1 കൊരി. 9
9
അപ്പൊസ്തലൻ്റെ അവകാശം
1ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? കർത്താവിൽ ഞാൻ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങൾ അല്ലയോ? 2മറ്റുള്ളവർക്ക് ഞാൻ അപ്പൊസ്തലൻ അല്ലെങ്കിൽ നിങ്ങൾക്കെങ്കിലും ആകുന്നു; എന്തെന്നാൽ കർത്താവിൽ എന്‍റെ അപ്പൊസ്തലത്വത്തിൻ്റെ മുദ്ര#9:2 മുദ്ര എന്നാൽ അടയാളം. നിങ്ങളല്ലോ.
3എന്നെ വിധിക്കുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാകുന്നു. 4തിന്നുവാനും കുടിക്കുവാനും ഞങ്ങൾക്ക് അധികാരമില്ലയോ? 5മറ്റ് അപ്പൊസ്തലന്മാരും, കർത്താവിന്‍റെ സഹോദരന്മാരും, കേഫാവും ചെയ്യുന്നതുപോലെ വിശ്വാസിനിയായ ഭാര്യയോടുകൂടെ സഞ്ചരിക്കുവാൻ ഞങ്ങൾക്ക് അധികാരമില്ലയോ? 6അല്ല, വേല ചെയ്യാതിരിക്കുവാൻ എനിക്കും ബർന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ? 7സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കുകയും അതിന്‍റെ ഫലം തിന്നാതിരിക്കുകയും ചെയ്യുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിക്കുകയും കൂട്ടത്തിന്‍റെ പാൽ കുടിക്കാതിരിക്കുകയും ചെയ്യുന്നവൻ ആർ? 8ഞാൻ ഇത് മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നത്? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?
9“മെതിക്കുന്ന#9:9 മെതിക്കുക എന്നാൽ ധാന്യം വേർതിരിക്കുക. കാളയ്ക്ക് മുഖക്കൊട്ട#9:9 മുഖക്കൊട്ട എന്നാൽ മൃഗങ്ങളുടെ വായും മൂക്കും കെട്ടാൻ ഉപയോഗിക്കുന്ന ഉപകരണം. കെട്ടരുത്”
എന്നു മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളയ്ക്ക് വേണ്ടിയോ ചിന്തിക്കുന്നത്? 10അല്ല, കേവലം നമുക്ക് വേണ്ടി പറയുന്നതോ? അതേ, ഉഴുന്നവൻ#9:10 ഉഴുക എന്നാൽ കൃഷിസ്ഥലം ഇളക്കിമറിക്കുക. ആശയോടെ ഉഴുകയും, മെതിക്കുന്നവൻ കൊയ്ത്തുവീതം കിട്ടും എന്നുള്ള ആശയോടെ മെതിക്കുകയും വേണ്ടതാകയാൽ നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതത്രെ. 11ഞങ്ങൾ ആത്മികമായത് നിങ്ങൾക്ക് വിതയ്ക്കുന്നു എങ്കിൽ നിങ്ങളുടെ ഭൗതികമായത് കൊയ്യുന്നത് വലിയ കാര്യമോ? 12മറ്റുള്ളവർക്ക് നിങ്ങളുടെമേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യാതൊരു തടസ്സവും വരുത്താതിരിക്കുവാൻ സകലവും സഹിക്കുന്നു.
13ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയത്തിലെ ഭക്ഷണം കഴിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? 14അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.
15എങ്കിലും എനിക്ക് അർഹതപ്പെട്ടത് ഒന്നും ഞാൻ അവകാശപ്പെട്ടില്ല; ഇങ്ങനെ എനിക്ക് കിട്ടേണം എന്നുവച്ച് ഞാൻ ഇത് എഴുതുന്നതും അല്ല; എന്തെന്നാൽ ആരെങ്കിലും എന്‍റെ പ്രശംസ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരിക്കുന്നത് തന്നെ എനിക്ക് നല്ലത്. 16ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിക്കുവാൻ ഒന്നുമില്ല. നിർബ്ബന്ധം എന്‍റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
17ഞാൻ അത് മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും, ഉത്തരവാദിത്തം എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. 18എന്നാൽ എന്‍റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നത് തന്നെ. 19ഇങ്ങനെ ഞാൻ കേവലം സ്വതന്ത്രൻ എങ്കിലും അധികംപേരെ നേടേണ്ടതിന് ഞാൻ എന്നെത്തന്നെ എല്ലാവർക്കും ദാസനാക്കി. 20യെഹൂദന്മാരെ നേടേണ്ടതിന് ഞാൻ യെഹൂദന്മാർക്ക് യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിൻ കീഴുള്ളവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണത്തിൻ കീഴുള്ളവൻ അല്ല എങ്കിലും ന്യായപ്രമാണത്തിൻ കീഴുള്ളവർക്ക് ന്യായപ്രമാണത്തിൻ കീഴുള്ളവനെപ്പോലെ ആയി. 21ദൈവത്തിന് ന്യായപ്രമാണമില്ലാത്തവൻ ആകാതെ ക്രിസ്തുവിന്‍റെ ന്യായപ്രമാണത്തിന്‍റെ കീഴുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിന് ഞാൻ ന്യായപ്രമാണമില്ലാത്തവർക്ക് ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.
22ബലഹീനന്മാരെ നേടേണ്ടതിന് ഞാൻ ബലഹീനർക്ക് ബലഹീനനായി; ഏതുവിധത്തിലും ചിലരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു. 23സുവിശേഷത്തിൽ ഒരു പങ്കാളിയാകേണ്ടതിന് ഞാൻ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു. 24ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ പ്രതിഫലം ലഭിക്കുകയുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രതിഫലം ലഭിക്കുവാനായി ഓടുവിൻ. 25ഓട്ടത്തിൽ പങ്കെടുക്കുന്നവർ എല്ലാവരും സകലത്തിലും സ്വയം നിയന്ത്രണം പാലിക്കുന്നു. അത്, അവർ വാടുന്ന കിരീടം പ്രാപിക്കേണ്ടതിനും, നാമോ വാടാത്ത കിരീടത്തിനും വേണ്ടിത്തന്നെ. 26ആകയാൽ ഞാൻ ലക്ഷ്യമില്ലാത്തവണ്ണമല്ല ഓടുന്നത്; വായുവിൽ കൈ ചുരുട്ടി ഇടിക്കുന്നതുപോലെയല്ല ഞാൻ മല്ലയുദ്ധം ചെയ്യുന്നത്. 27എന്നാൽ മറ്റുള്ളവരോട് പ്രസംഗിച്ചശേഷം ഞാൻ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ നിയന്ത്രിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 കൊരി. 9: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.