പ്രവൃത്തികൾ 5:27-39

പ്രവൃത്തികൾ 5:27-39 IRVMAL

അങ്ങനെ അവരെ കൊണ്ടുവന്ന് ന്യായാധിപസംഘത്തിന്മുമ്പാകെ നിർത്തി; മഹാപുരോഹിതൻ അവരെ ചോദ്യംചെയ്തു. “യേശുവിന്‍റെ നാമത്തിൽ ഉപദേശിക്കരുത് എന്നു ഞങ്ങൾ നിങ്ങളോട് അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിലെ ജനങ്ങളെ മുഴുവൻ നിങ്ങളുടെ ഉപദേശംകൊണ്ട് നിറച്ചിരിക്കുന്നു; ആ യേശുവിന്‍റെ രക്തത്തിൻ്റെ കുറ്റം ഞങ്ങളുടെമേൽ വരുത്തുവാൻ ഇച്ഛിക്കുന്നു” എന്നു പറഞ്ഞു. അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും പറഞ്ഞത്: “മനുഷ്യരേക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു. നിങ്ങൾ ക്രൂശിൽ തറച്ചുകൊന്ന യേശുവിനെ തന്നെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു; യിസ്രായേലിനു മാനസാന്തരവും പാപമോചനവും നല്കുവാൻ, ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലതു ഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു. ഈ സംഭവങ്ങൾക്ക് ഞങ്ങളും, ദൈവം തന്നെ അനുസരിക്കുന്നവർക്ക് നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അപ്പൊസ്തലന്മാരെ കൊന്നുകളയുവാൻ ഭാവിച്ചു. അപ്പോൾ എല്ലാജനങ്ങളും ബഹുമാനിക്കുന്ന ന്യായപ്രമാണത്തിന്‍റെ ഉപദേഷ്ടാവായ ഗമാലിയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റ്, അപ്പൊസ്തലന്മാരെ കുറച്ചുനേരത്തേക്ക് പുറത്താക്കുവാൻ കല്പിച്ചു. അവരെ പുറത്താക്കിയതിന് ശേഷം അവൻ അവരോട്: “യിസ്രായേൽ പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്ത് ചെയ്‌വാൻ തീരുമാനിക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ. കുറച്ചുകാലങ്ങൾക്ക് മുൻപ് ത്യൂദാസ് എന്നൊരുവൻ എഴുന്നേറ്റ് താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറ് പുരുഷന്മാർ അവനോടുകൂടെ ചേർന്നു എങ്കിലും അവൻ കൊല്ലപ്പെടുകയും അവനെ അനുഗമിച്ചവർ എല്ലാവരും ചിതറി ഒന്നുമില്ലാതാകുകയും ചെയ്തു. അവന്‍റെ ശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യ കണക്കെടുപ്പിന്റെ കാലത്ത് എഴുന്നേറ്റ് ജനത്തെ തന്‍റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഇത് മാനുഷികമായ ആലോചനയോ പ്രവൃത്തിയോ ആണെങ്കിൽ അത് നശിച്ചുപോകും; ദൈവികം എങ്കിലോ നിങ്ങൾക്ക് അത് നശിപ്പിപ്പാൻ കഴിയുകയില്ല; നിങ്ങൾ ദൈവത്തോട് പോരാടുന്നു എന്നു വരരുതല്ലോ” എന്നു പറഞ്ഞു. അവർക്ക് അത് ബോധിച്ചു.