1 പത്രൊ. 1:3-8

1 പത്രൊ. 1:3-8 IRVMAL

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താൽ തന്‍റെ കരുണാധിക്യപ്രകാരം തന്‍റെ ജീവനുള്ള പ്രത്യാശയ്ക്കായി, അവൻ നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. അതുമൂലം അഴുകിപ്പോകാത്തതും മാലിന്യപ്പെടാത്തതും വാടിപ്പോകാത്തതുമായ ഒരു അവകാശം സ്വർഗ്ഗത്തിൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. വിശ്വാസത്താൽ രക്ഷയ്ക്കായി, ദൈവശക്തിയിൽ കാത്ത് സൂക്ഷിക്കപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് ഇത് അന്ത്യനാളുകളിൽ വെളിപ്പെട്ട് വരും. ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ. നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും. കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ.