എഫെ. 5:1-16

എഫെ. 5:1-16 IRVMAL

അതുകൊണ്ട് ദൈവത്തിന്‍റെ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിക്കുവിൻ. ക്രിസ്തുവും നിങ്ങളെ സ്നേഹിച്ച് നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിന് സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടക്കുവിൻ. ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്ക് ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, മ്ലേച്ഛസംസാരം ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിൻ്റെയും ദൈവത്തിന്‍റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. ഈ വക പ്രവൃത്തികൾ നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നത്. അതുകൊണ്ട് വ്യർത്ഥവാക്കുകൾ വിശ്വസിപ്പിച്ച് ആരും നിങ്ങളെ ചതിക്കരുത്. നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്. മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു. അതുകൊണ്ട് കർത്താവിന് പ്രസാദമായത് എന്തെന്ന് പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്ളുവിൻ. സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിൻ്റെ ഫലം. ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ വെളിപ്പെടുത്തുകയത്രേ വേണ്ടത്. അവർ ഗൂഢമായി ചെയ്യുന്നതു പറയുവാൻ പോലും ലജ്ജയാകുന്നു. സകലതും വെളിച്ചത്താൽ തെളിവാകുന്നു, കാരണം വെളിച്ചം എല്ലാത്തിന്മേലും പ്രകാശിക്കുന്നുവല്ലോ. അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്കുക; എന്നാൽ ക്രിസ്തു നിന്‍റെമേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു. ആകയാൽ സൂക്ഷ്മതയോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടു തന്നെ ജീവിക്കുവാൻ നോക്കുവിൻ. ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊള്ളുവിൻ.