2 ശമു. 23:18-39

2 ശമു. 23:18-39 IRVMAL

യോവാബിന്‍റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്‍റെ കുന്തം മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു. ആ മൂന്നുപേരിൽ അബീശായി ആയിരുന്നു മാനം ഏറിയവൻ. അതുകൊണ്ട് അവൻ അവർക്ക് തലവനായിത്തീർന്നു. എങ്കിലും അവൻ ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരും അരീയേലിന്‍റെ പുത്രന്മാരുമായ രണ്ടു വീരന്മാരെ കൊന്നതുകൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നു. അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്‍റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; എന്നാൽ അവൻ ഒരു വടിയുംകൊണ്ട് അവന്‍റെ അടുക്കൽ ചെന്നു മിസ്രയീമ്യന്‍റെ കയ്യിൽനിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു. ഇത് യെഹോയാദയുടെ മകനായ ബെനായാവ് ചെയ്തു, മൂന്നു വീരന്മാരിൽ കീർത്തി പ്രാപിച്ചു. അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും ആദ്യത്തെ മൂന്നുപേരോളം വരുകയില്ല. ദാവീദ് അവനെ തന്‍റെ അംഗരക്ഷകരുടെ നായകനാക്കി. യോവാബിന്‍റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്-ലേഹേമ്യനായ ദോദോവിന്‍റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ, പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്‍റെ മകൻ ഈരാ, അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ, നെത്തോഫാത്യൻ മഹരായി, നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി, പിരാഥോന്യൻ ബെനായ്യാവ്, നഹലേഗാശ് അരുവികളിൽനിന്ന് ഹിദ്ദായി, അർബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്, ശാൽബോന്യൻ എല്യഹ്ബാ, യാശേന്‍റെ പുത്രന്മാർ: യോനാഥാൻ, ഹാരാര്യൻ ശമ്മ, അരാര്യനായ ശാരാരിന്‍റെ മകൻ അഹീരാം, മയഖാത്യന്‍റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗീലോന്യനായ അഹീഥോഫെലിന്‍റെ മകൻ എലീയാം, കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി, സോബക്കാരനായ നാഥാന്‍റെ മകൻ യിഗാൽ, ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോയോത്യൻ നഹരായി. യിത്രീയൻ ഈരാ, യിത്രിയൻ ഗാരേബ്, ഹിത്യൻ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തേഴു പേരുണ്ടായിരുന്നു.