1 ശമു. 30
30
ദാവീദ് അമാലേക്യരെ നശിപ്പിക്കുന്നു
1ദാവീദും അവന്‍റെ ആളുകളും മൂന്നാംദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ച് ചുട്ടുകളഞ്ഞിരുന്നു. 2അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയതല്ലാതെ ആരെയും കൊന്നില്ല.
3ദാവീദും അവന്‍റെ ആളുകളും പട്ടണത്തിലേക്ക് വന്നപ്പോൾ അത് തീവെച്ച് ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു. 4അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരയുവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു. 5യിസ്രയേൽക്കാരി അഹീനോവം, കർമ്മേല്ക്കാരൻ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്‍റെ രണ്ടു ഭാര്യമാരെയും അവർ പിടിച്ചു കൊണ്ടുപോയിരുന്നു. 6ദാവീദ് വലിയ ദുഃഖത്തിലായി; ജനത്തിൽ ഓരോരുത്തരുടെയും ഹൃദയം അവരവരുടെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ കല്ലെറിയേണമെന്ന് ജനം പറഞ്ഞു; ദാവീദ് തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.
7ദാവീദ് അഹീമേലെക്കിന്‍റെ മകനായ അബ്യാഥാർപുരോഹിതനോട്: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു. അബ്യാഥാർ ഏഫോദ് ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു.
8അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ കൂട്ടത്തെ പിന്തുടരേണമോ? ഞാൻ അവരെ പിടികൂടുമോ” എന്നു ചോദിച്ചു.
“പിന്തുടരുക; നീ അവരെ നിശ്ചയമായി പിടികൂടി സകലവും വീണ്ടുകൊള്ളും” എന്നു അരുളപ്പാടുണ്ടായി.
9അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് പേരും ബെസോർതോട്ടിൽ എത്തി; ബാക്കിയുള്ളവർ അവിടെ താമസിച്ചു. 10ബെസോർതോടു കടക്കുവാൻ കഴിയാതെ ക്ഷീണിച്ചിട്ട് ഇരുനൂറ് പേർ പുറകിൽ താമസിച്ചു. ദാവീദും നാനൂറുപേരും പിന്തുടർന്നുചെന്നു.
11അവർ വയലിൽവെച്ച് ഒരു മിസ്രയീമ്യനെ കണ്ടു ദാവീദിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവന് അപ്പം കൊടുത്തു. അവൻ തിന്നു; അവന് കുടിക്കുവാൻ വെള്ളവും കൊടുത്തു. 12അവർ അവന് ഒരു കഷണം അത്തിയടയും രണ്ടു ഉണക്കമുന്തിരിക്കുലയും കൊടുത്തു; അത് തിന്നപ്പോൾ അവന്‍റെ ശക്തി അവന് തിരികെ ലഭിച്ചു; മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.
13ദാവീദ് അവനോട്: “നീ ആരുടെ ആൾ? നീ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചതിന്
അവൻ: “ഞാൻ ഒരു മിസ്രയീമ്യബാല്യക്കാരൻ; ഒരു അമാലേക്യന്‍റെ ഭൃത്യൻ. മൂന്നുദിവസം മുമ്പെ എനിക്ക് രോഗം പിടിച്ചതുകൊണ്ടു എന്‍റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു. 14ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്‍റെ തെക്കെദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.”
15ദാവീദ് അവനോട്: “ആ കൂട്ടത്തിന്‍റെ അടുക്കലേക്ക് നീ വഴികാണിച്ചുതരുമോ” എന്നു ചോദിച്ചതിന്
അവൻ: “നീ എന്നെ കൊല്ലുകയോ എന്‍റെ യജമാനന്‍റെ കയ്യിൽ ഏല്പിക്കുകയോ ചെയ്കയില്ലെന്നു ദൈവനാമത്തിൽ എന്നോട് സത്യം ചെയ്താൽ അവരുടെ അടുക്കലേക്ക് വഴികാണിച്ചുതരാം” എന്നു പറഞ്ഞു.
16അങ്ങനെ അവൻ ദാവീദിനെ കൂട്ടിക്കൊണ്ട് ചെന്നപ്പോൾ അവർ ഭൂതലത്തെങ്ങും പരക്കുകയും, തിന്നുകയും കുടിക്കുകയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദാദേശത്തുനിന്നും അപഹരിച്ച് കൊണ്ടുവന്ന വലിയ കൊള്ളകൊണ്ട് ഉത്സവം ഘോഷിക്കയും ചെയ്യുന്നത് കണ്ടു. 17ദാവീദ് അവരെ സന്ധ്യമുതൽ പിറ്റെന്നാൾ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്ത് കയറി ഓടിപോയ നാനൂറ് ബാല്യക്കാർ അല്ലാതെ അവരിൽ ഒരുവനും രക്ഷപെട്ടില്ല. 18അമാലേക്യർ അപഹരിച്ച് കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടെടുത്തു; തന്‍റെ രണ്ടു ഭാര്യമാരെയും ദാവീദ് രക്ഷപെടുത്തി. 19അവർ അപഹരിച്ച് കൊണ്ടുപോയതിൽ ചെറുതോ, വലുതോ, പുത്രന്മാരോ, പുത്രിമാരോ, കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു. 20ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാല്‍ക്കാലികൾക്ക് മുമ്പിൽ നടത്തി: “ഇത് ദാവീദിന്‍റെ കൊള്ളമുതൽ” എന്നു പറഞ്ഞു.
21ദാവീദിനോടുകൂടെ പോകുവാൻ കഴിയാതെ ക്ഷീണിച്ച് ബെസോർതോട്ടിൽ താമസിപ്പിച്ചിരുന്ന ഇരുനൂറുപേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോൾ അവർ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റ് ചെന്നു; ദാവീദ് ജനത്തിന്‍റെ സമീപത്ത് വന്ന് അവരോട് കുശലം ചോദിച്ചു. 22എന്നാൽ ദാവീദിനോടുകൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ#30:22 നീചരുമായ ബെലിയാലുമായ, 1 ശമുവേല്‍ 1:16 നോക്കുക ഏവരും: “ഇവർ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്‍റെ ഭാര്യയെയും മക്കളെയും ഒഴികെ അവർക്ക് ഒന്നും കൊടുക്കരുത്, അവരെ അവർ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളട്ടെ” എന്നു പറഞ്ഞു.
23അപ്പോൾ ദാവീദ്: “എന്‍റെ സഹോദരന്മാരേ; നമ്മെ രക്ഷിക്കുകയും നമ്മുടെനേരെ വന്ന കൂട്ടത്തെ നമ്മുടെ കയ്യിൽ ഏല്പിക്കുകയും ചെയ്ത യഹോവ നമുക്ക് തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങൾ ഇങ്ങനെ ചെയ്യരുത്. 24ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആർ സമ്മതിക്കും? യുദ്ധത്തിന് പോകുന്നവന്‍റെ ഓഹരിയും സാധനങ്ങൾക്കരികെ താമസിക്കുന്നവന്‍റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവർ സമാംശമായി ഭാഗിച്ചെടുക്കേണം” എന്നു പറഞ്ഞു. 25അന്നുമുതൽ കാര്യം അങ്ങനെ തന്നെ നടന്നു; അവൻ അത് യിസ്രായേലിനു ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.
26ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാർക്ക് കൊള്ളയിൽ ഒരംശം കൊടുത്തയച്ച്: “ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങൾക്ക് ഒരു സമ്മാനം” എന്നു പറഞ്ഞു.
27ബേഥേലിൽ ഉള്ളവർക്കും തെക്കേ രാമത്തിലുള്ളവർക്കും യത്ഥീരിൽ ഉള്ളവർക്കും 28അരോവേരിൽ ഉള്ളവർക്കും സിഫ്മോത്തിലുള്ളവർക്കും എസ്തെമോവയിലുള്ളവർക്കും 29രാഖാലിലുള്ളവർക്കും യെരഹ്മേല്യരുടെ പട്ടണങ്ങളിലുള്ളവർക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവർക്കും 30-31ഹോർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്‍റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമു. 30: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.