ആവർത്തനപുസ്തകം 31:15-22
ആവർത്തനപുസ്തകം 31:15-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിനു മീതെ നിന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും. എന്റെ കോപം അവരുടെ നേരേ ജ്വലിച്ചിട്ട് ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറയ്ക്കയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർഥങ്ങൾ നമുക്കു ഭവിച്ചത് എന്ന് അവർ അന്നു പറയും. എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് ചെയ്തിട്ടുള്ള സകല ദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും. ആകയാൽ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരേ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് വായ്പാഠമാക്കികൊടുക്കുക. ഞാൻ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ച് എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരേ സാക്ഷ്യം പറയും; ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കുംമുമ്പേ ഇന്നുതന്നെ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നുതന്നെ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.
ആവർത്തനപുസ്തകം 31:15-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ സർവേശ്വരൻ കൂടാരത്തിൽ മേഘസ്തംഭത്തിന്മേൽ അവർക്കു പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരവാതില്‌ക്കൽ നിന്നു. അവിടുന്നു മോശയോട് അരുളിച്ചെയ്തു: നീ മരണമടഞ്ഞു നിന്റെ പൂർവപിതാക്കന്മാരോടു ചേരാനുള്ള സമയം ആയിരിക്കുന്നു. ഈ ജനം തങ്ങൾ പാർക്കാൻ പോകുന്ന ദേശത്തിലെ അന്യദേവന്മാരുടെ പിന്നാലെ ചെന്ന് എന്നോട് അവിശ്വസ്തമായി പെരുമാറുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഞാൻ അവരോട് ചെയ്ത ഉടമ്പടി അവർ ലംഘിക്കും. അപ്പോൾ എന്റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാൻ അവരെ കൈവിടും; എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കും, അവർ നശിക്കും; അവർക്കു അനർഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനർഥങ്ങളെല്ലാം’ എന്ന് അവർ അപ്പോൾ പറയും. എന്നാൽ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകൾ നിമിത്തം ഞാൻ എന്റെ മുഖം അന്ന് അവരിൽനിന്നു മറയ്‍ക്കും. അതുകൊണ്ട് ഈ ഗാനം എഴുതി എടുത്ത് ഇസ്രായേൽജനത്തെ പഠിപ്പിക്കുക; അത് അവർക്കെതിരെയുള്ള സാക്ഷ്യമായിരിക്കും. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു ഞാൻ അവരെ നയിക്കും; അവിടെ അവർ തൃപ്തിയാകുവോളം ഭക്ഷിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവരെ സേവിക്കും. അവർ എന്നെ ഉപേക്ഷിക്കും; എന്റെ ഉടമ്പടി ലംഘിക്കും. എന്നാൽ പല അനർഥങ്ങളും കഷ്ടതകളും അവർക്കു സംഭവിക്കുമ്പോൾ ഈ ഗാനം അവർക്കു എതിരെ സാക്ഷ്യമായിരിക്കും. മറന്നുപോകാതെ അവരുടെ സന്തതികളുടെ നാവിൽ അതു നിലകൊള്ളും; അവർക്ക് നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരുടെ അന്തർഗതം ഞാൻ അറിയുന്നു. മോശ അന്നുതന്നെ ഈ ഗാനം എഴുതി ഇസ്രായേൽജനത്തെ പഠിപ്പിച്ചു.
ആവർത്തനപുസ്തകം 31:15-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന് മീതെ നിന്നു. യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ നിന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്യുകയും, എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കുകയും ചെയ്യും. എന്റെ കോപം അവരുടെ നേരെ ജ്വലിച്ച് ഞാൻ അവരെ ഉപേക്ഷിക്കുകയും എന്‍റെ മുഖം അവർക്ക് മറയ്ക്കുകയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലാത്തതുകൊണ്ടല്ലേ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചത്’ എന്നു അവർ അന്നു പറയും. എങ്കിലും അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവർ ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാൻ അന്നു എന്റെ മുഖം മറച്ചുകളയും. ആകയാൽ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിക്കുക; യിസ്രായേൽ മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് മനപാഠമാക്കിക്കൊടുക്കുക. ഞാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി പുഷ്ടിവച്ചിരിക്കുമ്പോൾ, അന്യദൈവങ്ങളുടെ അടുക്കലേക്ക് തിരിഞ്ഞ് അവയെ സേവിക്കുകയും എന്‍റെ നിയമം ലംഘിച്ച് എന്നെ പ്രകോപിപ്പിക്കുകയും ചെയ്യും. എന്നാൽ നിരവധി അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്ക് ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്ന് മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിന് മുമ്പ്, ഇന്ന് തന്നെ അവരുടെ നിരൂപണങ്ങൾ ഞാൻ അറിയുന്നു.” ആകയാൽ മോശെ അന്നു തന്നെ ഈ പാട്ടെഴുതി യിസ്രായേൽ മക്കളെ പഠിപ്പിച്ചു.
ആവർത്തനപുസ്തകം 31:15-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിന്നു മീതെനിന്നു. യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും. എന്റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറെക്കയും ചെയ്യും; അവർ നാശത്തിന്നിരയായ്തീരും; അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർത്ഥങ്ങൾ നമുക്കു ഭവിച്ചതു എന്നു അവർ അന്നു പറയും. എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവുംനിമിത്തം ഞാൻ അന്നു എന്റെ മുഖം മറെച്ചുകളയും. ആകയാൽ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവർക്കു വായ്പാഠമാക്കിക്കൊടുക്കുക. ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാൽ അനേകം അനർത്ഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാൻ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. ആകയാൽ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.
ആവർത്തനപുസ്തകം 31:15-22 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു. യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും. അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും. അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും. “ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും. ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും. നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.” അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.