2 ദിന. 10

10
രാജ്യം വിഭജിക്കപ്പെടുന്നു
1രെഹബെയാമിനെ രാജാവാക്കേണ്ടതിന് യിസ്രായേൽ ജനമെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു. 2എന്നാൽ ശലോമോൻ രാജാവിന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്‍റെ മകൻ യൊരോബെയാം അതു കേട്ടു അവിടെനിന്ന് മടങ്ങിവന്നു. 3അവർ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും യിസ്രായേൽ ജനവും വന്ന് രെഹബെയാമിനോട്: 4“നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; ആകയാൽ നിന്‍റെ അപ്പന്‍റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചു തരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്നു പറഞ്ഞു.
5അവൻ അവരോട്: “മൂന്നുദിവസം കഴിഞ്ഞിട്ട് വീണ്ടും എന്‍റെ അടുക്കൽ വരുവീൻ” എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. 6രെഹബെയാം രാജാവ് തന്‍റെ അപ്പനായ ശലോമോന്‍റെ കാലത്ത് അവന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധജനത്തോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾക്ക് എന്തുപദേശം നൽകാനുണ്ട്” എന്നു ചോദിച്ചു.
7അവർ അവനോട്: “നീ ജനത്തോടു ദയകാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോട് നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു.
8എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ച്, തന്നോടുകൂടെ വളർന്ന, തന്നോടൊപ്പം നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: 9“നിന്‍റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നു എന്നോടു ആവശ്യപ്പെടുന്ന ഈ ജനത്തോട് ഞാൻ ഉത്തരം പറയാൻ നിങ്ങൾ എന്താലോചന നൽകുന്നു” എന്നു അവരോടു ചോദിച്ചു.
10അവനോട് കൂടെ വളർന്ന യൗവനക്കാർ അവനോട്: “നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അത് ഭാരം കുറച്ചുതരേണം എന്നു നിന്നോട് പറഞ്ഞ ജനത്തോട്, ‘എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. 11എന്‍റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വച്ചു; ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ട് അടിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ട് ദണ്ഡിപ്പിക്കും’ എന്നിങ്ങനെ നീ ഉത്തരം പറയേണം” എന്നു പറഞ്ഞു.
12മൂന്നാംദിവസം വീണ്ടും എന്‍റെ അടുക്കൽ വരുവീൻ എന്നു രാജാവ് പറഞ്ഞ പ്രകാരം യൊരോബെയാമും സകലജനവും മൂന്നാംദിവസം അവന്‍റെ അടുക്കൽ വന്നു. 13എന്നാൽ രാജാവ് അവരോട് കഠിനമായി ഉത്തരം പറഞ്ഞു; രെഹബെയാം വൃദ്ധന്മാരുടെ ആലോചന തള്ളിക്കളഞ്ഞ് 14യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: “എന്‍റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന് ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു; ഞാനോ മുൾചാട്ട#10:14 മുൾചാട്ട തേള്‍കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും” എന്നു ഉത്തരം പറഞ്ഞു.
15ഇങ്ങനെ രാജാവ് ജനത്തിന്‍റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്‍റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.
16രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കുകയില്ല എന്നു യിസ്രായേൽജനം കണ്ടപ്പോൾ അവർ രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ പുത്രന്‍റെ മേൽ ഞങ്ങൾക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്‍റെ കൂടാരത്തിലേക്ക് പൊയ്ക്കൊൾക; ദാവീദേ, നിന്‍റെ ഗൃഹം നീ തന്നെ നോക്കിക്കൊൾക” എന്നു ഉത്തരം പറഞ്ഞ് യിസ്രായേൽ ജനമെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. 17യെഹൂദാ നഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കു മാത്രം രെഹബെയാം രാജാവായിത്തീർന്നു.
18പിന്നെ രെഹബെയാംരാജാവ് അടിമവേലക്കാരുടെ മേൽവിചാരകനായ ഹദോരാമിനെ യിസ്രായേൽ ജനത്തിന്‍റെ അടുക്കൽ അയച്ചു; എന്നാൽ അവർ അവനെ കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിച്ചുപോയി. 19ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോട് മത്സരിച്ചു നില്ക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 ദിന. 10: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

2 ദിന. 10 - നുള്ള വീഡിയോ