പുറ. 14
14
ചെങ്കടൽ കടക്കുന്നു
1യഹോവ പിന്നെയും മോശെയോട് കല്പിച്ചത് എന്തെന്നാൽ: 2“നിങ്ങൾ തിരിഞ്ഞ് മിഗ്ദോലിനും കടലിനും മദ്ധ്യേ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം അടിക്കണമെന്ന് യിസ്രായേൽ മക്കളോട് പറയുക; അതിന്‍റെ സമീപത്ത് സമുദ്രത്തിനരികെ നിങ്ങൾ പാളയം അടിക്കണം. 3എന്നാൽ അവർ ദേശത്ത് അലഞ്ഞുതിരിയുന്നു; അവർ മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും. 4ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന് ഫറവോനിലും അവന്‍റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നെ മഹത്വപ്പെടുത്തും.”
5അവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീം രാജാവിന് അറിവ് കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ച് ഫറവോൻ്റെയും അവന്‍റെ ഭൃത്യന്മാരുടെയും മനസ്സുമാറി: “യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്ന് വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്താണ്?” എന്നു അവർ പറഞ്ഞു. 6പിന്നെ അവൻ രഥങ്ങളെയും പടജ്ജനത്തെയും സജ്ജമാക്കി. 7വിശേഷപ്പെട്ട അറുനൂറ് രഥങ്ങളും (600) മിസ്രയീമിലെ സകലരഥങ്ങളും അവയ്ക്ക് വേണ്ടുന്ന തേരാളികളെയും കൂട്ടി. 8യഹോവ മിസ്രയീം രാജാവായ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽ മക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽ മക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. 9ഫറവോന്‍റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽ-സെഫോന് സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ മിസ്രയീമ്യർ അവരോട് അടുത്തു.
10ഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽ മക്കൾ തല ഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നത് കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽ മക്കൾ യഹോവയോട് നിലവിളിച്ചു. 11അവർ മോശെയോട്: “മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടാണോ നീ ഞങ്ങളെ മരുഭൂമിയിൽ മരിക്കുവാൻ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? 12മിസ്രയീമ്യർക്ക് വേലചെയ്യുവാൻ ഞങ്ങളെ വിടണം എന്നു ഞങ്ങൾ മിസ്രയീമിൽ വച്ച് നിന്നോട് പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനേക്കാൾ മിസ്രയീമ്യർക്ക് വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്ക് നല്ലത്” എന്നു പറഞ്ഞു.
13അതിന് മോശെ ജനത്തോട്: “ഭയപ്പെടണ്ടാ; ഉറച്ചുനില്ക്കുവിൻ; യഹോവ ഇന്ന് നിങ്ങൾക്ക് ചെയ്യുവാനിരിക്കുന്ന രക്ഷ കണ്ടുകൊള്ളുവിൻ; നിങ്ങൾ ഇന്ന് കണ്ട മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. 14യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങൾ നിശ്ശബ്ദരായിരിക്കുവിൻ” എന്നു പറഞ്ഞു.
15അപ്പോൾ യഹോവ മോശെയോട് അരുളിച്ചെയ്തു: “നീ എന്നോട് നിലവിളിക്കുന്നത് എന്തിന്? മുമ്പോട്ടു പോകുവാൻ യിസ്രായേൽ മക്കളോടു പറയുക. 16വടി എടുത്ത് നിന്‍റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്കുക; യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. 17എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയം കഠിനമാക്കും; അവർ യിസ്രായേൽ മക്കളുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്‍റെ സകല സൈന്യത്തിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും. 18ഇങ്ങനെ ഞാൻ ഫറവോനിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും.”
19അതിനുശേഷം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്ന് മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്ന് മാറി അവരുടെ പിമ്പിൽ പോയി നിന്നു. 20രാത്രിമുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാത്തവിധം അത് അവരുടെ മദ്ധ്യേ വന്നു; മിസ്രയീമ്യർക്ക് മേഘവും അന്ധകാരവും ആയിരുന്നു; യിസ്രായേല്യർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. 21മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. 22യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.
23മിസ്രയീമ്യർ പിന്തുടർന്നു; ഫറവോന്‍റെ കുതിരകളും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്‍റെ നടുവിലേക്ക് ചെന്നു. 24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് മിസ്രയീം സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി. 25അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് മിസ്രയീമ്യർ: “നാം യിസ്രായേലിനെ വിട്ട് ഓടിപ്പോകുക; യഹോവ അവർക്ക് വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു” എന്നു പറഞ്ഞു.
26അപ്പോൾ യഹോവ മോശെയോട്: “വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന് കടലിന്മേൽ കൈ നീട്ടുക” എന്നു കല്പിച്ചു. 27മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചയ്ക്ക് കടൽ അതിന്‍റെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിവന്നു. മിസ്രയീമ്യർ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവിൽ തള്ളിയിട്ടു. 28വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയേയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുവൻപോലും ശേഷിച്ചില്ല.
29യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. 30ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്ന് രക്ഷിച്ചു; മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞ് കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു. 31യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
പുറ. 14: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.