ആവർ. 29

29
1ഹോരേബിൽവെച്ച് യിസ്രായേല്യരോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശെയോടു കല്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു:
ഉടമ്പടി പാലിക്കുന്നതിനുള്ള നിർദേശം
2മോശെ യിസ്രയേൽ ജനത്തെ വിളിച്ചുകൂട്ടി പറഞ്ഞത്: “യഹോവ മിസ്രയീമിൽ വച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്‍റെ സകലഭൃത്യന്മാരോടും അവന്‍റെ സർവ്വദേശത്തോടും ചെയ്തതെല്ലാം നിങ്ങൾ കണ്ടുവല്ലോ. 3നിങ്ങൾ കണ്ണുകൊണ്ട് കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാത്ഭുതങ്ങളും തന്നെ. 4എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്ക് ഇന്നുവരെയും തന്നിട്ടില്ല. 5ഞാൻ നാല്പതു വര്‍ഷം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണ്ണിച്ചിട്ടില്ല; കാലിലെ ചെരിപ്പ് പഴകിയിട്ടും ഇല്ല. 6യഹോവയായ ഞാൻ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ അറിയേണ്ടതിന് നിങ്ങൾ ഉണ്ടാക്കിയ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല. 7നിങ്ങൾ ഈ സ്ഥലത്തുവന്നപ്പോൾ ഹെശ്ബോൻ രാജാവായ സീഹോനും ബാശാൻരാജാവായ ഓഗും നമ്മുടെനേരെ യുദ്ധത്തിന് പുറപ്പെട്ടുവന്നു. 8എന്നാൽ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ചടക്കി രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു. 9ആകയാൽ നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയം ഉണ്ടാകേണ്ടതിന് ഈ നിയമത്തിന്‍റെ വചനങ്ങൾ പ്രമാണിച്ചു നടക്കുവിൻ.
10“ഇന്ന്, നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽ പുരുഷന്മാരും യഹോവയുടെ സന്നിധിയിൽ നില്ക്കുന്നു. 11നിങ്ങളോടൊപ്പം കുഞ്ഞുങ്ങൾ, ഭാര്യമാർ, നിന്‍റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും നില്ക്കുന്നു. 12ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെയും 13ഇന്ന് നിന്നെ തനിക്കു ജനമാക്കേണ്ടതിനും, യഹോവ നിനക്കു ദൈവമായിരിക്കേണ്ടതിനും 14യഹോവ ഇന്ന് നിന്നോട് ചെയ്യുന്ന ഉടമ്പടിയിലേക്കും ആണയിലേക്കും പ്രവേശിക്കുവാൻ അവന്‍റെ സന്നിധിയിൽ നില്ക്കുന്നു. 15ഞാൻ ഈ ഉടമ്പടിയും ആണയും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല, ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന എല്ലാവരോടും, ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും കൂടെയാകുന്നു.
16“നാം മിസ്രയീം ദേശത്ത് എങ്ങനെ വസിച്ചു എന്നും നിങ്ങൾ കടന്നുവന്ന ജനതകളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ? 17അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ ഉള്ള മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്. 18ആ ജനതകളുടെ ദേവന്മാരെ സേവിക്കുവാനായി നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും, കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരുവേരും അരുത്.
19അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങൾ കേൾക്കുമ്പോൾ: “വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാൻ ഹൃദയകാഠിന്യത്തിൽ നടന്നാലും എനിക്ക് സുഖം ഉണ്ടാകും” എന്നു പറഞ്ഞ് തന്‍റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും. 20അവനോട് ക്ഷമിക്കുവാൻ മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്‍റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം സകലവും അവന്‍റെമേൽ വരും; യഹോവ ആകാശത്തിൻകീഴിൽനിന്ന് അവന്‍റെ നാമം മായിച്ചുകളയും. 21ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്‍റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേർതിരിക്കും#29:21 വേർതിരിക്കും ഓടിച്ചുവിടും.
22നിങ്ങളുടെ ഭാവിതലമുറയിലെ മക്കളും, ദൂരദേശത്തുനിന്നു വരുന്ന അന്യനും, ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും കാണും. 23യഹോവ തന്‍റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും കൊയ്ത്തും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ: 24“യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തതെന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത്?” എന്നു സകലജനതകളും ചോദിക്കും.
25“ആ ചോദ്യത്തിന് മറുപടി എന്തെന്നാൽ: “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീം ദേശത്തുനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു; 26അവർ അറിയുകയോ അവർക്ക് നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ സേവിക്കുകയും നമസ്കരിക്കുകയും ചെയ്തു. 27അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഈ ദേശത്തിന്മേൽ വരത്തക്കവണ്ണം യഹോവയുടെ കോപം അതിന്‍റെ നേരെ ജ്വലിച്ചു. 28യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടി അവരെ അവരുടെ ദേശത്തുനിന്ന് പറിച്ചുകളയുകയും ഇന്നത്തെപ്പോലെ അവരെ മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു.
29“മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്‍റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ആവർ. 29: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക