ആവർ. 31:15-22

ആവർ. 31:15-22 IRVMAL

അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്യുകയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കുകയും ചെയ്യും. എന്‍റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കുകയും എന്‍റെ മുഖം അവർക്ക് മറയ്ക്കുകയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്നു അവർ അന്നു പറയും. എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്നു എന്‍റെ മുഖം മറച്ചുകളയും. ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക. ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവയെ സേവിക്കുകയും എന്‍റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്യും. എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പ്, ഇന്ന് തന്നെ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു.” ആകയാൽ മോശെ അന്നു തന്നെ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു.