പ്രവൃത്തികൾ 4:1-21

പ്രവൃത്തികൾ 4:1-21 IRVMAL

പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിൻ്റെയും യോഹന്നാന്‍റെയും നേരെ വന്നു, യേശുവിനേയും മരിച്ചവരിൽ നിന്നുള്ള തന്‍റെ പുനരുത്ഥാനത്തെയും കുറിച്ച് പത്രൊസും യോഹന്നാനും ജനത്തെ ഉപദേശിക്കുകയാൽ അവർ നീരസപ്പെട്ടു. അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾവരെ തടവിലാക്കി. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളമായി. പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി; മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു. അവർ പത്രൊസിനെയും യോഹന്നാനെയും നടുവിൽ നിർത്തി: “എന്ത് അധികാരത്താലും ആരുടെ നാമത്തിലും ആകുന്നു നിങ്ങൾ ഇത് ചെയ്തത്?” എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ലപ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ? നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്‍റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നെ. മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” അവർ പത്രൊസിൻ്റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു; സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു. അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തു പോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: “ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്‍റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ മുമ്പാകെ ന്യായമോ എന്നു നിങ്ങൾ വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യം കൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു.