എഫെ. 1
1
അഭിവാദനം
1ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശുദ്ധർക്കും ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്കും എഴുതുന്നത്: 2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
ക്രിസ്തുവിലുള്ള ആത്മികാനുഗ്രഹം
3സ്വർഗ്ഗത്തിലെ എല്ലാവിധ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
4അത്, നാം തന്‍റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകുന്നതിനുവേണ്ടി, അവൻ നമ്മെ ലോകസ്ഥാപനത്തിന് മുമ്പെ ക്രിസ്തുവിൽ തിരഞ്ഞെടുത്തപ്രകാരമത്രേ.
5തിരുഹിതത്തിൻ്റെ പ്രസാദപ്രകാരം, യേശുക്രിസ്തു മുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്, 6അവൻ പ്രിയനായവനിൽ നമുക്ക് സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്വത്തിൻ്റെ പുകഴ്ചയ്ക്കായി, സ്നേഹത്തിൽ നമ്മെ മുന്നിയമിക്കുകയും ചെയ്തുവല്ലോ; 7അവനിൽ നമുക്ക് തന്‍റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. 8അത്, അവൻ നമ്മോട് ധാരാളമായി കാണിച്ച കൃപാധനപ്രകാരമത്രേ.
9അവനിൽ താൻ മുൻ നിർണ്ണയിച്ച തന്‍റെ പ്രസാദത്തിനു തക്കവണ്ണം തന്‍റെ ഹിതത്തിൻ്റെ മർമ്മം സകലജ്ഞാനത്തിലും വിവേകത്തിലും അവൻ നമ്മോട് അറിയിച്ചു. 10അത് സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്ന കാലസമ്പൂർണ്ണതയിലെ വ്യവസ്ഥയ്ക്കുവേണ്ടി തന്നെ. 11അവനിൽ നാം അവകാശവും പ്രാപിച്ച്, തന്‍റെ ഹിതത്തിൻ്റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവൻ്റെ നിർണ്ണയപ്രകാരം ക്രിസ്തുവിൽ നാം മുൻനിയമിക്കപ്പെടുകയും ചെയ്തു.
12അത്, ക്രിസ്തുവിൽ മുന്നമേ ആശവച്ചവരായ ഞങ്ങൾ അവന്‍റെ മഹത്വത്തിന്‍റെ പുകഴ്ചയ്ക്കാകേണ്ടതിന് തന്നെ. 13അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം കേട്ടു, വിശ്വസിക്കുകയും ചെയ്തിട്ട്, 14തന്‍റെ മഹത്വത്തിന്‍റെ പുകഴ്ചയ്ക്കായി, തന്‍റെ സ്വന്ത ജനത്തിന്‍റെ വീണ്ടെടുപ്പിനായുള്ള നമ്മുടെ അവകാശത്തിന്‍റെ ഉറപ്പായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു.
കൃതജ്ഞതയും പ്രാർത്ഥനയും
15അതുനിമിത്തം നിങ്ങൾക്ക് കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും, സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ച് ഞാൻ കേട്ടിട്ടു, 16എന്‍റെ പ്രാർത്ഥനയിൽ നിങ്ങളെ ഓർത്തു, നിങ്ങൾക്ക് വേണ്ടി ഇടവിടാതെ സ്തോത്രം ചെയ്യുന്നു. 17നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ, ജ്ഞാനത്തിൻ്റെയും വെളിപാടിൻ്റെയും ആത്മാവിനെ നിങ്ങൾക്ക് തരുമാറാകട്ടെ. 18നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്, അവന്‍റെ വിളിയാലുള്ള ആശ എന്തെന്നും, വിശുദ്ധന്മാരിൽ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം എന്തെന്നും, 19വിശ്വസിക്കുന്ന നമുക്കുവേണ്ടിയുള്ള അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം എന്തെന്നും നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു. 20അവന്‍റെ ബലത്തിൻ വല്ലഭത്വത്താൽ പ്രവർത്തിക്കുന്ന ആ ശക്തി തന്നെ ക്രിസ്തുവിലും പ്രവർത്തിച്ച് അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുകയും, 21എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല, വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിനും അത്യന്തം മീതെയായി സ്വർഗ്ഗസ്ഥലങ്ങളിൽ, തന്‍റെ വലത്തുഭാഗത്ത് ഇരുത്തുകയും ചെയ്തു. 22സർവ്വവും അവന്‍റെ കാൽക്കീഴാക്കിവയ്ക്കുകയും, 23എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവൻ്റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭയ്ക്കായി സർവ്വത്തിനും മീതെ അവനെ തലയാക്കുകയും ചെയ്തിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
എഫെ. 1: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.