ആവർ. 17
17
1”ഏതെങ്കിലും ന്യൂനതയോ വൈരൂപ്യമോ ഉള്ള കാളയെയോ ആടിനെയോ നിന്‍റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കരുത്; അത് നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പാകുന്നു.
2”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലും ദൈവത്തിന് അനിഷ്ടമായത് ചെയ്തു അവന്‍റെ നിയമം ലംഘിക്കുകയും 3ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യ ദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ, ശേഷമുള്ള ആകാശത്തിലെ സൈന്യത്തെയോ സേവിച്ച് നമസ്കരിക്കുകയും ചെയ്ത പുരുഷനോ സ്ത്രീയോ നിങ്ങളുടെ ഇടയിൽ ഉണ്ടെന്ന് 4നിനക്കു അറിവു കിട്ടിയാൽ നീ നല്ലവണ്ണം പരിശോധിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്തവവും കാര്യം യഥാർത്ഥവും എന്നു കണ്ടാൽ 5ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന് പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. 6മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്. 7അവനെ കൊല്ലുന്നതിന് ആദ്യം സാക്ഷികളുടെയും പിന്നെ സർവ്വജനത്തിൻ്റെയും കൈ അവന്‍റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.
വ്യവഹാരങ്ങൾ
8”നിന്‍റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ, വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ, അടികലശലാകട്ടെ, ഇങ്ങനെയുള്ള ആവലാധികാര്യങ്ങളിൽ ഏതെങ്കിലും വിധിപ്പാൻ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ടു നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം. 9ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്‍റെ അടുക്കലും ചെന്നു ചോദിക്കേണം; അവർ നിനക്കു വിധി പറഞ്ഞുതരും. 10യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവർ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവർ ഉപദേശിച്ചുതരുന്നതുപോലെ എല്ലാം ചെയ്യുവാൻ ജാഗ്രതയായിരിക്കേണം. 11അവർ ഉപദേശിച്ചുതരുന്ന പ്രമാണവും പറഞ്ഞുതരുന്ന വിധിയും അനുസരിച്ച് നീ ചെയ്യേണം; അവർ പറഞ്ഞുതരുന്ന വിധി വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്. 12നിന്‍റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തുനില്ക്കുന്ന പുരോഹിതൻ്റെയോ ന്യായാധിപൻ്റെയോ വാക്ക് കേൾക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവൻ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്ന് ദോഷം നീക്കിക്കളയേണം. 13ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം.
രാജാവിനെപ്പറ്റിയുള്ള നിർദ്ദേശങ്ങൾ
14”നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്നു അത് കൈവശമാക്കി അവിടെ വസിച്ചതിനു ശേഷം: “എന്‍റെ ചുറ്റമുള്ള സകല ജനതകളെയുംപോലെ ഞാൻ ഒരു രാജാവിനെ എന്‍റെ മേൽ ആക്കും” എന്നു പറയുമ്പോൾ 15നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്‍റെമേൽ ആക്കേണം; നിന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുവനെ നിന്‍റെമേൽ രാജാവാക്കേണം; നിന്‍റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ രാജാവാക്കരുത്.
16”എന്നാൽ അവനു അനവധി കുതിരകൾ ഉണ്ടാകരുത്. അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത്#17:16 അധികം കുതിരകളെ സമ്പാദിക്കുന്നതിന് ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ അവൻ ഇടവരുത്തരുത് അധികം കുതിരകളെ ലഭിക്കുവാനായി അടിമകളെ കൈ മാറ്റത്തിനായി മിസ്രയിമിലേക്ക് അയക്കരുത്; ‘മേലിൽ ആ വഴിക്ക് തിരിയരുത്’ എന്നു യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുണ്ടല്ലോ. 17അവന്‍റെ ഹൃദയം തിരിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.
18”അവൻ തന്‍റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്‍റെ ഒരു പകർപ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. 19ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്ന് തന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കുന്നതിന് അത് അവന്‍റെ കൈവശം ഇരിക്കുകയും 20അവന്‍റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്‍റെ പുത്രന്മാരും യിസ്രായേലിന്‍റെ ഇടയിൽ ദീർഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവൻ തന്‍റെ ആയുഷ്ക്കാലം ഒക്കെയും അത് വായിക്കുകയും വേണം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആവർ. 17: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.