ആവർ. 22
22
ജീവനും വിശുദ്ധിയും സൂക്ഷിക്കുക
1”സഹോദരന്‍റെ കാളയോ ആടോ വഴിതെറ്റി അലയുന്നത് നീ കണ്ടാൽ, ഒഴിഞ്ഞുകളയാതെ, അതിനെ സഹോദരന്‍റെ അടുക്കൽ എത്തിച്ചു കൊടുക്കേണം. 2ആ സഹോദരൻ നിനക്കു സമീപസ്ഥനല്ല, നീ ഉടമസ്ഥനെ അറിയുകയും ഇല്ല എങ്കിൽ അതിനെ നിന്‍റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരൻ അതിനെ അന്വേഷിച്ച് വരുംവരെ അത് നിന്‍റെ അടുക്കൽ ഇരിക്കേണം; പിന്നെ അവനു മടക്കിക്കൊടുക്കേണം. 3അങ്ങനെ തന്നെ അവന്‍റെ കഴുതയുടെയും, വസ്ത്രത്തിൻ്റെയും, അവന്‍റെ അടുക്കൽനിന്ന് കാണാതെ പോയതും നീ കണ്ടെത്തിയതുമായ ഏതു വസ്തുവിൻ്റെയും കാര്യത്തിലും ചെയ്യേണം; ഈ കാര്യത്തിൽ നിന്ന് നീ ഒഴിഞ്ഞുകളയരുത്.
4”സഹോദരന്‍റെ കഴുതയോ കാളയോ വഴിയിൽ വീണുകിടക്കുന്നത് നീ കണ്ടാൽ ഒഴിഞ്ഞുപോകാതെ അതിനെ എഴുന്നേല്പിക്കാൻ അവനെ സഹായിക്കേണം.
5”പുരുഷന്‍റെ വസ്ത്രം സ്ത്രീയും, സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരെ എല്ലാം നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.
6”മരത്തിന്മേലോ നിലത്തോ, കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂട് നീ വഴിയിൽവച്ച് കാണുകയും, തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെ മീതെയോ മുട്ടകളുടെ മീതെയോ ഇരിക്കുകയും ചെയ്യുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടി തള്ളയെ പിടിക്കരുത്. 7നിനക്കു നന്നായിരിക്കുവാനും ദീർഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുക്കാം.
8”ഒരു പുതിയ വീട് പണിതാൽ നിന്‍റെ വീടിന്‍റെ മുകളിൽനിന്ന് ആരെങ്കിലും വീണ് വീടിന്മേൽ രക്തപാതകം വരാതിരിക്കുന്നതിന് നീ അതിന് കൈമതിൽ ഉണ്ടാക്കേണം. 9നിന്‍റെ മുന്തിരിത്തോട്ടത്തിൽ മറ്റേതെങ്കിലും വിത്ത് വിതയ്ക്കരുത്; അങ്ങനെ ചെയ്താൽ നീ വിതച്ച വിത്തിൻ്റെ വിളവും മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും#22:9 മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും വിശുദ്ധമായത് വിശുദ്ധ മന്ദിരത്തില്‍ കൊണ്ടുപോകാനുള്ളതും വിശുദ്ധമന്ദിരം വകയ്ക്ക് ചേർന്നുപോകും.
10”കാളയെയും കഴുതയെയും ഒന്നിച്ച് പൂട്ടി നിലം ഉഴരുത്. 11ആട്ടുരോമവും ചണവും കൂടിക്കലർന്ന വസ്ത്രം ധരിക്കരുത്.
12”നീ പുതയ്ക്കുന്ന പുതപ്പിൻ്റെ നാലു കോണുകളിലും തൊങ്ങലുണ്ടാക്കേണം.
ദാമ്പത്യബന്ധത്തിൽ അവിശ്വസ്തത
13”ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം അവളോട് വെറുപ്പ് തോന്നി. 14“ഞാൻ വിവാഹം കഴിച്ച ഈ സ്ത്രീയിൽ കന്യകാലക്ഷണം കണ്ടില്ല” എന്നു പറഞ്ഞ്, അവൾക്ക് നാണക്കേട് വരുത്തി, അപവാദം പറഞ്ഞുണ്ടാക്കിയാൽ 15യുവതിയുടെ അമ്മയപ്പന്മാർ അവരുടെ മകൾ കന്യകയായിരുന്നു എന്നതിൻ്റെ തെളിവുമായി പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതില്‍ക്കൽ വരേണം. 16യുവതിയുടെ അപ്പൻ മൂപ്പന്മാരോട്: “ഞാൻ എന്‍റെ മകളെ ഈ പുരുഷന് ഭാര്യയായി കൊടുത്തു; എന്നാൽ അവനു അവളോടു അനിഷ്ടമായിരിക്കുന്നു. 17എന്‍റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞ് അവൾക്ക് നാണക്കേട് വരുത്തുന്നു; എന്നാൽ എന്‍റെ മകൾ കന്യകയായിരുന്നു എന്നതിന് തെളിവ് ഇതാ” എന്നു പറഞ്ഞ് പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം കാണിക്കേണം. 18അപ്പോൾ പട്ടണത്തിലെ മൂപ്പന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷിക്കേണം. 19അവൻ യിസ്രായേലിൽ ഒരു കന്യകയെക്കുറിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവർ അവനോട് നൂറ് വെള്ളിക്കാശ് പിഴ ഈടാക്കി യുവതിയുടെ അപ്പന് കൊടുക്കേണം; അവൾ അവനു തന്നെ ഭാര്യയായിരിക്കേണം; അവൻ തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
20”എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്ന വാക്ക് സത്യം ആയിരുന്നാൽ 21അവർ യുവതിയെ അവളുടെ അപ്പന്‍റെ വീട്ടുവാതില്‍ക്കൽ കൊണ്ടുപോയി അവൾ യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് അപ്പന്‍റെ വീട്ടിൽവച്ച്#22:21 അപ്പന്‍റെ വീട്ടിൽവച്ച് വീട്ടിൽ ആയിരിക്കുമ്പോള്‍ വേശ്യാദോഷം ചെയ്യുകകൊണ്ട് അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.
22”ഒരു പുരുഷന്‍റെ ഭാര്യയായ സ്ത്രീയോടുകൂടി മറ്റൊരുവൻ ശയിക്കുന്നത് കണ്ടാൽ ആ പുരുഷനും സ്ത്രീയും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം.
23”വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുവൻ പട്ടണത്തിൽവച്ചു കണ്ടു അവളോടുകൂടി ശയിച്ചാൽ 24പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ട് യുവതിയും, കൂട്ടുകാരന്‍റെ ഭാര്യയ്ക്ക് അപമാനം വരുത്തിയതുകൊണ്ട് ആ പുരുഷനും മരണയോഗ്യർ. നിങ്ങൾ അവരെ ഇരുവരെയും പട്ടണവാതില്‍ക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.
25”എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുവൻ വയലിൽവച്ച് കണ്ടു ബലാൽക്കാരം ചെയ്തു അവളോടുകൂടി ശയിച്ചാൽ പുരുഷൻ മാത്രം മരണശിക്ഷ അനുഭവിക്കേണം. 26യുവതിയെ ഒന്നും ചെയ്യരുത്; അവൾക്ക് മരണയോഗ്യമായ പാപമില്ല. ഒരുവൻ കൂട്ടുകാരന്‍റെ നേരെ കയർത്ത് അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം. 27വയലിൽവച്ചാണ് അവൻ അവളെ കണ്ടെത്തിയത്; യുവതി നിലവിളിച്ചാലും അവളെ രക്ഷിക്കുവാൻ ആരും ഇല്ലായിരുന്നു.
28”വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുവൻ കണ്ടു അവളെ പിടിച്ച് അവളോടുകൂടി ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്താൽ 29അവളോടുകൂടി ശയിച്ച പുരുഷൻ യുവതിയുടെ അപ്പന് അമ്പത് വെള്ളിക്കാശ് കൊടുക്കേണം; അവൾ അവന്‍റെ ഭാര്യയാവുകയും വേണം. അവൻ അവൾക്ക് അപമാനം വരുത്തിയല്ലോ; അവൻ തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.
30”അപ്പന്‍റെ ഭാര്യയെ#22:30 അപ്പന്‍റെ ഭാര്യയെ അപ്പന്‍റെ ഏതൊരു ഭാര്യയെയും ആരും പരിഗ്രഹിക്കരുത്; അപ്പന്‍റെ വസ്ത്രം നീക്കുകയും അരുത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 22: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.