2 ദിന. 23
23
അഥല്യാക്കെതിരെ വിപ്ലവം
1ഏഴാം വർഷം യെഹോയാദാ പുരോഹിതൻ ധൈര്യപ്പെട്ട്, യെഹോരാമിന്‍റെ മകൻ അസര്യാവ് യെഹോഹാനാന്‍റെ മകൻ യിശ്മായേൽ, ഓബേദിന്‍റെ മകൻ അസര്യാവ്, അദായാവിന്‍റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോട് സഖ്യത ചെയ്തു. 2അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാ നഗരങ്ങളിൽ നിന്നും ലേവ്യരെയും യിസ്രായേലിന്‍റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു. 3സർവ്വസഭയും ദൈവാലയത്തിൽവച്ച് രാജകുമാരനോട് ഉടമ്പടിചെയ്തു.
അവൻ അവരോട് പറഞ്ഞത്: “ദാവീദിന്‍റെ പുത്രന്മാരെക്കുറിച്ച് യഹോവ അരുളിച്ചെയ്തതുപോലെ രാജകുമാരന്‍ തന്നെ രാജാവാകേണം. 4നിങ്ങൾ ഇപ്രകാരം ചെയ്യേണം: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം. 5മൂന്നിൽ ഒരു ഭാഗം രാജധാനിയിലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം. 6എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവച്ച് ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവർ ശുദ്ധീകരിക്കപ്പെട്ടരിക്കയാൽ അവർക്ക് ആലയത്തിൽ കടക്കാം; എന്നാൽ ജനം എല്ലാം യഹോവയുടെ പ്രമാണം സൂക്ഷിക്കേണം. 7ലേവ്യരോ, ഓരോരുത്തൻ താന്താന്‍റെ ആയുധം ധരിച്ചുകൊണ്ട് രാജാവിന് ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്ത് വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.“
8ലേവ്യരും എല്ലാ യെഹൂദയും യെഹോയാദാ പുരോഹിതൻ കല്പിച്ചതുപോലെ ചെയ്തു; ഓരോരുത്തൻ താന്താന്‍റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും തവണമാറി വരുന്നവരെയും, കൂട്ടിക്കൊണ്ട് വന്നു; യെഹോയാദാ പുരോഹിതൻ ഗണങ്ങളെ ശുശ്രൂഷക്കുശേഷം വിട്ടയച്ചിരുന്നില്ല. 9യെഹോയാദാ പുരോഹിതൻ, ദൈവാലയത്തിൽ ഉണ്ടായിരുന്ന ദാവീദ് രാജാവിന്‍റെ കുന്തങ്ങളും ചെറുപരിചകളും വൻ പരിചകളും ശതാധിപന്മാർക്ക് കൊടുത്തു. 10അവൻ സകലജനത്തെയും താന്താന്‍റെ കയ്യിൽ ആയുധവുമായി ആലയത്തിന്‍റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരെ രാജാവിന്‍റെ ചുറ്റും നിർത്തി; 11അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ച് സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ രാജാവായി അഭിഷേകം ചെയ്തു: “രാജാവേ, ജയജയ” എന്നു ആർത്തുവിളിച്ചു.
12ജനം ഓടി വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്‍റെ അടുക്കൽ വന്നു. 13പ്രവേശനകവാടത്തിൽ രാജാവ് തന്‍റെ തൂണിന്‍റെ അരികെ നില്ക്കുന്നതും അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമെല്ലാം സന്തോഷിച്ച് കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: “ദ്രോഹം, ദ്രോഹം!” എന്നു പറഞ്ഞു.
14യെഹോയാദാ പുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്ത് വരുത്തി അവരോട്: “അവളെ കാവലോടുകൂടി പുറത്തു കൊണ്ടുപോകുക; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം” എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവച്ച് കൊല്ലരുത് എന്നു പുരോഹിതൻ കല്പിച്ചിരുന്നു. 15അങ്ങനെ അവർ അവളെ പിടിച്ചു; അവൾ രാജധാനിക്കു സമീപം കുതിരവാതിലിന്‍റെ പ്രവേശനകവാടത്തിൽ എത്തിയപ്പോൾ അവിടെവച്ച് അവർ അവളെ കൊന്നുകളഞ്ഞു.
16അനന്തരം യെഹോയാദാ, തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവ്വജനവും രാജാവും തമ്മിൽ ഒരു ഉടമ്പടിചെയ്തു. 17പിന്നെ ജനമെല്ലാം ബാലിന്‍റെ ക്ഷേത്രത്തിലേക്കു ചെന്നു അത് ഇടിച്ച് അവന്‍റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ച് കൊന്നുകളഞ്ഞു.
18ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്, യെഹോയാദാ, യഹോവയുടെ ആലയത്തിന് ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗസ്ഥരേയും നിയമിച്ചു. 19ഏതെങ്കിലും വിധത്തിൽ അശുദ്ധനായ ഒരുവനും അകത്ത് കടക്കാതെയിരിക്കേണ്ടതിന് അവൻ യഹോവയുടെ ആലയത്തിന്‍റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
20അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്‍റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് പുറത്തേക്ക് ആനയിച്ച് മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്ക് കൊണ്ടുവന്ന് സിംഹാസനത്തിൽ ഇരുത്തി. 21ദേശത്തിലെ സകലജനവും സന്തോഷിച്ചു; അഥല്യയെ അവർ വാൾകൊണ്ട് കൊന്നുകളഞ്ഞതിനാൽ യെരൂശലേം നഗരം സ്വസ്ഥമായിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 23: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.