2 ശമു. 3:22-39

2 ശമു. 3:22-39 IRVMAL

അപ്പോൾ ദാവീദിന്‍റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ഇല്ലായിരുന്നു. യോവാബും കൂടെയുള്ള സകലസൈന്യവും വന്നപ്പോൾ: “നേരിന്‍റെ മകനായ അബ്നേർ രാജാവിന്‍റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി. യോവാബ്, രാജാവിന്‍റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്‍റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്? അവൻ പോയല്ലോ! നേരിന്‍റെ മകനായ അബ്നേർ നിന്നെ ചതിക്കുവാനും നിന്‍റെ പോക്കും വരവും ഗ്രഹിക്കുവാനും നീ ചെയ്യുന്നതെല്ലാം അറിയുവാനുമാണ് വന്നത് എന്നു നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു. യോവാബ് ദാവീദിന്‍റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്‍റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും. അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്‍റെ സഹോദരനായ അസാഹേലിന്‍റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു. പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്‍റെ മകനായ അബ്നേരിന്‍റെ രക്തം സംബന്ധിച്ച് എനിക്കും എന്‍റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല. അത് യോവാബിന്‍റെ തലമേലും അവന്‍റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്‍റെ കുടുംബത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതെയിരിക്കുകയില്ല” എന്നു പറഞ്ഞു. അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്‍റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു. ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്‍റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ്‌ രാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു. അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്‍റെ കല്ലറയ്ക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു. രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: “അബ്നേരേ, ഒരു മഠയനെപ്പോലെയോ മരിക്കേണ്ടത്? നിന്‍റെ കൈകൾ ബന്ധിച്ചിരുന്നില്ല; നിന്‍റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ വീണുപോകും പോലെ നീ വീണുപോയല്ലോ.” സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു. നേരം വൈകുംമുമ്പ് ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിക്കുവാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പ് ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു ദാവീദ് സത്യംചെയ്തു പറഞ്ഞു. ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതെല്ലാം സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു. നേരിന്‍റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്‍റെ അറിവോടുകൂടിയല്ല എന്നു സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി. രാജാവ് തന്‍റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ? ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്‍റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.