പുറ. 25
25
സമാഗമനകൂടാരത്തിലേക്ക് കൊണ്ടുവരേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ
1യഹോവ മോശെയോട് കല്പിച്ചത് എന്തെന്നാൽ: 2എനിക്ക് വഴിപാട് കൊണ്ടുവരുവാൻ യിസ്രായേൽ മക്കളോട് പറയുക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാട് വാങ്ങേണം. 3അവരോട് വാങ്ങേണ്ട വഴിപാടുകൾ: പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, 4ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, 5ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ#25:5 തഹശുതോൽ കടല് മൃഗത്തിന്റെ തോല്, ഖദിരമരം; 6വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗ്ഗം, 7ഏഫോദിനും #25:7 മാർപതക്കം - നെഞ്ചിൽ ധരിക്കുന്ന വസ്ത്രംമാർപതക്കത്തിനും പതിക്കുവാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവ തന്നെ. 8ഞാൻ അവരുടെ നടുവിൽ വസിക്കുവാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം. 9തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരം ഉണ്ടാക്കേണം.
10ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിന് രണ്ടരമുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. 11അത് മുഴുവനും തങ്കംകൊണ്ട് പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. 12അതിന് നാലു പൊൻവളയങ്ങൾ വാർപ്പിച്ച് നാലു കാലിലും ഇപ്പുറത്ത് രണ്ടു വളയങ്ങളും അപ്പുറത്ത് രണ്ടു വളയങ്ങളുമായി തറയ്ക്കേണം. 13ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം. 14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന് പെട്ടകത്തിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ അവ കടത്തണം. 15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്. 16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം.
17തങ്കംകൊണ്ട് കൃപാസനം#25:17 കൃപാസനം മൂടി, അടപ്പ് ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. 18പൊന്നുകൊണ്ട് രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിൻ്റെ രണ്ടു അറ്റത്തും അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം. 19ഒരു കെരൂബിനെ ഒരറ്റത്തും രണ്ടാമത്തെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകൾ കൃപാസനത്തിൻ്റെ ഭാഗമായി തോന്നേണ്ടതിന് അതിന്റെ രണ്ടു അറ്റവുമായി ബന്ധിപ്പിച്ചിരിക്കേണം. 20കെരൂബുകൾ മുകളിലേക്കു ചിറകുവിടർത്തി ചിറകുകൊണ്ട് കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന് നേരെ ഇരിക്കേണം. 21കൃപാസനത്തെ പെട്ടകത്തിന് മീതെ വയ്ക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്ത് വയ്ക്കേണം. 22അവിടെ ഞാൻ കൃപാസനത്തിന് മുകളിൽനിന്ന്, സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന, രണ്ടു കെരൂബുകളുടെ നടുവിൽ, നിനക്കു പ്രത്യക്ഷനാകും. യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോട് കല്പിക്കുവാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.
23ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം. 24അത് തങ്കംകൊണ്ട് പൊതിഞ്ഞ് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. 25ചുറ്റും അതിന് നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന് ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. 26അതിന് നാലു പൊൻവളയങ്ങൾ ഉണ്ടാക്കേണം; വളയം നാലു കാലിൻ്റെയും പാർശ്വങ്ങളിൽ തറയ്ക്കേണം. 27മേശ ചുമക്കേണ്ടതിന് തണ്ട് ഇടുവാൻ വേണ്ടി വളയം ചട്ടത്തോട് ചേർന്നിരിക്കേണം. 28തണ്ടുകൾ ഖദരിമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിയേണം; അവ കൊണ്ടു മേശ ചുമക്കേണം. 29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കേണം. 30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കേണം.
31തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിച്ചുപരത്തിയ തങ്കം കൊണ്ടായിരിക്കണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്ന് തന്നെ ആയിരിക്കേണം. 32നിലവിളക്കിൻ്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖകൾ, അതിന്റെ മറ്റെ വശത്ത് നിന്നും മൂന്നു ശാഖകൾ ഇങ്ങനെ ആറു ശാഖകൾ അതിന്റെ വശങ്ങളിൽനിന്ന് പുറപ്പെടേണം. 33ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടങ്ങളും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടങ്ങളും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറു ശാഖകൾക്കും അങ്ങനെ തന്നെ വേണം. 34വിളക്കുതണ്ടിലോ, മൊട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടങ്ങളും ഉണ്ടായിരിക്കേണം. 35അതിൽനിന്നുള്ള രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്ക് കീഴെ ഒരു മൊട്ടും ഇങ്ങനെ നിലവിളക്കിൽനിന്ന് പുറപ്പെടുന്ന ആറു ശാഖകൾക്കും വേണം. 36അവയുടെ മൊട്ടുകളും ശാഖകളും അതിൽനിന്ന് തന്നെ ആയിരിക്കേണം; മുഴുവനും അടിച്ചുപരത്തിയ തങ്കംകൊണ്ട് ഒറ്റ പണി ആയിരിക്കേണം. 37അതിന് ഏഴു ദീപങ്ങൾ ഉണ്ടാക്കി നേരെ മുമ്പോട്ട് പ്രകാശിക്കുവാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തണം. 38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കേണം. 39അതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു#25:39 താലന്തു 35 കിലോഗ്രാം തങ്കംകൊണ്ട് ഉണ്ടാക്കേണം. 40പർവ്വതത്തിൽവച്ച് കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 25: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.