യെഹെ. 1
1
നാലു ജീവികളുടെ ദർശനം
1എന്റെ ആയുസിന്റെ മുപ്പതാം ആണ്ട് നാലാംമാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്ത് പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറക്കപ്പെട്ടു; ഞാൻ ദിവ്യദർശനങ്ങൾ കണ്ടു. 2യെഹോയാഖീൻ രാജാവിൻ്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ നാലാംമാസം അഞ്ചാം തീയതി തന്നെ, 3കല്ദയദേശത്ത് കെബാർനദീതീരത്തുവച്ച് ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാടു ഉണ്ടായി; അവിടെ യഹോവയുടെ കരവും അവന്റെമേൽ ഉണ്ടായിരുന്നു.
4ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും ഒരു വലിയ മേഘവും ആളിക്കത്തുന്ന തീയും വരുന്നത് കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽനിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു. 5അതിന്റെ നടുവിൽ നാലു ജീവികളുടെ രൂപസാദൃശ്യം കണ്ടു; അവയുടെ രൂപത്തിന് മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു. 6ഓരോന്നിന് നാലു മുഖവും നാലു ചിറകും വീതം ഉണ്ടായിരുന്നു. 7അവയുടെ കാൽ നിവർന്നതും, പാദങ്ങൾ കാളക്കിടാവിൻ്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു. 8അവയ്ക്കു നാലു ഭാഗത്തും ചിറകിന്റെ കീഴിലായി മനുഷ്യന്റെ കൈകൾ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇപ്രകാരം ആയിരുന്നു. 9അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
10അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്ത് സിംഹമുഖവും ഇടത്തുഭാഗത്ത് കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു. 11ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈ രണ്ടു ചിറകുകൾ തമ്മിൽ സ്പർശിച്ചും ഈ രണ്ടു ചിറകുകൾകൊണ്ട് ശരീരം മറച്ചും ഇരുന്നു. 12അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ട സ്ഥലത്തേക്ക് തന്നെ പോകും.
13ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അത് ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്ന് മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു. 14ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ജീവികളുടെ അരികിൽ നാലു മുഖത്തിനും നേരെ ഓരോ ചക്രം കണ്ടു. 16ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിൻ്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരേ ആകൃതി ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു. 17അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ല. 18അവയുടെ പട്ട പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിൻ്റെയും പട്ടകൾക്കു ചുറ്റും അടുത്തടുത്ത് കണ്ണുണ്ടായിരുന്നു.
19ജീവികൾ പോകുമ്പോൾ ചക്രങ്ങളും ഒപ്പം പോകും; ജീവികൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും. 20ആത്മാവിനു പോകേണ്ട സ്ഥലത്തെല്ലാം അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് ചക്രങ്ങൾ അവയോടുകൂടി പൊങ്ങും. 21ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടി പൊങ്ങും.
22ജീവികളുടെ തലയ്ക്കുമീതെ ഭയങ്കരമായ, പളുങ്കുപോലെയുള്ള ഒരു വിതാനത്തിൻ്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കുമീതെ വിരിഞ്ഞിരുന്നു. 23വിതാനത്തിൻ്റെ കീഴിൽ അവയുടെ ചിറകുകൾ നേർക്കുനേരെ വിടർന്നിരുന്നു; ഓരോ ജീവിക്കും ശരീരത്തിന്റെ ഇരുഭാഗവും മൂടുവാൻ ഈരണ്ടു ചിറകുകൾ വീതം ഉണ്ടായിരുന്നു. 24അവ പോകുമ്പോൾ ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്റെ ശബ്ദംപോലെയും സർവ്വശക്തനായ ദൈവത്തിന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും. 25അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
26അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിൻ്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന് മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. 27അവിടുത്തെ അരമുതൽ മേലോട്ടുള്ള ഭാഗം തീ നിറമുള്ള ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ട് തീപോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു. 28അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിൻ്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അത് കണ്ടിട്ട് ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുവന്റെ ശബ്ദവും ഞാൻ കേട്ടു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
യെഹെ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.