2 ദിന. 17
17
യെഹൂദാ രാജാവായ യെഹോശാഫാത്ത്
1അവന്‍റെ മകൻ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവൻ യിസ്രായേലിനെതിരെ പ്രബലനായിത്തീർന്നു. 2അവൻ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം സൈന്യങ്ങളെ ആക്കി; യെഹൂദാ ദേശത്തും തന്‍റെ അപ്പനായ ആസാ പിടിച്ചടക്കിയ എഫ്രയീം പട്ടണങ്ങളിലും കാവൽ പട്ടാളങ്ങളെയും നിർത്തി. 3യെഹോശാഫാത്ത് തന്‍റെ പൂർവപിതാവായ ദാവീദിന്‍റെ ആദ്യകാലത്തെ വഴികളിൽ നടക്കയും ബാല്‍ വിഗ്രഹങ്ങളെ ആശ്രയിക്കാതെ 4തന്‍റെ പിതാവിന്‍റെ ദൈവത്തെ അന്വേഷിക്കുകയും യിസ്രായേലിന്‍റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു. 5യഹോവ അവന് രാജത്വം ഉറപ്പിച്ചുകൊടുത്തു; യെഹൂദാ ജനമെല്ലാം യെഹോശാഫാത്തിനു കാഴ്ച കൊണ്ടു വന്നു; അവനു വളരെ ധനവും ബഹുമാനവും ഉണ്ടായി. 6അവന്‍റെ ഹൃദയം യഹോവയുടെ വഴികളിൽ സന്തോഷിക്കയും അവൻ പൂജാഗിരികളും അശേരാപ്രതിഷ്ഠകളും യെഹൂദയിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. 7അവൻ തന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാ നഗരങ്ങളിൽ ഉപദേശിപ്പാനായി ബെൻ-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്‍റെ പ്രഭുക്കന്മാരെയും 8അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവ്, തോബീയാവ്, തോബ്-അദോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു. 9അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
10യഹോവയിൽ നിന്നുള്ള ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോട് യുദ്ധം ചെയ്തില്ല. 11ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിന് കാഴ്ചയും, കരമായി വെള്ളിയും കൊണ്ടുവന്നു; അരാബരും അവന് ഏഴായിരത്തെഴുനൂറ് ആട്ടുകൊറ്റന്മാരും ഏഴായിരത്തെഴുനൂറ് വെള്ളാട്ടുകൊറ്റന്മാരുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു.
12യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീർന്നു; യെഹൂദായിൽ കോട്ടകളും സംഭരണ നഗരങ്ങളും പണിതു. 13അവനു യെഹൂദാ നഗരങ്ങളിൽ വളരെ വസ്തുവകകൾ ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു. 14പിതൃഭവനം അനുസരിച്ച് അവരുടെ സംഖ്യ ഇപ്രകാരമായിരുന്നു: യെഹൂദായുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ; 15അവനുശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം (2,80,000) പേർ; 16അവനുശേഷം മനഃപൂർവ്വമായി യഹോവയ്ക്ക് ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം (2,00,000) പരാക്രമശാലികൾ; 17ബെന്യാമീനിൽ നിന്നു പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷംപേർ; 18അവനുശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരുലക്ഷത്തി എൺപതിനായിരം (1,80,000) പേർ.
19രാജാവ് യെഹൂദായിലെല്ലായിടത്തും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ ഇവരും രാജാവിന് സേവ ചെയ്തുവന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 ദിന. 17: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന്‍ റിവൈസ്ഡ് വേര്‍ഷന്‍ - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.