ആമോ. 5
5
ഒരു വിലാപവും മാനസാന്തരത്തിനുള്ള ആഹ്വാനവും
1യിസ്രായേൽ ഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ!
2യിസ്രായേൽകന്യക വീണിരിക്കുന്നു;
ഇനി എഴുന്നേൽക്കുകയും ഇല്ല;
അവൾ നിലത്തോട് പറ്റിക്കിടക്കുന്നു;
അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല.
3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“യിസ്രായേൽഗൃഹത്തിൽ ആയിരംപേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും;
നൂറ് പേരുമായി പുറപ്പെട്ടതിൽ പത്തുപേർ മാത്രം ശേഷിക്കും.”
4യഹോവ യിസ്രായേൽ ഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
“നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ.
5ബേഥേലിനെ അന്വേഷിക്കരുത്;
ഗില്ഗാലിലേയ്ക്ക് പോകരുത്;
ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്;
ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും;
ബെഥേൽ ശൂന്യമായിത്തീരും.
6നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിക്കുവിൻ;
അല്ലെങ്കിൽ അവിടുന്ന് ബേഥേലിൽ ആർക്കും
കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ
യോസേഫ്ഗൃഹത്തിൽ കടന്ന്
അതിനെ ദഹിപ്പിച്ചുകളയും.
7ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും
നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ,
8കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും
അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും
പകലിനെ രാത്രിയാക്കി തീർക്കുകയും
സമുദ്രത്തിലെ വെള്ളത്തെ വിളിച്ച്
ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ;
യഹോവ എന്നാകുന്നു അവിടുത്തെ നാമം.
9അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം
ബലവാന്‍റെ മേൽ നാശം പെയ്യിക്കുന്നു.
10ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും
പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
11അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും
അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ
നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും;
അതിൽ പാർക്കുകയില്ലതാനും;
നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും;
അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും;
12നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും
ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ,
നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും
നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു.
13അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു;
ഇത് ദുഷ്ക്കാലമല്ലോ;
14നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല
നന്മ തന്നെ അന്വേഷിക്കുവിൻ;
അപ്പോൾ നിങ്ങൾ പറയുന്നതുപോലെ
സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ഇരിക്കും.
15നിങ്ങൾ തിന്മ വെറുത്ത് നന്മ ഇച്ഛിച്ച്
ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ;
പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ
യോസേഫിൽ ശേഷിപ്പുള്ളവരോട് കൃപ കാണിക്കും.
16അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു;
സകല വീഥികളിലും വിലാപം ഉണ്ടാകും;
എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും;
അവർ കൃഷിക്കാരെ ദുഃഖിക്കുവാനും
വിലാപക്കാരെ വിലപിക്കുവാനും വിളിക്കും.
17ഞാൻ നിന്‍റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട്
എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും”
എന്ന് യഹോവ അരുളിച്ചെയ്യുന്നു.
18യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം!
യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം!
അത് വെളിച്ചമല്ല ഇരുട്ടത്രേ.
19അത് ഒരുവൻ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി
കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും
വീട്ടിൽ ചെന്നു ചുമരിൽ കൈ ചാരുമ്പോൾ
സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു.
20യഹോവയുടെ ദിവസം വെളിച്ചമല്ല,
ഇരുൾ തന്നെയല്ലോ;
ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ.
21നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു;
നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല.
22നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും
ഞാൻ പ്രസാദിക്കുകയില്ല;
തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ
ഞാൻ സ്വീകരിക്കുകയില്ല.
23നിന്‍റെ പാട്ടുകളുടെ സ്വരം എന്‍റെ മുമ്പിൽനിന്ന് നീക്കുക;
നിന്‍റെ വീണാനാദം ഞാൻ കേൾക്കുകയില്ല.
24എന്നാൽ ന്യായം വെള്ളംപോലെയും
നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
25യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക്
നാല്പത് വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
26നിങ്ങൾ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വിഗ്രഹങ്ങളായ
നക്ഷത്രദേവൻ കീയൂനെയും
നിങ്ങളുടെ രാജാവ് സിക്കൂത്തിനെയും
നിങ്ങൾ ചുമന്നുകൊണ്ട് പോകേണ്ടിവരും.
27ഞാൻ നിങ്ങളെ ദമസ്കൊസിന് അപ്പുറം
പ്രവാസത്തിലേക്കു പോകുമാറാക്കും”
എന്ന് യഹോവ അരുളിച്ചെയ്യുന്നു;
സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ആമോ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.