2 ദിന. 3
3
ശലോമോൻ ദൈവാലയം പണിയുന്നു
1അനന്തരം ശലോമോൻ യെരൂശലേമിൽ തന്‍റെ അപ്പനായ ദാവീദിനു യഹോവ പ്രത്യക്ഷനായ മോറിയാപർവ്വതത്തിൽ, യെബൂസ്യനായ ഒർന്നാന്‍റെ മെതിക്കളത്തിൽ ദാവീദ് തയാറാക്കിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാൻ തുടങ്ങി. 2തന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്.
3ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്‍റെ അളവുകൾ പഴയ#3:3 ദാവീദ് കൊടുത്ത മാതൃകയിലെ കണക്ക് പ്രകാരം കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം. 4മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്‍റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്‍റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
5ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു. 6അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു. 7അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു.
8അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്‍റെ നീളവും വീതിയും ആലയത്തിന്‍റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്തു തങ്കംകൊണ്ട് അത് പൊതിഞ്ഞു. 9അതിന്‍റെ ആണികളുടെ തൂക്കം അമ്പത് ശേക്കൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു.
10അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു. 11കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ചു മുഴം വീതം നീളം, ഒന്നാമത്തെ കെരൂബിന്‍റെ ഒരു ചിറക് മറ്റേ കെരൂബിന്‍റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്‍റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു. 12രണ്ടാമത്തെ കെരൂബിന്‍റെ ഒരു ചിറകു ആലയത്തിന്‍റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്‍റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു. 13അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു.
14നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി.
15അവൻ ആലയത്തിന്‍റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ചു മുഴം ഉയരമുള്ള മകുടങ്ങളും നിർമ്മിച്ചു. 16അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു. 17അവൻ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 3: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.