2 പത്രൊ. 1:3-10

2 പത്രൊ. 1:3-10 IRVMAL

തന്‍റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ച ദൈവത്തിന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നമുക്ക് നൽകിയിരിക്കുന്നുവല്ലോ. അവയാൽ അവൻ നമുക്ക് വിലയേറിയതും അതിമഹത്വവുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിന്‍റെ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ട് ദിവ്യസ്വഭാവത്തിന് കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു. ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും പരിജ്ഞാനത്തിലൂടെ ഇന്ദ്രിയജയവും ഇന്ദ്രിയജയത്തിലൂടെ സ്ഥിരതയും സ്ഥിരതയിലൂടെ ഭക്തിയും ഭക്തിയിലൂടെ സഹോദരപ്രീതിയും സഹോദരപ്രീതിയാൽ സ്നേഹവും കൂട്ടിക്കൊൾവിൻ. ഈ കാര്യങ്ങളെല്ലാം നിങ്ങളിൽ ഉണ്ടായിരിക്കുകയും വർദ്ധിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ച് വ്യർത്ഥന്മാരും നിഷ്ഫലന്മാരും ആയിരിക്കയില്ല. എന്നാൽ അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്‍റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ. അതുകൊണ്ട് സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ.