2 രാജാ. 8
8
ശൂനേംകാരത്തി മടങ്ങിവരുന്നു
1അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: “നീയും നിന്‍റെ കുടുംബവും ഇവിടെനിന്നു പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്ളുക; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴു വര്‍ഷം ദേശത്ത് ഉണ്ടായിരിക്കും” എന്നു പറഞ്ഞു. 2ആ സ്ത്രീ ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും കുടുബവും ഫെലിസ്ത്യദേശത്തു ഏഴു വര്‍ഷം പരദേശവാസം ചെയ്തു.
3ഏഴു വര്‍ഷം കഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്‍റെ നഷ്ടപ്പെട്ട വീടും നിലവും സംബന്ധിച്ച് രാജാവിനോടു സങ്കടം ബോധിപ്പിക്കുവാൻ ചെന്നു. 4ആ സമയം രാജാവ് ദൈവപുരുഷന്‍റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കുകയായിരുന്നു. “എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെ നീ എന്നോട് വിവരിച്ചുപറക” എന്നു രാജാവ് കല്പിച്ചു. 5മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നെ എലീശാ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന ആ സ്ത്രീ വന്നു തന്‍റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു.
അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ഇവൾ തന്നെ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നെ” എന്നു പറഞ്ഞു.
6രാജാവ് സ്ത്രീയോട് ചോദിച്ചപ്പോൾ അവളും അത് വിവരിച്ച് പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: “അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്‍റെ ആദായവും ഇവൾക്കു കൊടുപ്പിക്കേണം” എന്നു കല്പിച്ചു.
ഹസായേൽ ബെൻ-ഹദദിനെ വധിക്കുന്നു
7അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാം രാജാവായ ബെൻ-ഹദദ് രോഗിയായി കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ട് എന്നു അവന് അറിവുകിട്ടി. 8രാജാവ് ഹസായേലിനോട്#8:8 ഹസായേലിനോട് രാജാവിന്‍റെ അധികാരികളില്‍ ഒരുവനോട് : “ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ട്, ‘ഈ ദീനം മാറി എനിക്ക് സൗഖ്യം വരുമോ?’ എന്നു അവൻ മുഖാന്തരം യഹോവയോടു ചോദിക്ക” എന്നു പറഞ്ഞു.
9അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ എല്ലാതരത്തിലും ഉള്ള വിശേഷവസ്തുക്കൾ തിരഞ്ഞെടുത്ത് നാല്പത് ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ട് അവന്‍റെ മുമ്പിൽനിന്നു: “നിന്‍റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു; ‘ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ?’ എന്നു ചോദിക്കുന്നു” എന്നു പറഞ്ഞു.
10അതിന് എലീശാ: നീ ചെന്നു അവനോട്: “നിനക്കു നിശ്ചയമായി സൗഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്നു പറഞ്ഞു. 11പിന്നെ അവനു ലജ്ജ തോന്നുവോളം ഇമവെട്ടാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.
12“യജമാനൻ കരയുന്നത് എന്ത്?” എന്നു ഹസായേൽ ചോദിച്ചതിന് അവൻ: “നീ യിസ്രായേൽ മക്കളോട് ചെയ്യുവാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നെ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിൽ ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ട് കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു കൊല്ലുകയും അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കയും ചെയ്യും” എന്നു പറഞ്ഞു.
13“ഈ മഹാകാര്യം ചെയ്യുവാനിരിക്കുന്ന നായായ അടിയൻ എന്തുമാത്രമുള്ളു” എന്നു ഹസായേൽ പറഞ്ഞതിന് എലീശാ: “നീ അരാമിൽ രാജാവാകുമെന്ന് യഹോവ എനിക്ക് വെളിപ്പെടുത്തിത്തന്നിരിക്കുന്നു” എന്നു പറഞ്ഞു.
14അവൻ എലീശയെ വിട്ട് പുറപ്പെട്ടു തന്‍റെ യജമാനന്‍റെ അടുക്കൽ വന്നപ്പോൾ: “എലീശാ നിന്നോട് എന്ത് പറഞ്ഞു?” എന്നു അവൻ ചോദിച്ചു. “നിനക്കു നിശ്ചയമായി സൗഖ്യം വരും എന്നു അവൻ എന്നോട് പറഞ്ഞു” എന്നു അവൻ ഉത്തരം പറഞ്ഞു.
15പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്ത് വെള്ളത്തിൽ മുക്കി അവന്‍റെ മുഖത്തിട്ടു; അതിനാൽ അവൻ ശ്വാസം മുട്ടി മരിച്ചുപോയി; ഹസായേൽ അവനു പകരം രാജാവായി.
യെഹൂദാ രാജാവായ യെഹോരാം
16യിസ്രായേൽ രാജാവായ ആഹാബിന്‍റെ മകനായ യോരാമിന്‍റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ, യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നെ, യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ മകൻ യെഹോരാം യെഹൂദയിൽ രാജാവായി. 17അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു വര്‍ഷം യെരൂശലേമിൽ വാണു. 18ആഹാബിന്‍റെ മകൾ അവന് ഭാര്യയായിരുന്നതുകൊണ്ട് അവൻ ആഹാബ് ഗൃഹത്തെപ്പോലെ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്കു അനിഷ്ടമായുള്ളത് ചെയ്തു. 19എങ്കിലും യഹോവ തന്‍റെ ദാസനായ ദാവീദിനോട്, അവനും അവന്‍റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും, എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്‍റെ നിമിത്തം യെഹൂദയെ നശിപ്പിക്കുവാൻ തനിക്കു മനസ്സായില്ല.
20അവന്‍റെ കാലത്ത് ഏദോമ്യർ യെഹൂദായുടെ അധികാരത്തോടു മത്സരിച്ചു തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു. 21അപ്പോൾ യെഹോരാം നിരവധി രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റ് തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; പടയാളികൾ തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി. 22ഏദോമ്യർ യെഹൂദായുടെ അധികാരത്തോട് ഇന്നുവരെ മത്സരിച്ചു നില്ക്കുന്നു; ആ കാലത്ത് തന്നെ ലിബ്നയും മത്സരിച്ചു.
23യെഹോരാമിന്‍റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 24യെഹോരാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.
യെഹൂദാ രാജാവായ അഹസ്യാവ്
25യിസ്രായേൽ രാജാവായ ആഹാബിന്‍റെ മകൻ യോരാമിന്‍റെ വാഴ്ചയുടെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോരാമിന്‍റെ മകൻ അഹസ്യാവ് രാജാവായി.
26അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയുടെ പേർ അഥല്യാ എന്നായിരുന്നു; അവൾ യിസ്രായേൽ രാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു. 27അവൻ ആഹാബ് ഗൃഹത്തിന്‍റെ വഴിയിൽ നടന്ന് ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായ കാര്യങ്ങൾ ചെയ്തു; അവൻ ആഹാബിന്‍റെ ഗൃഹത്തോട് വിവാഹബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
28അവൻ ആഹാബിന്‍റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാം രാജാവായ ഹസായേലിനോട് യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു. 29അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവച്ച് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽ ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്‍റെ മകനായ യോരാം രോഗിയായതുകൊണ്ട് യെഹൂദാ രാജാവായ യെഹോരാമിന്‍റെ മകൻ അഹസ്യാവ് യിസ്രയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 രാജാ. 8: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.