1 ശമു. 1:1-8

1 ശമു. 1:1-8 IRVMAL

എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീം ഗ്രാമത്തില്‍ എല്ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു; അവൻ യെരോഹാമിന്‍റെ മകൻ ആയിരുന്നു; യെരോഹാമിന്‍റെ പിതാവ് എലീഹൂ. എലീഹൂവിന്‍റെ പിതാവ് തോഹൂ. എഫ്രയീമ്യനായ സൂഫിന്‍റെ മകനായിരുന്നു തോഹൂ. എല്ക്കാനായ്ക്ക് രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്ക് മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്ക് മക്കൾ ഇല്ലായിരുന്നു. അവൻ സൈന്യങ്ങളുടെ യഹോവയെ നമസ്കരിക്കുവാനും യാഗം അർപ്പിക്കുവാനും തന്‍റെ പട്ടണത്തിൽനിന്ന് എല്ലാ വർഷവും ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി അവിടെ ഉണ്ടായിരുന്നു. എല്ക്കാനാ യാഗം കഴിക്കുമ്പോഴെല്ലാം തന്‍റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുക്കും. അവൻ ഹന്നായെ സ്നേഹിച്ചിരുന്നത് കൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവൾക്ക് മക്കളെ നല്കിയിരുന്നില്ല. യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ പ്രതിയോഗിയായ പെനിന്നാ അവളെ വ്യസനിപ്പിക്കത്തക്കവണ്ണം പ്രകോപിപ്പിച്ചു. ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തെല്ലാം അവൾ അങ്ങനെ ചെയ്യുമായിരുന്നു. പെനിന്നാ അവളെ പ്രകോപിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു. അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: “ഹന്നേ, നീ എന്തിന് കരയുന്നു? എന്തിന് പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്ക് പത്തു പുത്രന്മാരേക്കാൾ നല്ലതല്ലയോ” എന്നു പറഞ്ഞു.