അവൻ ഉടമ്പടി ലംഘിച്ച് സത്യം ധിക്കരിച്ചിരിക്കുന്നു; അവൻ കൈയടിച്ച് സത്യം ചെയ്തിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവൻ രക്ഷപെടുകയില്ല.”
19അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നാണ, അവൻ ധിക്കരിച്ചിരിക്കുന്ന എന്‍റെ സത്യവും ലംഘിച്ചിരിക്കുന്ന എന്‍റെ ഉടമ്പടിയും ഞാൻ അവന്‍റെ തലമേൽ വരുത്തും. 20ഞാൻ എന്‍റെ വല അവന്‍റെമേൽ വീശും; അവൻ എന്‍റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്ക് കൊണ്ടുചെന്ന്, അവൻ എന്നോട് ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ച് അവനോട് വ്യവഹരിക്കും. 21അവന്‍റെ ശ്രേഷ്ഠയോദ്ധാക്കൾ എല്ലാവരും അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവർ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.”
22യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്ത് നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്ന് ഞാൻ മുറിച്ചെടുത്തു ഉയരവും ഉന്നതവുമായ ഒരു പർവ്വതത്തിൽ നടും. 23യിസ്രായേലിന്‍റെ ഉയർന്ന പർവ്വതത്തിൽ ഞാൻ അത് നടും; അത് കൊമ്പുകളെ പുറപ്പെടുവിച്ച് ഫലം കായിച്ച് ഭംഗിയുള്ള ഒരു ദേവദാരുവായിത്തീരും; അതിന്‍റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികൾ പാർക്കും; അതിന്‍റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും. 24‘യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി, താണിരുന്ന വൃക്ഷത്തെ ഉയർത്തുകയും, പച്ചയായ വൃക്ഷത്തെ ഉണക്കി, ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കുകയും ചെയ്തിരിക്കുന്നു’ എന്നു കാട്ടിലെ സകലവൃക്ഷങ്ങളും അറിയും; യഹോവയായ ഞാൻ അത് പ്രസ്താവിച്ചും നിറവേറ്റിയും ഇരിക്കുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 17: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.