സെഖര്യാവ് 9
9
1പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്‍ടിവയ്ക്കുന്നു. 2അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിനും ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ. 3സോർ തനിക്ക് ഒരു കോട്ട പണിത്, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു. 4എന്നാൽ കർത്താവ് അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവൾ തീക്ക് ഇരയായിത്തീരുകയും ചെയ്യും. 5അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശയ്ക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികൾ ഇല്ലാതെയാകും. 6അസ്തോദിൽ ഒരു കൗലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവം ഞാൻ ഛേദിച്ചുകളയും. 7ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവൻ യെഹൂദായിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും. 8ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിനു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽക്കൂടി കടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തം കണ്ണുകൊണ്ടു കണ്ടുവല്ലോ.
9സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു. 10ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും. 11നീയോ- നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നും വിട്ടയയ്ക്കും. 12പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. 13ഞാൻ എനിക്കു യെഹൂദായെ വില്ലായി കുലച്ചും എഫ്രയീമിനെ നിറച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരേ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെ ആക്കും. 14യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവ് കാഹളം ഊതി തെക്കൻചുഴലിക്കാറ്റുകളിൽ വരും. 15സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും. 16അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്ത് ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും. 17അതിന് എത്ര ശ്രീത്വവും അതിന് എത്ര സൗന്ദര്യവും ഉണ്ട്; ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സെഖര്യാവ് 9: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.